'സ്വന്തം മകനെ കൊല്ലാന്‍ നോക്കുമോ? പോലീസ് പിടിച്ചെടുത്ത ബൈക്കിനായി കരഞ്ഞ് കാത്തിരിക്കുകയാണ് അവന്‍'


ഇ. ജിതേഷ്

ആറു വയസ്സുകാരനായ മകന്റെ കഴിവ് പ്രോത്സാഹിപ്പിക്കുകയാണോ അതോ തല്ലിക്കെടുത്തുകയാണോ വേണ്ടതെന്നും ഷാനവാസ് ചോദിക്കുന്നു.

സെയീം

റു വയസ്സ് മാത്രമാണ് സെയീമിന്റെ പ്രായം. വലിയ ബൈക്ക് റൈഡര്‍ ആകണമെന്നാണ് ആഗ്രഹം. ആ ലക്ഷ്യത്തിലേക്കെത്താന്‍ ചെറുപ്രായത്തില്‍ തന്നെ റെയ്‌സിങ് ട്രാക്കിലേക്കിറങ്ങി. എന്നാല്‍ കേരളത്തില്‍ നടക്കാനിരുന്ന തന്റെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് തന്നെ സെയീമിന്റെ സാഹസികതയ്ക്ക് അധികൃതര്‍ ബ്രേക്കിട്ടു. മഡ് റെയ്‌സ് പരിശീലനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കുട്ടിയുടെ അച്ഛനായ തൃശ്ശൂര്‍ സ്വദേശി ഷാനവാസ് അഹമ്മദിനെതിരേ പോലീസ് കേസെടുത്തതോടെ മത്സരം പ്രതിസന്ധിയിലായി. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം സെയീമിന്റെ ടോയ് ബൈക്ക് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ബൈക്ക് നഷ്ടപ്പെട്ടതോടെ മകന്‍ വലിയ സങ്കടത്തിലാണെന്നും ബൈക്ക് തിരികെ കിട്ടാനായി അവന്‍ കരഞ്ഞ് കാത്തിരിക്കുകയാണെന്നും ഷാനവാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ടോയ് ബൈക്കിന് രജിസ്‌ട്രേഷന്‍ ആവശ്യമാണെന്ന കാര്യം അറിയില്ലായിരുന്നു. ബൈക്ക് ഓടിക്കുന്നത് സ്വകാര്യ സ്ഥലത്തായതിനാല്‍ അതില്‍ നിയമലംഘനം ഇല്ലെന്നാണ് കരുതിയത്. ചെയ്തത് തെറ്റാണെങ്കില്‍ അതു സമ്മതിക്കാന്‍ തയ്യാറാണെന്നും ഷാനവാസ് പറഞ്ഞു.

വലിയ റൈഡര്‍ ആകണമെന്നാണ് മകന്റെ ആഗ്രഹം. എന്നാല്‍ താന്‍ കുട്ടിയെ നിര്‍ബന്ധിച്ച് ബൈക്ക് ഓടിപ്പിച്ച പോലെയാണ് പോലീസുകാരുടെ സംസാരം. കുട്ടിയെവച്ച് ഇങ്ങനെയെല്ലാം ചെയ്യാമോ, തലയ്ക്ക് ഭ്രാന്തുണ്ടോ എന്നെല്ലാമാണ് അവര്‍ ചോദിച്ചത്. എനിക്ക് ആകെ ഒരു മകനേയുള്ളു. സ്വന്തം മോനെ ഞാന്‍ കൊല്ലാന്‍ നോക്കില്ലല്ലോ എന്നുമാത്രമാണ് അതിനെല്ലാം മറുപടി പറയാനുള്ളത്.

മകനെക്കൊണ്ട് സാഹസികത ചെയ്യിപ്പിച്ചു, അവന് എന്തെങ്കിലും പറ്റിയാല്‍ ആര് ഉത്തരം പറയുമെന്നാണ് മറ്റുചിലര്‍ ചോദിക്കുന്നത്. സ്പോര്‍ട്‌സ് എന്നുപറയുന്നത് സാഹസികത തന്നെയാണ്. എല്ലാ കായിക ഇനങ്ങളിലും അപകടമുണ്ട്. അച്ഛനെന്ന നിലയില്‍ സ്വന്തം മകനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുകയാണോ അതോ തല്ലിക്കെടുത്തുകയാണോ വേണ്ടതെന്നും ഷാനവാസ് ചോദിക്കുന്നു.

'ദുബായിലും അമേരിക്കയിലുമെല്ലാം മൂന്നും നാലും വയസ്സുള്ള കുട്ടികള്‍ വരെ ഇത്തരം റേസിങ് ബൈക്കുകള്‍ ഓടിക്കുന്നുണ്ട്. ഇക്കാര്യം പോലീസുകാരോട് പറഞ്ഞപ്പോള്‍ കേരളത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ലെന്നാണ് അവര്‍ മറുപടി പറഞ്ഞത്. കേരളത്തിലായാലും അമേരിക്കയിലായാലും ദുബായിയിലായാലും ജീവന്‍ ഒന്നുതന്നെയല്ലേ. മൈക്കില്‍ ഷൂമാക്കര്‍ നാലാം വയസ്സിലാണ് കാറോടിച്ച് പരിശീലനം തുടങ്ങിയത്. പ്രായപൂര്‍ത്തിയായ ശേഷമല്ല ഷുമാക്കര്‍ ചാമ്പ്യനായത്. ആറാം വയസ്സില്‍ ആദ്യ പോഡിയം അടിച്ച ആളാണ് അദ്ദേഹം' ഷാനവാസ് പറഞ്ഞു.

സംഭവങ്ങളുടെ തുടക്കം

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്‌സിങ് പരിശീലനത്തിലാണ് കുട്ടി പങ്കെടുത്തത്. പരിശീലനം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് പോലീസെത്തി റെയ്‌സിങ് തടഞ്ഞതും നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചതും. മുതിര്‍ന്നവര്‍ക്കൊപ്പം കുഞ്ഞന്‍ ബൈക്കില്‍ കുതിച്ചുപായുന്ന സെയീമിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സെയീം ബൈക്ക് റെയ്‌സിങ്ങിനിടെ

സംഭവത്തില്‍ അപകടകരമായ രീതിയില്‍ മുതിര്‍ന്നവരോടൊപ്പം ബൈക്ക് റേസിങ് നടത്തിയതിന്റെ പേരിലാണ് കുട്ടിയുടെ അച്ഛനെതിരേ പാലക്കാട് ടൗണ്‍ പോലീസ് കേസെടുത്തത്. ഇതോടെ ഈ മാസം 16, 17 തീയതികളിലായി ഇതേ മൈതാനത്ത് നടക്കാനിരുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള വഴിയും അടഞ്ഞു. വ്യാഴാഴ്ച പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷാനവാസിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും കുട്ടി ഓടിച്ച ടോയ് ബൈക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബൈക്ക് പരിശോധനയ്ക്ക് അയച്ചു

പൊതുസുരക്ഷയ്ക്കും കുട്ടിയുടെ സുരക്ഷയ്ക്കും വീഴ്ച വരുത്തുന്ന രീതിയില്‍ മുതിര്‍ന്നവരോടൊപ്പം ബൈക്ക് റെയ്‌സിങ്‌ നടത്തിയതിനാണ് കേസെടുത്തതെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ബൈക്ക് തിരിച്ചുനല്‍കുമെന്നും പാലക്കാട് ടൗണ്‍ സ്റ്റേഷനിലെ പോലീസ് ഓഫീസറായ ഗോപിനാഥ് പറഞ്ഞു. 49 സിസിയിലുള്ള ടോയ് ബൈക്കാണിതെന്നാണ് കുട്ടിയുടെ പിതാവ് അവകാശപ്പെടുന്നത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കു. മോട്ടോര്‍ വാഹന നിയമപ്രകാരം 25 സിസി മുകളിലുള്ള വാഹനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന്‍ ആവശ്യമാണ്. എന്നാല്‍ ഈ വണ്ടിക്ക് രജിസ്ട്രേഷനോ നമ്പര്‍ പ്ലേറ്റോ ഇല്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാനാണ് ബൈക്ക് പരിശോധനയ്ക്ക് അയച്ചതെന്നും പോലീസ് വ്യക്തമാക്കി.

കേസെടുത്ത പോലീസ് നടപടിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാന്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകില്ലെന്നും വിമര്‍ശനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളോട് പോലീസ് പ്രതികരിച്ചു. മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴ അവര്‍ കോടതിയില്‍ കെട്ടേണ്ടിവരുമെന്നും പോലീസ് വ്യക്തമാക്കി.

ആദ്യ റേസ്.കോയമ്പത്തൂരില്‍

റേസിങ്ങില്‍ ബൈക്ക് ഓടിക്കാനുള്ള നല്ല കഴിവ് മകനുണ്ട്. രണ്ടാഴ്ച മുമ്പ് കോയമ്പത്തൂരിലായിരുന്നു അവന്റെ ആദ്യ റേസ്. അതില്‍ സമ്മാനം ലഭിക്കുകയും ചെയ്തു. കേരളത്തിലെ ആദ്യ റെയ്‌സിങ് ആണ് അടുത്ത ആഴ്ച നടക്കേണ്ടിയിരുന്നത്. പ്രശ്‌നങ്ങള്‍ കാരണം അതെല്ലാം ഇല്ലാതായി. ബൈക്ക് റെയ്‌സിങില്‍ ധാരാളം ദേശീയ ചാമ്പ്യന്‍മാരുള്ള നാടാണ് കേരളം. പോലീസില്‍ വരെ ബൈക്ക് റെയ്‌സര്‍മാരുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ബൈക്ക് റെയ്‌സിന് ഇവിടെ യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നും ഷാനവാസ് പറഞ്ഞു.

സെയിം

റെയ്‌സിങ് ട്രാക്കില്‍ മാത്രമേ ടോയ് ബൈക്ക് ഉപയോഗിക്കാറുള്ളു. ജാക്കറ്റ്, ബുട്ട്, ഹെല്‍മറ്റ് തുടങ്ങി എല്ലാ റൈഡിങ് ഗിയറും അണിഞ്ഞാണ് പരിശീലനം പോലും. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഇന്നേവരെ മകന്‍ ബൈക്ക് ഉപയോഗിച്ചിട്ടില്ല. ഇസുസു വി-ക്രോസ് വണ്ടിയുടെ പിന്നില്‍ ടോ ചെയ്താണ് മത്സരവേദികളിലേക്ക് ബൈക്ക് കൊണ്ടുപോകാറുള്ളത്. ഇതിനുമുമ്പും പല കുട്ടികളും കേരളത്തില്‍ ഇത്തരം റെയ്‌സിങില്‍ പങ്കെടുത്തിട്ടുണ്ട്. അവയുടെയെല്ലാം വീഡിയോ യൂട്യൂബിലുണ്ട്. എന്നാല്‍ അതിനെതിരേയൊന്നും നടപടി കണ്ടിട്ടില്ലെന്നും ഷാനവാസ് പറഞ്ഞു.

'മകന്റെ ആഗ്രഹങ്ങള്‍ നിറവേറ്റണം. ദേശീയ തലങ്ങളിലെ ബൈക്ക് റെയ്‌സിങില്‍ പങ്കെടുക്കാന്‍ ആരുടെ കൈയില്‍ നിന്നാണ് ഇനി അനുമതി വാങ്ങേണ്ടത്. പോലീസിനോ മോട്ടോര്‍ വാഹന വകുപ്പിനോ അതിനുള്ള അധികാരമുണ്ടോ? അതോ മന്ത്രിമാരില്‍ നിന്ന് അനുമതി വാങ്ങണോ. അതല്ലെങ്കില്‍ അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കണോ? ഈ ചോദ്യത്തിന് ആരുടെ കൈയിലും ഉത്തരമില്ല. അനുമതി വേണമെന്നാണ് പറയുന്നതെങ്കില്‍ ആ അനുമതി എവിടെനിന്നാണ് ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കണം' ഷാനവാസ് പറഞ്ഞു.

ചെറുപ്പം മുതലേ റെയ്‌സിന് പിന്നാലെ

ബൈക്ക് റേസില്‍ താത്പര്യമുണ്ടായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് സെയീം ട്രാക്കിലേക്കെത്തിയത്. പെട്രോള്‍ പമ്പ് ഉടമയായ അച്ഛനൊപ്പം നാട്ടിലെ റേസിങ് ടീമിന്റെ പരിശീലനമെല്ലാം കണ്ടാണ് അവന്‍ വളര്‍ന്നത്. നന്നേ ചെറുപ്പത്തില്‍ സൈക്കിളിലായിരുന്നു അഭ്യാസമെല്ലാം. പിന്നീട് അച്ഛന്‍ വാങ്ങിനല്‍കിയ 50 സിസി ടോയ് ബൈക്കിലേക്ക് ചുവടുമാറി. ഇതിനുശേഷം വാങ്ങിയ രണ്ടാമത്തെ ടോയ് ബൈക്കാണ് ഇപ്പോള്‍ പോലീസ് പിടിച്ചെടുത്തത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ബോംബെയില്‍ നിന്ന് വരുത്തിച്ച ടോയ് ബൈക്കാണിത്. 60,000-70,000 രൂപയ്ക്ക് ഇടയിലാണ് വില.

അനുമതി കിട്ടാന്‍ പ്രയാസം കേരളത്തില്‍

രാജ്യത്തെ മറ്റുസംസ്ഥാനങ്ങളിലെല്ലാം മോട്ടോര്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം മത്സരങ്ങള്‍ നടത്താമെന്ന് ചാമ്പ്യന്‍ഷിപ്പ് അധികൃതര്‍ നിര്‍ദേശിക്കാറില്ല. കേരളത്തില്‍ സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് റെയ്‌സിങിനുള്ള അനുമതിയും മറ്റും ലഭിക്കാനുള്ള പ്രായസമാണ് ഇതിന് കാരണമെന്നും മോട്ടോര്‍ സ്‌പോര്‍ട്‌സ് റൈഡേര്‍സ് അസോസിയേഷന്‍ സെക്രട്ടറി പ്രവിത്ത് പറഞ്ഞു.

49 സിസിക്ക് താഴെയുള്ള വണ്ടികള്‍ സാധാരണായായി രജിസ്റ്റര്‍ ചെയ്യാറില്ല. പൊതുസ്ഥലത്തോ റോഡുകളിലോ ഇത്തരം ടോയ് ബൈക്കുകള്‍ ഉപയോഗിക്കാത്തതിനാല്‍ ഈ ബൈക്കുകള്‍ക്ക് രജിസ്ട്രേഷന്‍ എടുക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല. എവിടെയാണോ റെയ്‌സിങ് നടക്കുന്നത് അവിടേക്ക് വലിയ വാഹനങ്ങളില്‍ ബൈക്ക് ടോ ചെയ്ത് കൊണ്ടുപോകാറാണ് പതിവെന്നും പ്രവിത്ത് പറഞ്ഞു.

Content Highlights: police seize six year old boy's toy bike, criticism on social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented