ബസിന്റെ നിറവും അപകടവും തമ്മില്‍ എന്ത് ബന്ധം, വെള്ളയടിച്ചാല്‍ സേഫാകുമോ...


ടൂറിസ്റ്റ് ബസുകളില്‍ അമിതമായി നല്‍കിയിരുന്ന ലൈറ്റുകള്‍, ഡി.ജെ. ഫ്‌ളോറിനെ അനുസ്മരിപ്പിക്കുന്ന അകത്തളവും ശബ്ദങ്ങളുമൊക്കെ നിയമലംഘനങ്ങളാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുമ്പുതന്നെ അറിയിച്ചിട്ടുള്ളത്.

പ്രതീകാത്മക ചിത്രം | Photo: Facebook

ഴിഞ്ഞ ഒരാഴ്ചയിലേറെയായി മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ടൂറിസ്റ്റ് ബസുകള്‍ ഏകീകൃത നിറത്തിലേക്ക് മാറുന്നത്. വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് ടൂറിസ്റ്റ് ബസുകള്‍ ഏകീകൃത നിറത്തിലേക്ക് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. വെള്ള നിറത്തിനൊപ്പം വയലറ്റും മഞ്ഞയും നിറത്തിലുള്ള രണ്ട് രേഖകളുമാണ് കളര്‍ കോഡ് അനുസരിച്ച് നല്‍കേണ്ട നിറം.

ടൂറിസ്റ്റ് ബസുകളില്‍ അമിതമായി നല്‍കിയിരുന്ന ലൈറ്റുകള്‍, ഡി.ജെ. ഫ്‌ളോറിനെ അനുസ്മരിപ്പിക്കുന്ന അകത്തളവും ശബ്ദങ്ങളുമൊക്കെ നിയമലംഘനങ്ങളാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുമ്പുതന്നെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഇത് ഒഴിവാക്കാന്‍ ഒരു ബസ് ഉടമകളും മുമ്പ് തയാറായിരുന്നില്ല. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമായതോടെ ലൈറ്റുകളും ശബ്ദസന്നാഹങ്ങളും ഒഴിവാക്കുകയും വെള്ളനിറത്തിലേക്ക് മാറാന്‍ ടൂറിസ്റ്റ് ഉടമകള്‍ സമയം തേടുകയും ചെയ്തിരുന്നു.എന്നാല്‍, ടൂറിസ്റ്റ് ബസുകള്‍ ഒറ്റനിറത്തിലേക്ക് മാറുകയും ഇത് ഉറപ്പാക്കുന്നതിനായുള്ള പരിശോധന കൂടുതല്‍ ശക്തമാകുകയും ചെയ്തതോടെ ഉറപ്പാക്കേണ്ടത് റോഡ് സുരക്ഷയാണെന്ന സന്ദേശവുമായി എത്തിയിരിക്കുകയാണ് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ബസിന്റെ നിറം വെള്ളയായാല്‍ അപകടം കുറയുമോ എന്ന് ചോദിക്കുന്ന അദ്ദേഹം റോഡ് സുരക്ഷ ഉറപ്പാക്കാതെ ബസിന്റെ നിറം വെള്ളയിലേക്ക് മാറിയാലും റോഡ് കുരുതികളമായി തുടരുമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പേര് ബാലകൃഷ്ണന്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയില്‍ 'എന്താ നിന്റെ പ്രശ്‌നം' എന്ന ചോദ്യത്തിന് സായ് കുമാര്‍ നല്‍കുന്ന ഉത്തരമാണ് ' എന്റെ പേര് ബാലകൃഷ്ണന്‍' 'അതാ നിന്റെ പ്രശ്‌നം?' പാലക്കാട് ഒരു ടൂറിസ്റ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഇടിച്ച് എറെപ്പേര്‍ മരിക്കുന്നു. ബസ് അമിതവേഗതയില്‍ ആണെന്ന് പറയുന്നു. വേഗത പരിധി ലംഘിച്ചതായി ബസിലെ IVMS ബസുടമക്ക് സന്ദേശം അയച്ചതായി പറയുന്നു, ബസ് ഡ്രൈവര്‍ ഇതിന് മുന്‍പ് നിന്ന് ബസോടിക്കുന്ന വീഡിയോ വരുന്നു.

കുട്ടികളാണ് മരിച്ചത്, സമൂഹത്തിന് ഏറെ ദേഷ്യമുണ്ട്, എവിടെയോ എന്തൊക്കെയോ കുഴപ്പമുണ്ട്, എന്നാല്‍ പിന്നെ ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റിയേക്കാം. എന്റെ ബാലകൃഷ്ണാ, എന്താ ശരിക്കും നിന്റെ പ്രശ്‌നം? ഒരു വര്‍ഷത്തില്‍ നാല്പതിനായിരത്തോളം റോഡപകടങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നത്. അതില്‍ നാലായിത്തോളം ആളുകള്‍ മരിക്കുന്നു. കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ റോഡപകടത്തില്‍ മരിക്കാനുള്ള സാധ്യത ഒരു ലക്ഷത്തില്‍ പത്തിനും മുകളിലാണ്.

ഇത് റോഡ് സുരക്ഷ നന്നായി നടപ്പിലാക്കുന്ന രാജ്യങ്ങളിലേതിലും ഇരട്ടിയാണ്. അതായത് ഇന്നു ലഭ്യമായ സാങ്കേതിക വിദ്യയും നല്ല ഡ്രൈവിംഗ് സംസ്‌കാരവും ഉണ്ടെങ്കില്‍ മരണ നിരക്ക് ഇന്നത്തേതില്‍ പകുതിയാക്കാം. അതായത് ഓരോ വര്‍ഷവും രണ്ടായിരം ആളുകളുടെ ജീവന്‍ രക്ഷിക്കാം. ഒരു സര്‍ക്കാരിന്റെ കാലത്ത് പതിനായിരം ജീവന്‍! രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തില്‍ പോയത് അഞ്ഞൂറില്‍ താഴെ ജീവനാണ്. അതിന്റെ നാലിരട്ടി ഓരോ വര്‍ഷവും രക്ഷിക്കാനാവുമെന്ന്!

പക്ഷെ അതിന് ടൂറിസ്റ്റ് ബസിന്റെ കളറുമാറ്റിയാല്‍ പോരാ ബസിന്റെ കളറും അപകടവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല. ഒരു ബസിന് അപകടം ഉണ്ടാകുമ്പോള്‍ എല്ലാ ബസും കളറുമാറ്റി റോഡില്‍ ഇറങ്ങിയാല്‍ മതിയെന്ന് പറയുന്നത് കളക്ടീവ് പണിഷ്‌മെന്റ് ആണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ വെളിച്ചത്തില്‍ ആര്‍ക്കും കുതിരകയറാന്‍ വിധിക്കപ്പെട്ടവരാണ് ടൂറിസ്റ്റ് ബസുകളും ലോങ്ങ് ഡിസ്റ്റന്‍സ് സ്വകാര്യ ബസുകളും.

കോവിഡ് കാലത്ത് നടുവൊടിഞ്ഞു പോയ വ്യവസായമാണ് ടൂറിസം. അതിന്റെ ജീവനാഡിയാണ് ടൂറിസ്റ്റ് ബസുകള്‍. അതിന് ജീവന്‍ വച്ചു വരുന്ന കാലത്ത് അവരെ വീണ്ടും ബുദ്ധിമുട്ടിക്കരുത്. റോഡപകടങ്ങള്‍ കുറക്കണം. റോഡ് കുരുതിക്കളമാക്കരുത്. ഇതിന് ചെയ്യേണ്ട അനവധി കാര്യങ്ങള്‍ ഉണ്ട്' ഇതൊക്കെ സര്‍ക്കാര്‍ നിയമങ്ങളിലും സുപ്രീം കോടതി നിയമിച്ച കമ്മിറ്റി നിര്‍ദ്ദേശങ്ങളിലും ഉണ്ട്. പോരാത്തതിന് അന്തര്‍ദേശീയമായ നല്ല പാഠങ്ങള്‍ ഉണ്ട്.

പല പ്രാവശ്യം ഞാന്‍ തന്നെ എഴുതിയിട്ടുണ്ട്. സുരക്ഷയുടെ പാഠങ്ങള്‍ എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഇനിയും ആരെങ്കിലും ശ്രദ്ധിക്കുമെങ്കില്‍ വീണ്ടും പറയാം, എഴുതാം. അതൊക്കെ നടപ്പിലാക്കിയാല്‍ മതി. അടുത്ത അഞ്ചു വര്‍ഷത്തിനകം മരണം പകുതിയാകും ഇല്ലെങ്കില്‍ ബസിന്റെ കളറുമാറിയാലും റോഡ് കുരുതിക്കളമായി തുടരും.

Content Highlights: Muralee Thummarukudy facebook post on road accidents and tourist bus colour code in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented