വീട്ടില്‍ മൊബൈല്‍റേഞ്ച് കിട്ടാത്തതിനാല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കാറുമായി റോഡില്‍ ഇറങ്ങിയ അധ്യാപകന്‍ രാത്രിയില്‍ പെരുവഴിയില്‍ കുടുങ്ങി. യോഗത്തിന്റെ തിരക്കില്‍ ഹെഡ് ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്നതിനെ തുടര്‍ന്ന് ബാറ്ററി ചാര്‍ജ്ജ് തീര്‍ന്ന് റോഡില്‍ അകപ്പെട്ട അധ്യാപകന്റെ കാര്‍ നന്നാക്കിയത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്നു.

മോട്ടോര്‍വാഹന വകുപ്പിന് നന്ദി പറഞ്ഞുകൊണ്ട് അധ്യാപകന്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് സംഭവം പുറത്തറിയിച്ചത്. മലപ്പുറം വേങ്ങര ജി.വി.എച്ച്.എസ്.എസിലെ അധ്യാപകന്‍ ജാബീര്‍ പരവത്താണ് രാത്രി വഴിയില്‍ കുടുങ്ങിയത്. നൂറാടി പാലത്തിന് സമീപത്തുള്ള പാലത്തിന് മുകളിലാണ് ജാബീര്‍ മൊബൈല്‍ റേഞ്ച് കണ്ടെത്തിയത്. 

ഓണ്‍ലൈന്‍ യോഗം കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബാറ്ററി ചാര്‍ജ്ജ് പൂര്‍ണമായും നഷ്ടമായ കാര്യം അറിയുന്നത്. സുഹൃത്തുക്കളായ കെ.എം. ബാബുവിനെയും കല്ലായി ഷുക്കൂറിനെയും വിളിച്ചുവരുത്തി. കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

മറ്റൊരു കാറില്‍ നിന്നും കേബിള്‍ ഘടിപ്പിച്ച് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബാറ്ററി മാറ്റി മറ്റൊരെണ്ണം വച്ച് സ്റ്റാര്‍ട്ട് ചെയ്യാനായി ശ്രമം. ഇതിനിടെയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ മലപ്പുറം എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അതുവഴി വന്നത്.

രണ്ടുകാറുകള്‍ പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടാണ് ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്. കാര്‍ കേടാണെന്ന് കണ്ടതോടെ ഉദ്യോഗസ്ഥര്‍ മേസ്തിരിമാരായി. ബാറ്ററി മാറ്റിവച്ച് കാര്‍ സ്റ്റാര്‍ട്ടാക്കി നല്‍കി. ആവശ്യപ്പെടാതെയാണ് ഉദ്യോഗസ്ഥര്‍ സഹായിച്ചതെന്ന് ജാബിറിന്റെ കുറിപ്പില്‍ പറയുന്നു. 

കോട്ടയ്ക്കല്‍ എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍മാരായ ജയപ്രകാശ്, ഷാജിവര്‍ഗീസ്, അസി. ഇന്‍സ്പെക്ടര്‍ സയ്യിദ് മുഹമ്മദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ജാബിര്‍ എഴുതിയ കുറിപ്പ് മോട്ടോര്‍വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്.

Content Highlights: Motor Vehicle Inspectors Help School Teachers To Repair His Car