2016 ഇന്ത്യന്‍ വാഹന വിപണിക്ക് പൊതുവെ വലിയ വളര്‍ച്ചയേകിയ വര്‍ഷങ്ങളിലൊന്നാണ്. നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം വില്ലനായെത്തിയെങ്കിലും വാഹന വില്‍പ്പനയില്‍ കാര്യമായ കോട്ടം തട്ടിയില്ല. പതിവുപോലെ മാര്‍ക്കറ്റ് ലീഡര്‍ മാരുതി സുസുക്കി ഇത്തവണയും വിപണിയില്‍ ഡ്രൈവിങ് സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ വിറ്റാര ബ്രെസയും എന്‍ട്രി ലെവല്‍ ശ്രേണിയില്‍ റെനോ ക്വിഡും 2016 തങ്ങളുടെതാക്കി മാറ്റി. ഈ വര്‍ഷം ഇന്ത്യന്‍ നിരത്തിലെത്തിയ മികച്ച 5 കാറുകള്‍ ഏതെല്ലാമെന്നു നോക്കാം...

1. മാരുതി സുസുക്കി വിറ്റാര ബ്രെസ 

brezza

രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല ഉറപ്പിച്ചു പറയാം 2016-ലെ മിന്നും താരം മാരുതി സുസുക്കി വിറ്റാര ബ്രെസ തന്നെ. സബ്‌കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ പുറത്തിറങ്ങിയ ബ്രെസ ചുരുങ്ങിയ കാലയളവില്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം കൈവരിച്ചു. 83000-ത്തിലേറെ ബ്രെസ യൂണിറ്റ് മാരുതി നാളിതുവരെ വിറ്റഴിച്ചു, ബുക്കിങ്ങ് അടക്കം 1.72 ലക്ഷം യൂണിറ്റിലെത്തും വില്‍പ്പന. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍  പുതുമോഡിയിലെത്തി ഫോഡ് എക്കോസ്‌പോര്‍ട്, റെനോ ഡസ്റ്റര്‍, മഹീന്ദ്ര TUV300, ഹ്യുണ്ടായ് ക്രേറ്റ എന്നി വമ്പന്‍മാരോട് എതിരിട്ട് മികച്ച വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി ഡബിള്‍ ടോണ്‍ നിറത്തിനൊപ്പം ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. 

നിലവില്‍ ഡീസല്‍ പതിപ്പില്‍ മാത്രമാണ് ബ്രെസ ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ അടുത്ത വര്‍ഷം പെട്രോള്‍ കരുത്തിലും വാഹനം പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 13.3 സെക്കന്റുമതി വിറ്റാരയ്ക്ക്. മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസയെ മുന്‍പന്തിയിലെത്തിച്ചത്. 

Read More: കുതിപ്പ് തുടര്‍ന്ന് മാരുതി ബ്രെസ

2. റെനോ ക്വിഡ്

kwid

കോംപാക്ട് എസ്.യു.വി ഡസ്റ്ററിന് ശേഷം ഇന്ത്യന്‍ നിരത്തില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ കൊടിപാറിച്ച മോഡലാണ് ക്വിഡ്. എന്‍ട്രി ലെവല്‍ കാറുകളില്‍ മാരുതി ആള്‍ട്ടോ വര്‍ഷങ്ങളായി തുടരുന്ന ആധിപത്യത്തിന് ചുരുങ്ങിയ കാലയളവില്‍ വിള്ളല്‍ വീഴ്ത്താന്‍ ക്വിഡിന് സാധിച്ചു. ഈയൊരു ആത്മവിശ്വാസത്തിലാണ്‌ രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെ കരുത്ത് അല്‍പ്പം വര്‍ദ്ധിപ്പിച്ച് പുതിയ 1000 സിസിയിലും ഓട്ടോമാറ്റിക്കായും ഈ വര്‍ഷം മുഖം മിനുക്കി ക്വിഡ് എത്തിയത്. കുറഞ്ഞ വിലയില്‍ എസ്.യു.വി വാഹനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രൂപഭംഗി ക്വിഡിനെ വളരെപ്പെട്ടെന്ന് ജനപ്രിയമാക്കി.

ഈ സെഗ്മെന്റിലെ മുഖ്യ എതിരാളികളായ മാരുതി സുസുക്കി കെ 10, വാഗണ്‍ ആര്‍, ഹ്യുണ്ടായി ഇയോണ്‍ എന്നിവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ബ്ലുട്ടൂത്ത് സൗകര്യമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ക്വിഡിന് അല്‍പം മുന്‍തൂക്കം നല്‍കിയത്. എന്നാല്‍ പെര്‍ഫോമെന്‍സില്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ വാഹനങ്ങളുടെ വൈബ്രേഷനെന്ന ദുഷ്‌പേര് പുതിയ ക്വിഡിനുമുണ്ട്. എങ്കിലും ഈ ശ്രേണിയിലെ മറ്റു ത്രീ സിലിണ്ടര്‍ കാറുകള്‍ക്കും വൈബ്രേഷന്‍ കൂടെപ്പിറപ്പായതിനാല്‍ ക്വിഡിനെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. 

Read More: കരുത്തനായി 1 ലിറ്റര്‍ ക്വിഡ്‌

3. ടാറ്റ ടിയാഗോ

tiago

ഇന്ത്യന്‍ നിര്‍മാതാക്കളായ ടാറ്റ ടിയാഗോയ്ക്ക് മൂന്നാം സ്ഥാനം നല്‍കാം. പതിവ് ടാറ്റ കാറുകളില്‍നിന്ന് വലിയ മാറ്റമില്ലാതെ പുറത്തിറങ്ങിയ ടിയാഗോ ആരും പ്രതീക്ഷിക്കാത്ത വിജയം ടാറ്റയ്ക്ക് നല്‍കി. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 2000 ആര്‍പിഎമ്മില്‍ 85 പിഎസ് കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമാകുമ്പോള്‍ 1.05 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 70 പിഎസ് കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. പെട്രോള്‍ പതിപ്പ് 23.84 കിലോമീറ്ററും ഡീസല്‍ പതിപ്പ് 27.28 കിലോമീറ്റര്‍ മൈലേജും നല്‍കും. നിരത്തിലെത്തിയ ആദ്യ മാസം 3,022 ടിയാഗോ യൂണിറ്റുകള്‍ ടാറ്റ വിറ്റഴിച്ചു. പിന്നീടിങ്ങോട്ട് ഓരോ മാസവും വില്‍പ്പനയില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നവംബറില്‍ രാജ്യത്തെ മികച്ച വില്‍പ്പനയുള്ള ആദ്യ 10 കാറുകളില്‍ സ്ഥാനം പിടിക്കാനും ടിയാഗോയ്ക്ക് സാധിച്ചിരുന്നു. 

Read More: ടാറ്റ ടിയാഗോ കുതിക്കുന്നു

4. ഡാറ്റ്‌സണ്‍ റെഡി-ഗോ

datsun

ജാപ്പനീസ് നിര്‍മാതാക്കളായ നിസാന്റെ ബഡ്ജറ്റ് ബ്രാന്റായ ഡാറ്റ്‌സണ്‍ പുറത്തിറക്കിയ റെഡി-ഗോ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിക്ക് കൂടുതല്‍ വിപണി വിഹിതം സമ്മാനിച്ചു. ഫസ്റ്റ് ലുക്കിനൊപ്പം തരക്കേടില്ലാത്ത മൈലേജ് റെനോ ക്വിഡിനൊപ്പം മത്സരിക്കന്‍ റെഡി-ഗോയ്ക്ക് ശക്തിയേകി. 799 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. ഈ വര്‍ഷം പുത്തന്‍ പതിപ്പ് അവതരിപ്പിച്ചതിന് തൊട്ടുപിറകെ സ്‌പോര്‍ട്ടി ലുക്കില്‍ സ്‌പെഷ്യല്‍ പതിപ്പും ഡാറ്റ്‌സണ്‍ പുറത്തിറക്കിയിരുന്നു. വിപണിയിലെ കുതിപ്പിന് ഈ സ്‌പോര്‍ട്ടി പതിപ്പും കരുത്തേകി.

Read More: വിപണി കീഴടക്കി റെഡി ഗോ​

5 ടൊയോട്ട ഇന്നോവ ക്രിസ്റ്റ

innova crysta

മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളില്‍ ഇന്നോവയോളം വരില്ല മറ്റാരും. ഈ ആധിപത്യം നിലനിനിര്‍ത്താനാണ്‌ ന്യൂജെന്‍ അഴകില്‍ ടെയോട്ട 2016 പകുതിയോടെ ഇന്നോവ ക്രിസ്റ്റയെ നിരത്തിലെത്തിച്ചത്. വലിപ്പമേറിയ രണ്ട് ക്രോം വരകളുള്ള പുതിയ ഹെക്‌സാഗണല്‍ ഗ്രില്‍, പിന്നിലേക്ക് വളഞ്ഞ് നീളുന്ന ഹെഡ് ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ടി.എന്‍.ജി.എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച വാഹനത്തിന് പുതുപുത്തന്‍ രൂപഭംഗി നല്‍കി. മാരുതി സുസുക്കി എര്‍ടിഗ, ഹോണ്ട മൊബിലിയോ, റെനോ ലോഡ്ജി എന്നിവയെ ബഹുദൂരം പിന്നിലാക്കാന്‍ ക്രിസ്റ്റയ്ക്ക് സാധിച്ചിരുന്നു.

ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോസ്, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ്, നാവിഗേഷന്‍ സമന്വയിപ്പിച്ച ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയവയാണ് ക്രിസ്റ്റയിലെ പ്രധാന സവിശേഷതകള്‍. വി.എന്‍.ടി ഇന്റര്‍കൂളര്‍ 2.4 ലിറ്റര്‍ ജി.ഡി ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍, ഡ്യുവല്‍ വി.വി.ടി.ഐ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. പഴയ ഇന്നോവ നല്‍കിയ അപരാജിത കുതിപ്പ് പുതുവര്‍ഷത്തിലും ക്രിസ്റ്റയിലുടെ തുടരാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

Read More: കൂടുതല്‍ സുന്ദരനായി ഇന്നോവ ക്രിസ്റ്റ