മോട്ടോർ വാഹനവകുപ്പ് പുറത്തുവിട്ട് വീഡിയോയിലെ ബൈക്ക് | Photo: Screen Grab
വര്‍ക്ഷോപ്പില്‍ ഇരുന്ന ബൈക്കിന് മോട്ടോര്‍വാഹനവകുപ്പ് പിഴ ചുമത്തിയെന്ന പരാതിയുമായി വാഹന ഉടമ. വാഹനം റോഡില്‍ ഇറങ്ങിയതിന്റെ തെളിവുമായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതോടെ ഉടമയുടെ വ്യാജപരാതി പൊളിഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം.
വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി വെച്ചിരുന്ന ബൈക്കിന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അനധികൃതമായി 7250 രൂപ പിഴ ചുമത്തിയെന്ന ആരോപണവുമായി മല്ലപ്പള്ളി സ്വദേശി നിരഞ്ജന്‍ ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു. അറ്റകുറ്റപ്പണിക്കുവേണ്ടി പിറകുവശത്തെ മഗ്ഡാര്‍ഡും സാരിഗാര്‍ഡും റിയര്‍വ്യൂ മിററുകളും ഇളക്കിയിരുന്നെന്നും വര്‍ക്ഷോപ്പില്‍ കയറിയാണ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയതെന്നുമായിരുന്നു പരാതി.
വര്‍ക്ഷോപ്പില്‍ ഇരിക്കുന്ന ബൈക്കിന്റെ ചിത്രവും പിഴ നോട്ടീസും ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 26-ന് മല്ലപ്പള്ളിയില്‍നടന്ന വാഹനപരിശോധനയ്ക്കിടെയാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയവിധത്തില്‍ ആഡംബരബൈക്ക് മല്ലപ്പള്ളി ജോ. ആര്‍.ടി. ഓഫീസിലെ അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് പിടികൂടിയത്.
വര്‍ക്ഷോപ്പില്‍ എന്ന് ഉടമ അവകാശപ്പെടുന്ന ബൈക്ക് മാറ്റങ്ങളോടെ റോഡിലെത്തിയ ചിത്രവും ഉദ്യോഗസ്ഥര്‍ പകര്‍ത്തിയിരുന്നു. പിറകെവരുന്നവരുടെ ദേഹത്ത് ടയറില്‍നിന്നുള്ള ചെളിയും വെള്ളവും തെറിക്കാന്‍ പാകത്തിലാണ് മഗ്ഡാര്‍ഡ് നീക്കം ചെയ്തിരുന്നത്.
ബൈക്ക് റോഡില്‍ ഇറക്കിയിട്ടില്ലെന്നായിരുന്നു ഉടമയുടെ വാദം. ഇതിനുവേണ്ടി പിടിക്കപ്പെട്ടതിനുശേഷം വര്‍ക്ഷോപ്പില്‍ കയറ്റിവെച്ച് വീഡിയോ ചിത്രീകരിച്ചു. ഇത് പൊളിഞ്ഞതോടെ വാഹനഉടമയ്‌ക്കെതിരേ മോട്ടോര്‍വാഹനവകുപ്പിനെയും ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചതിന് പോലീസില്‍ പരാതിനല്‍കി.
Content Highlights: Motor Vehicle Department React Against Fake Compliant About Penalty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..