താണ്ട് 150 ശതമാനം വളര്‍ച്ച! ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യവസായം ഈ വര്‍ഷം ലക്ഷ്യമിടുന്ന വളര്‍ച്ചാ നിരക്കാണിത്. ഉപഭോക്താക്കള്‍ക്കുള്ള ആശങ്കങ്ങള്‍ മാറി, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെല്ലെ വിപണി പിടിക്കുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഏകദേശം 68,000 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇന്ത്യയില്‍ വിറ്റത്. ഈ വര്‍ഷം വില്പനലക്ഷ്യം 1.5 ലക്ഷം മുതല്‍ 1.75 ലക്ഷം വരെയാണെന്ന് ഹീറോ ഇലക്ട്രിക് (സൗത്ത് സോണ്‍ 2) എ.ജി.എം. ഹരിദാസ് നായര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള വില്പന അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇലക്ട്രിക് വാഹനത്തിന് വിലയില്‍ കുറവില്ലെങ്കിലും ഇന്ധനച്ചെലവ് കുറവാണെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞതാണ് വില്പന കൂടാന്‍ കാരണം. പെട്രോള്‍ സ്‌കൂട്ടറില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏകദേശം 2.25 രൂപ ചെലവ് വരുമ്പോള്‍ ഇലക്ട്രിക്കില്‍ ഇത് വെറും 60 പൈസ മാത്രം. അതായത്, ദിവസം 40 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിച്ചാല്‍ ഏതാണ്ട് 66 രൂപ ലാഭിക്കാനാകും.

വാഹനം ചാര്‍ജ് ചെയ്യല്‍നേരത്തെ വെല്ലുവിളി ഇപ്പോള്‍ ആ പ്രശ്‌നമില്ലെന്ന് ആംപിയര്‍ വെഹിക്കിള്‍സ് സി.ഇ.ഒ. ഹേമലത അണ്ണാമലൈ പറഞ്ഞു. കൂടാതെ, ലിഥിയം അയോണ്‍ ബാറ്ററികളുടെ കടന്നുവരവോടെ ബാറ്ററിയുടെ ആയുസ്സ് കൂടുകയും ചെലവ് കുറയുകയും ചെയ്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇപ്പോള്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രോത്സാഹനമേകുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്. ഇതും വില്പന കൂട്ടുന്നുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ ഈയിടെ വൈദ്യുത വാഹനങ്ങളുടെ നികുതി ഒഴിവാക്കിയിരുന്നു. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 'ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്' പദ്ധതിയില്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് സബ്സിഡിയുമുണ്ട്.

രജിസ്ട്രേഷനും ലൈസന്‍സും വേണ്ടാത്ത ഇ-സ്‌കൂട്ടറുകള്‍ക്കാണ് ഇന്ത്യയില്‍ വില്പന കൂടുതല്‍. മണിക്കൂറില്‍ 25 കിലോമീറ്റര്‍ സ്പീഡില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ കഴിയുന്നതോ 250 വാട്സിനു മുകളില്‍ മോട്ടോര്‍ ഉള്ളതോ ആയ ഇ-സ്‌കൂട്ടറുകള്‍ക്കു മാത്രമാണ് ലൈസന്‍സും രജിസ്ട്രേഷനും വേണ്ടത്.

വിദ്യാര്‍ഥികളും മുതിര്‍ന്ന പൗരന്മാരും കമ്പനികളുമാണ് ഇ-സ്‌കൂട്ടറുകളുടെ പ്രധാന ഉപഭോക്താക്കള്‍. വേഗം കുറവാണെന്നതാണ് ആളുകളെ ഇ-സ്‌കൂട്ടറില്‍നിന്ന് അകറ്റുന്നതെന്ന് 11 വര്‍ഷമായി ഇ-സ്‌കൂട്ടറുകളുടെ ഡീലറായ എം. ആന്‍ഡ് എം. മോട്ടോഴ്സ് ഉടമ എന്‍. മനോജ് കുമാര്‍ പറയുന്നു. എന്നാല്‍, നഗരങ്ങളില്‍ ഓടിക്കാന്‍ കൂടിയ വേഗം ആവശ്യമില്ലെന്ന കാര്യം ആളുകള്‍ ഓര്‍ക്കാറില്ല.

ഇപ്പോള്‍, മിക്ക വാഹന നിര്‍മാതാക്കളും കൂടിയ വേഗമുള്ള മോഡലുകള്‍ ഇറക്കിയിട്ടുണ്ട്. ഇ-സ്‌കൂട്ടറുകള്‍ക്ക് ഭാരം കുറവാണെന്നതും ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമായാല്‍ ഇ-സ്‌കൂട്ടറുകളുടെ പ്രചാരം ക്രമാതീതമായി വര്‍ധിക്കുമെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍. 'ബാറ്ററി സ്വാപ്പിങ്' കൂടി വന്നാല്‍ ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം കുറെക്കൂടി എളുപ്പമാകും. പാചകവാതക സിലിന്‍ഡറില്‍ എന്ന പോലെ ചാര്‍ജ് കഴിയുമ്പോള്‍, ഫുള്‍ ചാര്‍ജ് ഉള്ള ബാറ്ററി മാറ്റിവാങ്ങുന്ന രീതിയാണ് 'സ്വാപ്പിങ്'. വിപണിവിഹിതത്തില്‍ മുന്നില്‍ ഹീറോ ഇലക്ട്രിക് ആണ്. ആംപിയര്‍ വെഹിക്കിള്‍സ്, ഏഥര്‍, ഒക്കിനാവ, റോമൈ തുടങ്ങിയ നിരവധി നിര്‍മാതാക്കളും ഈ രംഗത്തുണ്ട്.

Content Highlights; more electric scooters are coming to indian road, electric scooters growth in indian market