ഏകദേശം എണ്‍പതു വര്‍ഷം മുമ്പായിരുന്നു ആ സംഭവം. അന്ന് ഉച്ചഭാഷിണി ഘടിപ്പിച്ച വലിയ മോട്ടോര്‍ വാഹനവും അതിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന സ്‌ക്രീനില്‍ തെളിയുന്ന ചലിക്കുന്ന ചിത്രവും ജനങ്ങള്‍ക്ക് കൗതുകക്കാഴ്ചയായിരുന്നു. അനന്തപുരിയിലെ പ്രധാന സ്ഥലങ്ങളിലും തിരുവിതാംകൂറിന്റെ മറ്റു പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിച്ച ഈ പ്രചാരണവാഹനം കാണാന്‍ ആളുകള്‍ തടിച്ചുകൂടി.
ഇന്ന് കൊറോണ എന്ന മഹാമാരിക്കെതിരേ നടത്തുന്ന പ്രചാരണം പോലെ, പകര്‍ച്ചവ്യാധികള്‍ക്കെതിരേ തിരുവിതാംകൂര്‍ പബ്ലിക് ഹെല്‍ത്ത് വകുപ്പ് 1940-കളില്‍ രംഗത്തിറക്കിയ പ്രചാരണവാഹനമായിരുന്നു അത്.
കോളറ, വസൂരി, സന്നിപാതജ്വരം, പ്ലേഗ്, മലമ്പനി, ക്ഷയം, മന്ത് തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് അക്കാലത്ത് കൂടുതലും. ഇവ തടയുന്നതിന് അമേരിക്കയിലെ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ആരോഗ്യരംഗത്ത് പല പരിഷ്‌കാരങ്ങളും തിരുവിതാംകൂര്‍ കൊണ്ടുവന്നു.
പലയിടത്തും പടര്‍ന്നു പിടിച്ച വസൂരി ധാരാളം പേരെ കൊന്നൊടുക്കി. പബ്ലിക് ഹെല്‍ത്ത് വകുപ്പിന്റെ വരവോടെയാണ് ആരോഗ്യരംഗത്ത് നൂതന പ്രചാരണതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. ഇതിന്റെ ഉന്നതോദ്യോഗസ്ഥന്മാരെല്ലാം വിദേശത്ത് പരിശീലനം കിട്ടിയവരായിരുന്നു. ആശുപത്രികള്‍ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ലെന്നും ജനങ്ങളുടെയിടയില്‍ ബോധവത്കരണം ആവശ്യമാണെന്നും അവര്‍ക്കു മനസ്സിലായി. അതനുസരിച്ചുള്ള പദ്ധതികള്‍ പബ്ലിക് ഹെല്‍ത്ത് വകുപ്പ് തയ്യാറാക്കി.
തിരുവിതാംകൂറിനെ പത്ത് ഹെല്‍ത്ത് ജില്ലകളാക്കി തിരിച്ചു. ഇതിനെ നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ചും കോട്ടയം കേന്ദ്രീകരിച്ചും തെക്കും വടക്കുമുള്ള രണ്ടു മേഖലകളാക്കി അതിനു കീഴിലാക്കി. മരുന്നുകള്‍ നല്‍കുക മാത്രം പോരാ, രോഗങ്ങളുടെ സ്ഥിതി, പകര്‍ച്ചവ്യാധികളുടെ വ്യാപനം, കുത്തിവയ്പിനും മറ്റു പ്രതിരോധ നടപടികള്‍ക്കും വിധേയമാകുന്ന ആളുകളുടെ എണ്ണം, രോഗികളുടെയും മരിക്കുന്നവരുടെയും കണക്ക്, ഓരോ വര്‍ഷത്തെയും ജനനമരണ നിരക്ക്, പ്രസവം, കുട്ടികളുടെ മരണനിരക്ക്, സ്‌കൂള്‍ക്കുട്ടികളുടെ രോഗങ്ങള്‍ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ വേണമെന്ന് പബ്ലിക് ഹെല്‍ത്ത് വകുപ്പ് തീരുമാനിച്ചു.
പട്ടണങ്ങളിലും ഗ്രാമങ്ങളിലും ശുചീകരണം, രോഗങ്ങള്‍ക്കെതിരേയുള്ള ബോധവത്കരണം എന്നിവ സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടത്താന്‍ നടപടി സ്വീകരിച്ചു. രോഗങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് പ്രചാരണ ഉദ്യോഗസ്ഥന്മാരെ പലയിടത്തും നിയമിച്ചു. ഇതില്‍ വനിതകളും ഉണ്ടായിരുന്നു.
ആരോഗ്യരംഗത്തെ പ്രചാരണങ്ങള്‍ക്ക് പലയിടത്തും സന്നദ്ധസംഘടനകളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സേവനം ഉപയോഗിച്ചു. ആദ്യമായി വകുപ്പ് നടത്തിയ 'ബേബി ഹെല്‍ത്ത് വാര'ത്തിനും ക്ലീനപ്പ് കാമ്പയിനും നല്ല പ്രതികരണം ലഭിച്ചു. ഇതിന്റെയെല്ലാം ഫലമായി തിരുവിതാംകൂറിലെ പകര്‍ച്ചവ്യാധി മരണങ്ങളുടെ നിരക്കു കുറയാന്‍ തുടങ്ങി.
Content Highlights: Motor Van To Give Awareness To The Public At Anathapuri