മെഴ്സിഡസിന്റെ തനി ഇന്ത്യനാണ് എസ് ക്ലാസ്. ഇന്ത്യയിലിറങ്ങിയ ഏറ്റവും കരുത്തുറ്റ എന്‍ജിനുമായാണ് എസ് ക്ലാസിന്റെ വരവ്. ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി 'ബി.എസ്. 6' വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആ നിയമങ്ങള്‍ അനുസരിക്കുന്ന ആദ്യ മെഴ്‌സിഡസ് കൂടിയാണ് 'എസ്. ക്ലാസ്'. 2020-ലാണ് ഇന്ത്യയില്‍ 'ഭാരത് സ്റ്റേജ് ഫോര്‍' നിയമങ്ങള്‍ നിലവില്‍ വരുന്നത്. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിറക്കിയ ഏറ്റവും കരുത്തേറിയ എന്‍ജിനാണ് 'എസ് ക്ലാസി'ലുള്ളത്. 1.33 കോടി രൂപ മുതലാണ് ഇന്ത്യയില്‍ വില ആരംഭിക്കുന്നത്. 'എസ് 350 ഡി', 'എസ്. 450' എന്നിവയാണ് മോഡലുകള്‍. എസ് 350 ഡിയില്‍ മാത്രമാണ് ഡീസല്‍ എന്‍ജിന്‍ ഉണ്ടാവുക.

ആറ് സിലിന്‍ഡര്‍ 3.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇന്‍ലൈന്‍ എന്‍ജിനാണിതിന് വാഹനത്തിന് കരുത്തേകുക. 600 എന്‍.എം. ടോര്‍ക്കില്‍ 282 ബി.എച്ച്.പി.യാണിതിന് കരുത്ത്. ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണിതിന്റെ ആകര്‍ഷണം. പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും ആറ് സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാക്കി ഇതിന്റെ വേഗം കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. 

എസ് 450-ന്റെ ആകര്‍ഷണമാണ് ആറ് സിലിന്‍ഡര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് 3.0 ലിറ്റര്‍ ഇന്‍ലൈന്‍ പെട്രോള്‍ എന്‍ജിന്‍. 500 എന്‍.എം. ടോര്‍ക്കില്‍ 362 ബി.എച്ച്.പി. കരുത്താണ് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പിന്‍ചക്രങ്ങളിലേക്ക് നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.1 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി  വേഗം. 

ഡിസൈനിലും പരിഷ്‌കാരങ്ങള്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ട്രിപ്പിള്‍ എല്‍.ഇ.ഡി.  ഡി.ആര്‍. എല്ലോടു കൂടിയ പുതിയ മള്‍ട്ടി ബീം എല്‍.ഇ.ഡി. ഹെഡ് ലാമ്പുകളാണ് പ്രധാന ഡിസൈന്‍ പരിഷ്‌കാരം. ബമ്പറിലെ  വലിയ എയര്‍ ഇന്‍ടേക്കുകള്‍, പരിഷ്‌കരിച്ച പിന്‍ ബമ്പര്‍, പുതിയ ടെയില്‍ലാമ്പ് ഡിസൈന്‍, 18 ഇഞ്ച് അഞ്ച് സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് പുറംകാഴ്ചയില്‍ എടുത്തുപറയേണ്ടവ.  ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേക്കും ഇന്‍സ്ട്രുമെന്റ് കണ്‍സോളിനും പകരമുള്ള 12.3 ഇഞ്ച് ഡിസ്പ്ലേകളാണ് അകത്ത് ഇടംപിടിച്ചിട്ടുള്ളത്. 

ശബ്ദംകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്നവയാണ് സെന്‍ട്രല്‍ കണ്‍സോളിലെ ഏകദേശം എല്ലാ ഫീച്ചറുകളും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്ള 12.3 ഇഞ്ച് ഡിസ്പ്ലേ. 590 വാട്ട്സ് ശബ്ദം പകരുന്ന ഒമ്പത് ചാനല്‍ ആംപ്‌ളിഫയറുമടക്കം 13 സ്പീക്കറുകളുള്ള  ബംമിസ്റ്റര്‍ സറൗണ്ട് സൗണ്ട് സംവിധാനമാണ് വാഹനത്തിലുള്ളത്. ഒബ്സ്ട്രക്ഷന്‍ സെന്‍സറോടുള്ള പുതിയ പനാരോമിക് സണ്‍റൂഫ്, സ്റ്റിയറിങ്ങിലുള്ള പുതിയ ടച്ച് പാനലുകള്‍, 64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ആം റെസ്റ്റുകളിലുള്ള വയര്‍ലെസ് ചാര്‍ജിങ് പാഡുകള്‍ എന്നിവ അകത്തളത്തെ മറ്റ് ആഡംബര വിശേഷങ്ങളാണ്. 

Benz S Class

സുരക്ഷയ്ക്ക് ഒട്ടും കുറവുവരുത്താതെയാണ് ഇന്ത്യന്‍ എസ് ക്ലാസ് വരുന്നത്. റഡാര്‍ കേന്ദ്രീകൃത സുരക്ഷാ സംവിധാനമാണ് ഇതിലൊന്ന്. അപകടഘട്ടങ്ങള്‍ മുന്‍കൂട്ടി കണ്ട് സ്വയം നിയന്ത്രിക്കുന്നതാണിവ. വാഹനത്തിലെ യാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുകയാണിതിലൂടെ ചെയ്യുന്നത്.

Benz S Class

210 കിലോമീറ്റര്‍ വേഗത്തിലോടുമ്പോള്‍ വരെ മുന്നിലുള്ള വാഹനവുമായി അകലം നിയന്ത്രിക്കുകയും മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ അപകടമൊഴിവാക്കുന്ന ആക്ടീവ് ഡിസ്റ്റന്‍സ് അസിസ്റ്റ്, 210 കിലോമീറ്റര്‍ വേഗം വരെ വാഹനത്തിന്റെ സ്റ്റിയറിങ് സ്വയം നിയന്ത്രിക്കുന്ന ആക്ടീവ് സ്റ്റിയറിങ് അസിസ്റ്റ്,  ആക്ടീവ് ബ്രേക്കിങ് അസിസ്റ്റ്, ബ്‌ളൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, എന്നിവയ്ക്ക് പുറമെ എയര്‍ബാഗുകള്‍, ഇ.ബി.ഡി, എ.ബി. എറസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നുണ്ട് സുരക്ഷാ ഫീച്ചറുകള്‍. 

Content Highlights; Mercedes-Benz S Class facelift luxury saloon launched in India