സിനിമലോകത്തും സാമൂഹിക മാധ്യമങ്ങളിലും മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയാണ് ഇപ്പോള്‍ താരം. ഈ സൂപ്പര്‍ ഹീറോയെ കൂട്ടുപിടിച്ച് ട്രാഫിക് ബോധവത്കരണത്തിന് ഇറങ്ങിയിരിക്കുകയാണ് കേരളത്തിന്റെ മോട്ടോര്‍ വാഹന വകുപ്പ്. നിരത്തുകളിലൂടെ മിന്നല്‍ വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെയും മിന്നല്‍ മുരളിയുടെയും സഹകരണത്തോടെ ബോധവത്കരണ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

മിന്നല്‍ മുരളിയിലെ താരം ടൊവിനോ തോമസ് തന്നെയാണ് ബോധവത്കരണ വീഡിയോയിലുള്ളത്. ഞാന്‍ മിന്നല്‍ മുരളി ഒറിജിനല്‍, നിരത്തുകളില്‍ മിന്നല്‍ ആളുകള്‍ ആളുകളോട് എനിക്ക് ചിലത് പറയാനുണ്ട് എന്ന വാചകത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്ററില്‍ നല്‍കിയിട്ടുള്ള ക്യാമറയിലൂടെ അമിതവേഗത്തിലെത്തുന്ന വാഹനത്തിന്റെ വേഗതയും മിന്നല്‍ മുരളിയുടെ പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ചാണ് വാഹന പരിശോധന.

മിന്നല്‍ മുരളിയെ തോല്‍പ്പിക്കാനാവില്ല മക്കളെ. മിന്നല്‍ മുരളിയുടെ കോസ്റ്റിയൂമില്ലാതെ നിരത്തുകളില്‍ മിന്നലാകുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പിനൊപ്പം മിന്നല്‍ മുരളിയും കൈകോര്‍ക്കുന്നു എന്ന തലക്കെട്ടോടെ നടന്‍ ടൊവിനോ തോമസും ഈ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മെല്ലേ പോ മക്കളെ മിന്നലോട്ടം വേണ്ട എന്നാണ് ഈ ക്യാംപയിനിന്റെ തലക്കെട്ടായി നല്‍കിയിട്ടുള്ളത്. 1.36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയിട്ടുള്ളത്.

Content Highlights; Minnal Murali joins hands with the Motor Vehicles Department, Minnal Murali, Tovino Thomas, MVD Kerala