നാഗ്പുർ-മുംബൈ എക്‌സ്പ്രസ്‌വേ | Photo: Facebook/Narendra Modi
മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയുടെ പണി പൂര്‍ത്തിയായാല്‍ നാഗ്പുരില്‍നിന്ന് മുംബൈയിലേക്കെത്താന്‍ എട്ടുമണിക്കൂറേ വേണ്ടിവരികയുള്ളൂ. നിലവില്‍ 16 മണിക്കൂറിലധികം എടുക്കുന്നുണ്ട്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്രാ സമൃദ്ധി മഹാമാര്‍ഗ് എന്ന പേരിലാണ് ഈ എക്‌സ്പ്രസ് വേ അറിയപ്പെടുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തുറന്നുകൊടുത്തത്.
നാഗ്പുരില്‍നിന്ന് ശിര്‍ദിവരെയുള്ള 520 കിലോമീറ്റര്‍. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഇതിലൂടെ വാഹനമോടിച്ച് പരിശോധന നടത്തിയിരുന്നു. ശിവസേനാ, ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആണ് 701 കിലോമീറ്റര്‍ ദൂരമുള്ള എക്‌സ്പ്രസ് വേയുടെ പ്രഖ്യാപനം നടത്തിയത്. മുംബൈയില്‍നിന്ന് താനെ, നാസിക്, അഹമ്മദ്നഗര്‍, ജല്‍ന, ഔറംഗാബാദ്, ബുര്‍ധാന, വാഷിം, അമരാവതി, വാര്‍ധ വഴിയാണ് ഇത് നാഗ്പുരിലെത്തുന്നത്.

ജവാഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റുമായും ഇത് ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്തെ മറ്റു പട്ടണങ്ങളുമായും ഈ പാത ബന്ധപ്പെടുത്തും. വ്യവസായ മേഖലകളുമായും ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴിവഴിയും ഈ എക്‌സ്പ്രസ് വേ ബന്ധിപ്പിക്കും. ചന്ദ്രാപുര്‍, ഭണ്ഡാര, ഗോണ്ടിയ, ഗാഡ്ചിരോളി, യവത്മല്‍, അകോള, ഹിംഗോളി, പര്‍ഭനി, നാന്ദഡ്, ബീഡ്, ധുലെ, ജല്‍ഗാവ്, പാല്‍ഘര്‍, റായ്ഗഡ് ജില്ലകളില്‍നിന്നും എക്‌സ്പ്രസ് വേയിലേക്ക് പ്രധാന ലിങ്കിങ് റോഡുകളുമുണ്ട്. ചുരുക്കത്തില്‍ സംസ്ഥാനത്തെ 24 ജില്ലകളുമായി എക്‌സ്പ്രസ് വേ ബന്ധപ്പെട്ടു കിടക്കും.

120 മീറ്റര്‍ വീതിയിലാണ് എക്‌സ്പ്രസ് വേ പണിതിരിക്കുന്നത്. മധ്യത്തില്‍ 22.5 മീറ്റര്‍ വീതിയില്‍ ഡിവൈഡറും ഉണ്ടാകും. ഇവിടെ പൂന്തോട്ടങ്ങളും മറ്റും വെച്ചുപിടിപ്പിക്കും. ഇരു ഭാഗത്തും നാലുവരികള്‍വീതം വാഹനങ്ങള്‍ക്കായി ആകെ എട്ടു ലൈനുകളുണ്ടാകും. ഭാവിയില്‍ ലൈനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സൗകര്യവും നിലനിര്‍ത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇരു ഭാഗത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. 50-തിലധികം മേല്‍പ്പാതകള്‍, അഞ്ച് തുരങ്കങ്ങള്‍, വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കുമായി 700- ഓളം അണ്ടര്‍പാസുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

2019-ല്‍ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയുടെ പണിയാരംഭിച്ചത്. 2015-ല്‍ ഈ പദ്ധതി പ്രഖ്യാപിച്ചശേഷം രണ്ടുവര്‍ഷത്തിന് ശേഷമാണ് സ്ഥലമെടുപ്പ് തുടങ്ങിയത്. 55,000 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ 28,000 കോടി രൂപ എം.എസ്.ആര്‍.ഡി.സി. കടമെടുത്തു. മണിക്കൂറില്‍ 100 മുതല്‍ 120 കിലോ മീറ്റര്‍ ആണ് ഈ പാതയിലെ പരമാവധിവേഗത. ഓരോവാഹനത്തിനും ഇത് വ്യത്യസ്ഥമായിരിക്കും. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവ ഇതിലൂടെ കടത്തിവിടില്ല.
Content Highlights: mumbai-nagpur expressway inaugurated by PM Modi, 520 kilometer express highway
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..