ബാലകഥകളിലെ വലുതിനെ ചെറുതാക്കുന്ന കുട്ടിച്ചാത്തന്‍വിദ്യ. അതുപോലുള്ള നേര്‍ക്കാഴ്ചയാണ് വിഷ്ണുവെന്ന ഓട്ടോഡ്രൈവര്‍ ഒരുക്കുന്നത്. കാണുന്ന രൂപങ്ങളെ അതേപടി മിനിയേച്ചറാക്കും. മാന്ത്രികസ്പര്‍ശമല്ല, കരവിരുതാണിതിനു പിന്നില്‍.
കളവംകോടം ഉള്ളാടംപറമ്പ് പി.വിഷ്ണുവാണ് പാഴ്‌വസ്തുക്കളില്‍നിന്ന് മിനിയേച്ചര്‍ രൂപങ്ങളൊരുക്കി ശ്രദ്ധേയനാകുന്നത്. ഓട്ടോറിക്ഷത്തൊഴിലാളിയായിരുന്ന വിഷ്ണുവിന് കോവിഡ് സാഹചര്യത്തില്‍ തൊഴിലില്ലാതെ വന്നതോടെയാണ് മനസ്സിനിണങ്ങിയ മിനിയേച്ചര്‍ ക്രാഫ്റ്റിലേക്കു തിരിഞ്ഞത്.
പ്രത്യേകമായുള്ള ബോര്‍ഡുമാത്രം വിലകൊടുത്തുവാങ്ങി ബാക്കിയെല്ലാം പാഴ്‌വസ്തുക്കളുമുപയോഗിച്ചാണ് കാണുന്ന സാമഗ്രികളുടെ തനിപ്പകര്‍പ്പൊരുക്കുന്നത്. തനിയെ പഠിച്ചാണ് ഇത്തരത്തില്‍ രൂപങ്ങളൊരുക്കിയത്. ഒറിജിനലിനെ വെല്ലുന്ന യാഥാര്‍ഥ്യമാണ് വിഷ്ണുവിന്റേത്. കാണുന്ന സാമഗ്രികളെ തനിപ്പകര്‍പ്പാക്കുമ്പോള്‍ അതേപടിതന്നെയാക്കണമെന്നതാണ് നിര്‍ബന്ധം.
അതിനായുള്ള പരിശ്രമമാണ് നടക്കുന്നത്. ചിലതിനായി മാസങ്ങള്‍ ചെലവഴിക്കുമ്പോള്‍ ചിലത് പെട്ടന്നൊരുക്കാനാകുമെന്നാണ് വിഷ്ണു പറയുന്നത്. ഇലക്ട്രിക് വയറിന്റെ ചെറിയ കഷണംമുതല്‍ എഴുതിത്തീര്‍ന്നു തള്ളുന്ന റീഫില്ലര്‍വരെ ഉപയോഗിക്കുന്നുണ്ട്. സ്‌കൂള്‍കാലങ്ങളില്‍ ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനായി ഇപ്പോള്‍ മിനിയേച്ചര്‍ ക്രാഫ്റ്റ് എന്നപേരില്‍ ഗ്രൂപ്പും ഉണ്ട്.
Content Highlights: Miniature Vehicle Designs By An Auto Driver