മിയാ ജോസഫ്
പെണ്‍കുട്ടികള്‍ അധികമങ്ങനെ കടന്നുചെല്ലാത്ത സ്‌പോര്‍ട്‌സ് കാര്‍, സൂപ്പര്‍ ബൈക്ക് ലോകത്തെ വിശേഷങ്ങള്‍ പരിചയപ്പെടുത്തി സൂപ്പര്‍ താരമായൊരു പെണ്‍കുട്ടിയുണ്ട് തൃശ്ശൂരില്‍. പതിനെട്ടുകാരിയായ മിയാ ജോസഫ്. ഇന്‍സ്റ്റഗ്രാമില്‍ 'ഒക്ടേയ്ന്‍ ഗേള്‍' എന്ന പേരില്‍ ആരംഭിച്ച പേജ് ഇന്ന് മൂന്നുലക്ഷത്തോളം വാഹനപ്രേമികളാണ് ഫോളോ ചെയ്യുന്നത്. യൂട്യൂബില്‍ മിയ ചെയ്യുന്ന വീഡിയോകള്‍ക്കും ആരാധകര്‍ ലക്ഷങ്ങളാണ്.
വാഹനങ്ങളെപ്പറ്റി വീഡിയോ ചെയ്യുന്നതില്‍ പുതുമയൊന്നുമില്ല, പക്ഷേ വീഡിയോകളുടെ ഉള്ളടക്കവും ചെയ്യുന്നയാളുടെ പ്രായവും പരിഗണിച്ചാല്‍ മിയയ്ക്ക് സൂപ്പര്‍ഗേള്‍ വിശേഷണംതന്നെ നല്‍കാം. കുഞ്ഞായിരുന്നപ്പോള്‍ മിയയ്ക്ക് വണ്ടികളോടായിരുന്നു പ്രിയം. അതിനൊരു കാരണമുണ്ട്, കാറോട്ടമത്സരങ്ങളിലെ ചാമ്പ്യനായിരുന്ന ജോസഫ് ചിറക്കേക്കാരന്റെ മകള്‍ക്ക് വണ്ടിപ്രേമം ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
കോവിഡ് കാല ആശയം
ചെറുപ്പംമുതലേ വണ്ടികള്‍ കണ്ടുവളര്‍ന്നതാണെങ്കിലും കോവിഡ് സമയത്താണ് ഇന്‍സ്റ്റഗ്രാം വഴി വാഹനങ്ങളെക്കുറിച്ച് റീല്‍സ് ചെയ്യാന്‍ തുടങ്ങിയത്. വീട്ടില്‍ത്തന്നെയുള്ള കാറുകളെപ്പറ്റി ചെയ്ത റീല്‍ ഒരാഴ്ചകൊണ്ടുതന്നെ 70 ലക്ഷംപേര്‍ കണ്ടു. പിന്നീടങ്ങോട്ട് ആവേശവും ഉത്സാഹവും കൂടി. സ്‌പോര്‍ട്‌സ് കാറുകളായ ലംബോര്‍ഗിനി, ഫെറാരി, പോര്‍ഷെ, ആഡംബര കാറുകളായ റോള്‍സ് റോയ്‌സ്, ബെന്‍സ്, ബി.എം.ഡബ്‌ള്യു, സൂപ്പര്‍ ബൈക്കുകളായ കവാസാക്കി നിഞ്ച സെഡെക്‌സ് 10 ആര്‍, 14 ആര്‍, ജി.എസ്.എ, ഹെലികോപ്റ്റര്‍, സ്വകാര്യ ജെറ്റ് എന്നിങ്ങനെ തുടങ്ങുന്നു മിയയുടെ വീഡിയോകളില്‍ സ്ഥാനംപിടിച്ച വാഹനങ്ങളുടെ നിര.
.jpg?$p=9b5b15d&&q=0.8)
ഒരു വാഹനത്തിന്റെയും സാങ്കേതികവിവരണങ്ങളല്ല, വാഹനത്തെ പരിചയപ്പെടുത്തുന്ന, കേള്‍ക്കുന്ന ആര്‍ക്കും ലളിതമായി മനസ്സിലാകുന്ന കാര്യങ്ങളാണ് ഓരോ വീഡിയോയുടെയും ഉള്ളടക്കം. മൂന്നുമിനിറ്റു മുതല്‍ ആറുമിനിറ്റുവരെ ദൈര്‍ഘ്യമുള്ള ചെറുവീഡിയോകളാണ് മിയ പോസ്റ്റ് ചെയ്യുന്നവയില്‍ അധികവും. ഇപ്പോള്‍ പല വാഹനങ്ങളുടെയും ലോഞ്ചിങ് പരിപാടികളില്‍ കമ്പനികളുടെ പ്രത്യേക ക്ഷണിതാവാകാന്‍ അവസരം ലഭിക്കുന്നതില്‍ മിയയെക്കാളും സന്തോഷം കുടുംബത്തിനാണ്.
വീട്ടില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമുള്ള പിന്തുണയാണ് മിയയുടെ ശക്തി. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ ചിറക്കേക്കാരന്‍ വീട്ടില്‍ ജോസഫ് - റൂണ ദമ്പതിമാരുടെ മകളാണ് മിയ. എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ഒന്നാംവര്‍ഷ ബിസിനസ് സ്റ്റഡീസ് വിദ്യാര്‍ഥിനിയാണ്. ആറാംക്ലാസുകാരി സഹോദരി ഇവയ്ക്ക് നൃത്തത്തിലാണ് കമ്പം. എങ്കിലും ചേച്ചിക്ക് സഹായമാണ് എല്ലാ കാര്യത്തിലും. വീഡിയോകള്‍ എടുക്കുന്നതും എഡിറ്റുചെയ്യുന്നതുമെല്ലാം മിയയും ജോസഫും തന്നെയാണ്. അപ്പൂപ്പന്റെ സ്വന്തമായിരുന്ന 1961 മോഡല്‍ ഷെവര്‍ലെ ബിസ്‌കെയ്ന്‍ എന്ന വിന്റേജ് കാറാണ് മിയയുടെ വീഡിയോകളിലെ താരം.
Content Highlights: Miya Joseph The octane girl vehicle reviewer and content creator, auto enthusiast, Auto Vlogs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..