കെ.എസ്.ആര്‍.ടി.സി. ബസിന്റെയും ടൂറിസ്റ്റ് ബസിന്റെയും മാതൃകകള്‍ തയ്യാറാക്കി കാഴ്ചക്കാര്‍ക്ക് വിസ്മയമാകുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി. അഞ്ചല്‍ ഒരുനടയില്‍ വൈശാഖത്തില്‍ ബാലുവാണ് വാഹനങ്ങളുടെ ശില്പി. പലതരത്തിലുള്ള നിരവധിവാഹനങ്ങളാണ് ബാലു നിര്‍മിച്ചിരിക്കുന്നത്.

ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ബാലുവിന്റെ കലാപരമായ കഴിവുകള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. വടമണ്‍ ക്ഷേത്രത്തിലെ ഉത്സവ ഫ്‌ളോട്ടുകള്‍ നിര്‍മിച്ചാണ് ബാലു ആദ്യം ഈ രംഗത്തെത്തിയത്. പിന്നീട് ബസുകളും നിരവധി വാഹനങ്ങളും നിര്‍മിച്ചു. കുടുംബത്തില്‍നിന്നു ലഭിക്കുന്ന പ്രോത്സാഹനമാണ് വിജയത്തിനുപിന്നില്‍. 

ബാലുവിന്റെ കലാവിരുതുകള്‍ കാണാന്‍ അധ്യാപകര്‍ ഉള്‍പ്പെടെ നിരവധിപേരാണ് വീട്ടിലെത്തുന്നത്. ഷര്‍ട്ട് വാങ്ങുമ്പോള്‍ ലഭിക്കുന്ന കാര്‍ഡ്ബോര്‍ഡുകള്‍, അലൂമിനിയം കമ്പി, ഫോം ബോര്‍ഡ്, ബാറ്ററി, മള്‍ട്ടിവുഡിന്റെ പീസുകള്‍ എന്നിവ ഉപയോഗിച്ചാണ് വാഹനനിര്‍മാണം.

പിന്നീട് പെയിന്റുകൂടി അടിക്കുമ്പോള്‍ ഒറിജിനലിനെ വെല്ലുന്ന വാഹനങ്ങളാകും. ആയൂര്‍ ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

Content Highlights: Miniature Vehicle Designed By Plus One Student Balu