ശാന്തമായി വാഹനങ്ങള്‍ നീങ്ങുമ്പോള്‍ പെട്ടെന്നായിരിക്കും കാതടപ്പിക്കുന്ന ഇരമ്പല്‍ കേള്‍ക്കുന്നത്, എവിടെ നിന്നാണെന്നും എന്താണെന്നും മനസ്സിലാക്കും മുമ്പേ ആ ശബ്ദം തൊട്ടരികിലൂടെ വളഞ്ഞും പുളഞ്ഞും മുന്നോട്ടു കുതിച്ചിട്ടുണ്ടാകും. പറഞ്ഞുവരുന്നത് 'ഫ്രീക്കന്‍മാരു'ടെ റോഡ് ഷോയെ കുറിച്ചാണ്. 

ലക്ഷങ്ങള്‍ വില വരുന്ന ബൈക്കുകള്‍ രൂപമാറ്റം വരുത്തിയും മറ്റു വാഹനങ്ങളിലുള്ളവര്‍ക്കു ശല്യവും ഉപദ്രവവും അപകടവുമുണ്ടാക്കും വിധം വണ്ടിയോടിച്ചും ആളാകാന്‍ നോക്കുന്നവര്‍ക്കൊരു മുന്നറിയിപ്പ്, മോട്ടോര്‍ വാഹന വകുപ്പിന്റെ 'ഓപ്പറേഷന്‍ റാഷ്' പിന്നാലെയുണ്ട്.

അപകടകരമാംവിധം അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെയും മത്സര ഓട്ടം നടത്തുന്നവരെയുമെല്ലാം പിടികൂടാന്‍ കൊച്ചിയില്‍ പരിശോധന മുന്നേറുകയാണ്. എറണാകുളം ആര്‍.ടി. ഓഫീസും വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ടീമും ചേര്‍ന്നാരംഭിച്ച ഓപ്പറേഷനില്‍ ഇതുവരെ പിടിയിലായത് 200-ലേറെ പേര്‍.

കൊച്ചിയിലെ യൂത്തന്‍മാര്‍ക്കിടയില്‍ ബൈക്ക് സ്റ്റണ്ടിങും മത്സരയോട്ടവും നടത്തുന്നതും ഇവ ബി.ജി.എം. ഇട്ട് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്നതും കൂടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നിന്നാണ് അധികൃതര്‍ ഇവരെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നത്. ചെറായിയിലെ 19-കാരനെ പോലീസ് പൊക്കിയത് വൈറലാവാന്‍ വേണ്ടി ഹെല്‍മെറ്റും മാസ്‌കും എന്തിന് ഷര്‍ട്ട് പോലുമില്ലാതെ ബൈക്കോടിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനു പിന്നാലെയാണ്.

റാഷ് ഡ്രൈവിങ് മാത്രമല്ല, ലക്ഷങ്ങള്‍ വില കൊടുത്തു വാങ്ങുന്ന ബൈക്കില്‍ 20,000 മുതല്‍ 50,000 രൂപ വരെ മുടക്കി അനധികൃത രൂപമാറ്റം വരുത്തുന്നവര്‍ക്കും പണി റോഡില്‍ കിട്ടും. ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് ഹൈവേ, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, ദേശീയപാത, കളമശ്ശേരി, ഗോശ്രീ ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന ഊര്‍ജിതം.

ദുരന്തമാകുന്ന രൂപമാറ്റങ്ങള്‍

ബൈക്കില്‍ എക്‌സ്ട്രാ ക്രാഷ് ഗാര്‍ഡുകള്‍, വീതിയുള്ള ടയര്‍ ഘടിപ്പിക്കല്‍, സൈലന്‍സര്‍ മാറ്റല്‍, റിയര്‍വ്യൂ കണ്ണാടികള്‍ നീക്കം ചെയ്യല്‍, മറ്റു വാഹനങ്ങളില്‍ എക്‌സ്ട്രാ ബംപറുകള്‍, മുന്നിലെയും പിറകിലെയും ഗ്ലാസുകളിലെ ഫിലിമുകള്‍, ബോഡിയിലെ ഗ്രാഫിക്‌സ്, മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന ചിത്രങ്ങള്‍, സ്റ്റിക്കറുകള്‍, തള്ളി നില്‍ക്കുന്ന തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍, സൈറനുകള്‍ തുടങ്ങിയവയാണ് ഇതുവരെ ശ്രദ്ധയില്‍പ്പെട്ട രൂപമാറ്റങ്ങള്‍.

അപകടം നടന്നാല്‍ ബൈക്കിലെ ക്രാഷ് ഗാര്‍ഡുകള്‍ യാത്രക്കാരനു കൂടുതല്‍ പരിക്കേല്‍ക്കാനാണ് ഇടയാക്കുക. വീതിയുള്ള ടയര്‍ സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നു തോന്നാം. എന്നാല്‍, വളവുകളില്‍ ബൈക്ക് മറിയാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു, എന്‍ജിനെയും മോശമായി ബാധിക്കും. ബൈക്കുകളിലെ റിയര്‍വ്യൂ ഗ്ലാസുകള്‍ നീക്കം ചെയ്യുന്നതും കാറുകളിലും മറ്റു വാഹനങ്ങളിലും ഗ്ലാസുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നതും സുരക്ഷയെ ബാധിക്കും. ബൈക്കുകളില്‍ പിന്‍സീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടി, സാരി ഗാര്‍ഡ് എന്നിവ നീക്കം ചെയ്യുന്നതും വലിയ അപകടങ്ങള്‍ക്കിടയാക്കുന്നു.

പണി വരുന്നതിങ്ങനെ

അടുത്തിടെ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്നുണ്ടായ പുകിലെല്ലാം വാര്‍ത്തകളിലൂടെ നാം അറിഞ്ഞതാണ്. രൂപമാറ്റത്തിന് വലിയ പിഴ നല്‍കേണ്ടി വരും. ഓരോ മാറ്റത്തിനും 5000 രൂപയാണു പിഴ. വാഹനത്തിന്റെ ബോഡിയില്‍നിന്നു പുറത്തേക്കു തള്ളിനില്‍ക്കുന്ന എന്തു ഘടിപ്പിച്ചാലും 20,000 രൂപ പിഴയടയ്ക്കണം. ഇതു ബൈക്കുകള്‍ക്കും ബാധകമാണ്. തുക അടയ്ക്കുകയും മാറ്റങ്ങളെല്ലാം നീക്കി, വാഹനം പഴയപടിയാക്കുകയും വേണം.

നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ നോട്ടീസ് നല്‍കും. നിശ്ചിത കാലാവധിക്കു ശേഷവും പിഴയടച്ചിട്ടില്ലെങ്കില്‍ വാഹനം കസ്റ്റഡിയിലെടുക്കും. മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വാഹനത്തില്‍ മാറ്റം വരുത്തിയാല്‍ പിഴയ്ക്കു പുറമെ, വാഹനത്തിന്റെ രജിസ്ട്രേഷന്‍ തന്നെ റദ്ദാക്കാം.

Content Highlights: Motor Vehicle Department Operation Rash To Prevent Rash Driving And Modification