അജീഷ് ബാബു നിർമിച്ച മിനിയേച്ചർ വാഹനങ്ങൾ | ഫോട്ടോ: മാതൃഭൂമി
കണ്ണിനും കാതിനും വിസ്മയം സൃഷ്ടിക്കുന്ന വാഹനത്തിന്റെ മിനിയേച്ചര്‍ രൂപങ്ങള്‍ ഉണ്ടാക്കുകയാണ് അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് അനീഷ് ഭവനിലെ അജീഷ് ബാബു. അളവും രൂപവും പിഴയ്ക്കാതെ, കൃത്യതയോടെ ചെറുമാതൃകകള്‍ തീര്‍ത്തെടുക്കുന്നതില്‍ വിദഗ്ധനാണ് ഈ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരി. കരകൗശലവസ്തുക്കള്‍ ഉണ്ടാക്കുന്നതിലുള്ള താത്പര്യമാണ് മിനിയേച്ചര്‍ രൂപങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് നയിച്ചത്.
സാമൂഹികമാധ്യമങ്ങളിലും മറ്റുമായി ലഭിക്കുന്ന പിന്തുണ ഇത്തരത്തിലുള്ള കൂടുതല്‍ സൃഷ്ടികള്‍ക്ക് പ്രോത്സാഹനമായി. വാഹനങ്ങളാണ് അജീഷ് പ്രധാനമായും രൂപകല്പന ചെയ്യുന്നത്. യഥാര്‍ഥവാഹനത്തിന്റെ അളവിന് ആനുപാതികമായി ചെറുമാതൃകകള്‍ തീര്‍ക്കുകയാണ് ചെയ്യുന്നത്. കൃത്യതയാര്‍ന്ന അളവുപ്രകാരം ചെയ്താലേ പൂര്‍ണത ലഭിക്കൂവെന്ന് അജീഷ് പറയുന്നു.
ആറ് എം.എമ്മിന്റെ മള്‍ട്ടി വുഡ്ഡില്‍ ഡിസൈന്‍ വരച്ച് മുറിച്ചെടുത്താണ് നിര്‍മാണം. അളവിലും രൂപത്തിലുമുള്ള കൃത്യത, വാഹനത്തിന്മേല്‍ വരുന്ന ലോഗോ, എഴുത്തുകള്‍ തുടങ്ങിയവ അതേരീതിയില്‍ പകര്‍ത്തല്‍, നിറത്തിന്റെ സാമ്യത ഇതൊക്കെയാണ് അജീഷ് ഒരുക്കുന്ന മാതൃകകളുടെ സവിശേഷത. ഓരോ മാതൃകയും തീര്‍ക്കാന്‍ 20 മുതല്‍ 30 വരെ ദിവസമെടുക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകളും സ്‌കാനിയ ബസുകളും ആര്‍മി റിക്കവറി ട്രക്കും ചെയ്തിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി.യുടെ സ്‌കാനിയ ബസും ഡബിള്‍ഡെക്കര്‍ ബസും ബുള്ളറ്റ് ബൈക്കുകളുമൊക്കെ ഒട്ടും മനോഹാരിത ചോരാതെ രൂപകല്പന ചെയ്തിരിക്കുകയാണ്. സിനിമയിലെ പ്രധാന വാഹനങ്ങളോടാണ് അജീഷിന്റെ മറ്റൊരു കമ്പം. സ്ഫടികത്തിലെ 'ചെകുത്താന്‍' ലോറിയും ലൂസിഫറിലെ 'നെടുമ്പള്ളി' ജീപ്പുമൊക്കെ ഇതില്‍പ്പെടും. യൂട്യൂബ് ആയിരുന്നു ആദ്യപാഠശാല. എന്നാല്‍, ഇപ്പോള്‍ ഈ രംഗത്ത് പ്രായോഗികവും ക്രിയാത്മകവുമായി ഏറെ മുന്നോട്ടുപോകാന്‍ സഹായിക്കുന്നത് ഇതേ മേഖലയില്‍നിന്നുള്ള കലാകാരന്മാരുടെ കൂട്ടായ്മയാണ്.
മിനിയേച്ചര്‍ ക്രാഫ്റ്റേഴ്‌സ് എന്ന പേരിലുള്ള വാട്സാപ്പ് കൂട്ടായ്മയില്‍നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങളും ആശയങ്ങളും തന്റെ കലാസൃഷ്ടികളെ കൂടുതല്‍ മികവുറ്റതാക്കാന്‍ അജീഷിനെ സഹായിക്കുന്നു. ഇപ്പോള്‍ ഇന്‍ഡസ് മോട്ടോഴ്സ് സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ് അജീഷ്. അച്ഛന്‍ സുരേന്ദ്രബാബു, അമ്മ ഇന്ദിരാബായി, ജ്യേഷ്ഠന്‍ അനീഷ് ബാബു എന്നിവരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
Content Highlights: Miniature vehicle models, vehicle scale models by mechanical engineer Ajeesh Babu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..