മോർണിങ് സ്റ്റാർ ബസിനൊപ്പം ഉടമ സോമിയും ജീവനക്കാരും | ഫോട്ടോ: മാതൃഭൂമി
1962-ല്‍ നിരത്തില്‍ തെളിഞ്ഞ പ്രഭാതനക്ഷത്രം ആറ് പതിറ്റാണ്ട് പിന്നിടുമ്പോളും അതേ ശോഭയില്‍ ജ്വലിച്ചുനില്ക്കുന്നു. മോര്‍ണിങ് സ്റ്റാര്‍ കോട്ടയം ജില്ലയിലെ ഏറ്റവും പഴയ ബസ് സര്‍വീസുകളിലൊന്നാണ്. ചങ്ങനാശ്ശേരി-ഹൈറേഞ്ച് റൂട്ടില്‍ ഓടിത്തുടങ്ങിയ ആദ്യകാല ബസുകളിലൊന്ന്. കുട്ടനാടിനെയും ഹൈറേഞ്ചിനെയും ബന്ധിപ്പിക്കുന്നതും.
മാമ്മൂട് സ്വദേശിയായ ഔസേപ്പച്ചനാണ് ആദ്യമായി ചങ്ങനാശ്ശേരിയില്‍നിന്നു കുമളി വഴി കട്ടപ്പനയ്ക്ക് ബസ് സര്‍വീസ് ആരംഭിച്ചത്. പുലര്‍ച്ചെ 5.30-ന് ചങ്ങനാശ്ശേരിയില്‍ നിന്നു പുറപ്പെടുന്നതിനാല്‍ മോര്‍ണിങ്സ്റ്റാര്‍ എന്ന പേര് നല്കി. അക്കാലത്ത് നാമമാത്രമായ സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി-ഹൈറേഞ്ച് റൂട്ടില്‍ ആകെ ഒന്നോ രണ്ടോ സര്‍വീസുകള്‍മാത്രം.
പുലര്‍ച്ചെ പുറപ്പെടുന്ന ബസ് അക്കാലത്തെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. നൂറുകണക്കിന് യാത്രക്കാര്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ സര്‍വീസ്. കാപ്പിക്കുരുവും, ഏലവും, കുരുമുളകുമെല്ലാം കുമളിയില്‍നിന്നും കട്ടപ്പനയില്‍നിന്നും ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടുവന്നിരുന്നത് ഈ ബസിലായിരുന്നു. രാവിലെ പുറപ്പെടുമ്പോള്‍ കുട്ടനാട്ടില്‍നിന്നും ഹൈറേഞ്ചിലേക്കുള്ള ചരക്കുകളുമായി വ്യാപാരികളും ബസിലുണ്ടാകും. ഒരു ജനതയുടെ സാമൂഹിക-സാമ്പത്തിക മേഖലയുടെ ഭാഗമായി പിന്നീട് ഈ സര്‍വീസ് മാറി.
മുടക്കമില്ലാത്ത കൃത്യതയുള്ള സര്‍വീസ്, ജീവനക്കാരുടെ പെരുമാറ്റം ഇതെല്ലാമാണ് മോര്‍ണിങ് സ്റ്റാറിന്റെ പ്രത്യേകത. ഒരുകാലത്ത് ചങ്ങനാശ്ശേരി-മുണ്ടക്കയം റൂട്ടില്‍ ആളുകള്‍ സമയത്തെ അടയാളപ്പെടുത്തിയതും മോര്‍ണിങ് സ്റ്റാറിലായിരുന്നു. വൈകീട്ട് 7.25-ന് ചങ്ങനാശ്ശേരിയില്‍നിന്നു പുറപ്പെടുന്ന മോര്‍ണിങ്സ്റ്റാര്‍ 9.15-ന് മുണ്ടക്കയത്തെത്തും. രാത്രി യാത്രക്കാര്‍ കുറവാണെങ്കിലും ഇല്ലെങ്കിലും ബസ് കൃത്യമായി ഓടിയെത്തും. കോട്ടയം-ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി-പാലാ റൂട്ടിലുമായി അഞ്ച് സര്‍വീസുകള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ചാക്കോച്ചന്റെ മകനായ സോമി ജെയിംസ് ആണ് സര്‍വീസുകള്‍ നോക്കിനടത്തുന്നത്.
ഇതേ ബസിലെ കണ്ടക്ടറായിരുന്ന പെരുമ്പനച്ചി കിഴക്കേവീട്ടില്‍ ചാക്കോച്ചനും ദേവസ്യാച്ചനും ചേര്‍ന്ന് ചങ്ങനാശ്ശേരി-പുലിക്കുന്ന്-എരുമേലി റൂട്ടില്‍ മോര്‍ണിങ് സ്റ്റാര്‍ മോട്ടോഴ്സ് എന്ന പേരില്‍ മറ്റൊരു സര്‍വീസും ആരംഭിച്ചു. ഇത് രാവിലെ ഏഴിന് എരുമേലിയില്‍ നിന്നു ചങ്ങനാശ്ശേരിയിലേക്കായിരുന്നു. മുണ്ടക്കയം ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, കറുകച്ചാല്‍, ചങ്ങനാശ്ശേരി, ഭാഗത്തേക്ക് പോകാന്‍ ജനങ്ങളെ ഏറെ സഹായിച്ച ഒരു സര്‍വീസായിരുന്നു ഇത്. ആദ്യത്തെ മോര്‍ണിങ് സ്റ്റാറും ജീവനക്കാര്‍ തുടങ്ങിയ മോര്ണങ് സ്റ്റാറും സഹകരിച്ചാണ് ഇപ്പോഴും പ്രവര്‍ത്തനം.
Content Highlights: Morning star, 60 year old private bus service in Kottayam, Private Bus, Bus Service
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..