വല്ലച്ചിറയിൽ നിർമിച്ച യന്ത്രത്തിനരികെ ഷാജി
ചേര്‍പ്പ് സ്വദേശിയായ എം.ഷാജിയുടെ നിര്‍മാണ വിരുത് കണ്ടാല്‍ ഏഴാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആളാണോയിതെന്ന് ആരുമൊന്നു സംശയിക്കും. അത്രയ്ക്കുണ്ട് 'കയ്യിലിരുപ്പ്'. കപ്പല്‍ മുതല്‍ ബൈക്ക് വരെയുള്ളവയുടെ പഴയ ഭാഗങ്ങള്‍ സംഘടിപ്പിച്ച് ഷാജിയൊരു യന്ത്രമുണ്ടാക്കി. ലോഹവും മരവും മുറിക്കാനും തുളക്കാനും മിനുസപ്പെടുത്താനുമൊക്കെ സാധിക്കുന്ന ഒരു ഒന്നൊന്നര യന്ത്രം.
യന്ത്രത്തിന്റെ പ്രധാനഭാഗം നിര്‍മിച്ചതു തന്നെ കപ്പലിന്റെ പഴയ ഭാഗം ഉപയോഗിച്ചാണ്. ബസിന്റെ ഓയില്‍ ഫില്‍റ്റര്‍, ടെമ്പോയുടെ സ്റ്റാര്‍ട്ടര്‍ തുടങ്ങി ഒട്ടുമിക്കതും പഴയഭാഗങ്ങളാണ്. ഫലമോ സാധാരണ 15 ലക്ഷത്തോളം ചെലവ് വരുന്ന യന്ത്രത്തിന് ഷാജിക്ക് ചിലവായത് ഏകദേശം രണ്ട് ലക്ഷം രൂപ മാത്രം.
വല്ലച്ചിറ മോസ്കാ നഗറിലുളള പ്ലാസ്റ്റിക് കമ്പനിയിലാണ് നിലവില്‍ യന്ത്രയൂണിറ്റ് ഒരുക്കിയിട്ടുള്ളത്. കമ്പനിയില്‍ ബ്രഷിന്റെ കാലുകള്‍ കടയുന്ന ജോലിയാണ് ഷാജിക്ക്. 13 വര്‍ഷമായി അവിടെ ജോലി ചെയ്യുന്ന ഷാജിക്ക് കൂടുതല്‍ സൗകര്യപ്രദമായ യന്ത്രം നിര്‍മിക്കണമെന്ന ആഗ്രഹത്തിലാണിത് നിര്‍മിക്കുന്നത്. സുഹൃത്തായ കമ്പനിയുടമ കൂറ്റൂക്കാരന്‍ ജെയിംസ് എല്ലാവിധ സപ്പോര്‍ട്ടും നല്കി കൂടെനിന്നു.
പുതുപ്രതീക്ഷകള്‍
കുറഞ്ഞ ചിലവില്‍ മികച്ച യന്ത്രയൂണിറ്റൊരുക്കി സ്വന്തം നാട്ടുകാര്‍ക്ക് പ്രയോജനമാകുന്ന രീതിയില്‍ നടപ്പിലാക്കുകയെന്നതാണ് ഷാജിയുടെ സ്വപ്നം. 2020 കോവിഡ് സമയത്താണ് ഷാജി യന്ത്രയൂണിറ്റ് തുടങ്ങിയത്. യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും മെച്ചപ്പെടുത്താനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ഷാജി. അതിന് ഇനിയും തുക ആവശ്യമായുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട സ്വപ്നത്തിനു പുറകെ ഷാജി ഇപ്പോഴും പ്രയാണം തുടരുകയാണ്.
Content Highlights: Mechanic made heavy machine using bus, tempo and ship parts, Oil filter from bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..