നവണ്ടിയുടെ അമരത്തെത്താന്‍ ഇനിയും കാക്കണം... സ്വപ്നത്തിലേക്ക് അകലമുണ്ടെങ്കിലും ഇഷ്ടവണ്ടി തന്നെയൊരുക്കി കൂടെ കൂട്ടിയിരിക്കുകയാണ് അമല്‍ ബേബി. 24-കാരന്റെ വലിയ സ്വപ്നമാണ് കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍സീറ്റ്. 20-ാം വയസ്സില്‍ തന്നെ ഹെവിലൈസന്‍സുമെടുത്ത് അവസരം കാത്തിരിക്കുകയാണ്.

ചേര്‍ത്തല മരുത്തോര്‍വട്ടം അമല്‍നിവാസില്‍ ബേബിയുടെയും സുലോചനയുടെയും മകന്‍ അമല്‍ ബേബിക്കു കെ.എസ്.ആര്‍.ടി.സി.യോടുള്ള ഇഷ്ടം വര്‍ഷങ്ങളായുള്ളതാണ്. 18-ാം വയസ്സില്‍ തന്നെ ലൈസന്‍സ് എടുത്തതും ഇതേ ലക്ഷ്യമിട്ടുതന്നെ. ലോറിയില്‍ തുടങ്ങി സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസിലാണിപ്പോള്‍. എങ്കിലും ലക്ഷ്യം കെ.എസ്.ആര്‍.ടി.സി.തന്നെ.

കോര്‍പ്പറേഷന്റെ പ്രതിസന്ധിയും പ്രശ്നങ്ങളുമൊന്നുമല്ല ഒരുദിവസമെങ്കിലും അവിടെ ജോലിചെയ്യണമെന്നതാണ് ആഗ്രഹം. അത്രമേല്‍ ഇഷ്ടമായതു കൊണ്ടാണ് കലാവിരുതില്ലെങ്കിലും തന്റെ ആഗ്രഹത്തിനൊത്തൊരു ബസൊരുക്കിയത്. ജോലിയുടെ ഇടവേളകളില്‍ സമയം കണ്ടെത്തി ഒന്നരമാസമെടുത്താണ് ആനവണ്ടിയുടെ മാതൃകയൊരുക്കിയത്.

ഓട്ടോമൊബൈല്‍ ഡിപ്ലോമ നേടിയിട്ടുള്ള അമല്‍ 60 സെന്റീമീറ്റര്‍ നീളത്തിലും 15 സെന്റീമീറ്റര്‍ വീതിയിലുമാണ് ആനവണ്ടിയുടെ മാതൃകയൊരുക്കിയത്. ഇഷ്ടവണ്ടിയുടെ മിനിയേച്ചര്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇത്തരത്തില്‍ കൂടുതല്‍ മിനിയേച്ചര്‍ രൂപങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അമല്‍.

Content Highlights: Miniature Of KSRTC Bus, KSRTC Super Fast Bus