സുഹൃത്തിന്റെ ഭാര്യ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ അഭാവത്തെ തുടര്‍ന്ന് മരിച്ചതിന്റെ വിഷമത്തില്‍ സ്വന്തം വാഹനം വിറ്റ് ആശുപത്രിക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി യുവാവ്. കോവിഡ് മഹാമാരി ശക്തമായിരിക്കുന്ന മുംബൈയിലാണ് ഷാനവാസ് ഷെയ്ക്ക് എന്നയാള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കിയത്.

തന്റെ എസ്.യു.വി. വിറ്റുകിട്ടിയ പണം കൊണ്ട് 250 ഓക്സിജന്‍ സിലിന്‍ഡറുകള്‍ വാങ്ങിയാണ് ഷാനവാസ് കോവിഡ് രോഗ ബാധിതര്‍ക്കായി നല്കിയത്. മുംബൈയിലെ മലാഡിലാണ് വ്യവസായിയായ ഷാനവാസ് താമസിക്കുന്നത്. 

മേയ് 28-ന് ബിസിനസ് പങ്കാളിയുടെ ഭാര്യ കോവിഡ് വന്ന് മരിച്ചതാണ് ഷാനവാസിന്റെ മനസ്സിനെ പിടിച്ചുലച്ചത്. അവര്‍ മരിക്കുമ്പോള്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഒരു ആശുപത്രിക്ക് പുറത്ത് വെച്ചായിരുന്നു അവരുടെ അന്ത്യം. ഇവിടെ പ്രവേശനം കാത്ത് ഒട്ടോറിക്ഷയില്‍ അവശയായി കിടക്കുകയായിരുന്നു അവര്‍. അഞ്ച് ആശുപത്രികള്‍ അവരെ കയ്യൊഴിഞ്ഞിരുന്നു. ചില ആശുപത്രികളില്‍ കിടക്കകളില്ലായിരുന്നു. ചിലയിടത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലായിരുന്നു.

സമയത്ത് ഓക്സിജന്‍ ലഭിച്ചിരുന്നുവെങ്കില്‍ അവര്‍ മരിക്കില്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് മനസ്സിനെ അലട്ടിയതായും വാഹനം വിറ്റ് കിട്ടുന്ന പണം കൊണ്ട് ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷാനവാസ് പറഞ്ഞു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് സിലിണ്ടറുകള്‍ നല്‍കുകയാണ് അദ്ദേഹം.

Content Highlights: Mumbai Based Businessman Sells His SUV To Buy Oxygen Cylinder For Covid Patients