മാരുതി സുസുക്കി എന്ന വാക്ക് ഇന്ത്യക്കാരുടെ മനസ്സില്‍ ഉറച്ചുപോയതാണ്. അതുവിട്ട് ഒരു കളിക്കും നമ്മുടെ നാട്ടുകാര്‍ തയ്യാറായിട്ടില്ല. അത്രയ്ക്കും നെഞ്ചേറ്റിയിട്ടുണ്ട് ആ പേര്. കാലങ്ങള്‍ക്കു മുമ്പ് 800 സി.സി.യുടെ ഹൃദയവുമായി ഇവിടെ എത്തിയ മാരുതി കവര്‍ന്നത് ഇന്ത്യക്കാരുടെ ഹൃദയം തന്നെയായിരുന്നു. പിന്നെയിങ്ങോട്ട് ഇന്ത്യന്‍ കാര്‍ വിപണി കുതിച്ചുയര്‍ന്നു. ആഗോള കമ്പനികള്‍ പുത്തന്‍ മോഡലുകളുമായി ഇവിടെയെത്തി. എന്നാലും മാരുതിയുടെ അടിക്കല്ല് ഇളകിയില്ല. കാരണം അത്രയും ബലത്തോടെയായിരുന്നു അത് ഈ മണ്ണില്‍ ഉറച്ചുപോയത്. മാരുതി എന്ന വാക്കിന്റെ കൂടെ സുസുക്കി എന്ന് ചേര്‍ന്നപ്പോഴും തങ്ങളുടെ കണ്ണികളില്‍ കൂടുതല്‍ വാഹനങ്ങള്‍ ചേര്‍ന്നപ്പോഴും ഇന്ത്യക്കാര്‍ അത് സന്തോഷത്തോടെ സ്വീകരിച്ചു. ഇപ്പോഴും അത് തുടരുന്നു.

ഏതൊരു മോഡല്‍ നോക്കിയാലും അത് വില്‍പനയില്‍ ആദ്യ മൂന്നിലുണ്ടാകും. വില്‍പനയോടൊപ്പം രാജ്യത്തുടനീളം പരന്നുകിടക്കുന്ന സര്‍വീസ് സെന്ററുകളും ഇതിനു കാരണമായി പറയാം. ചെറു കാര്‍ മുതല്‍ ഇപ്പോള്‍ ആഡംബര കാറുകളിലും എസ്.യു.വി.യിലും വരെ ഇപ്പോഴും മാരുതി സുസുക്കി മുന്നിലുണ്ട്. തങ്ങളുടെ വാഹന ശൃംഖലയിലേക്ക് പുതിയ മോഡലുകളുമായി എത്തുകയാണ് മാരുതി സുസുക്കി. ഒരു വര്‍ഷത്തിനുള്ളില്‍ പന്ത്രണ്ടോളം മോഡലുകളാണ് എത്തിക്കാന്‍ പദ്ധതിയിടുന്നത്. ചില വിഭാഗങ്ങളിലേക്ക് പുതിയ വാഹനങ്ങള്‍ വരുന്നുണ്ടെങ്കിലും അധികവും മുഖംമാറി വരുന്നവയാണ്. അവയെ പരിചയപ്പെടാം. 

#വിറ്റാര ബ്രെസ്സ ബൂസ്റ്റര്‍ജെറ്റ്, വില - 7.5-10 ലക്ഷം

Vitara Brezza

ഹൃദയങ്ങളെ കീഴടക്കിയ മാരുതിയുടെ ആദ്യ എസ്.യു.വി.യാണ് ബ്രെസ്സ. അടുത്ത വര്‍ഷം ആദ്യത്തോടെ ബ്രെസ്സയുടെ കരുത്തേറിയ വേര്‍ഷന്‍ പുറത്തിറങ്ങിയേക്കും. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇതിന് ശക്തിയേകുന്നത്. ബോഡി വര്‍ക്കില്‍ മാറ്റമൊന്നും വരുത്തുന്നില്ലെന്നാണ് കേട്ടറിവ്. കാരണം ബ്രെസ്സയുടെ ഇപ്പോഴത്തെ രൂപം തന്നെ ഒരു എസ്.യു.വി.ക്ക് ചേര്‍ന്നതാണ്. 

പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍., എച്ച് ആകൃതിയില്‍ മുന്നിലെ ഗ്രില്ലിനു ചുറ്റുമുള്ള ക്രോം ഫിനിഷുള്ള ബാര്‍ എന്നിങ്ങനെ ഒരു എസ്.യു.വി.ക്ക് നാം നല്‍കുന്ന വിശേഷണങ്ങള്‍ എല്ലാം ബ്രെസ്സയില്‍ ചേരുന്നുണ്ട്. സുസുക്കിയുടെ ടി.ഇ.സി.ടി. ഹൈ ടെന്‍സില്‍ സ്റ്റീല്‍ ബോഡി സ്ട്രക്ചറാണ് ബ്രെസ്സയ്ക്ക് നല്‍കിയിട്ടുള്ളത്. 

മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, സ്മാര്‍ട്ട് പ്ലേ ടച്ച് സ്‌ക്രീന്‍  ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് പ്ലേ, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുണ്ടായിരിക്കും. ബലേനൊ ആര്‍.എസിലെ 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതിലുണ്ടായിരിക്കുക. 170 എന്‍. എം. ടോര്‍ക്കില്‍ 110 ബി.എച്ച്.പി. കരുത്തായിരിക്കും ഇത് നല്‍കുക.

#സെലേറിയോ ക്രോസ്, വില - 4.5-5.5 ലക്ഷം

Celerio Cross

2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് സെലേറിയോ ക്രോസിനെ കമ്പനി അവതരിപ്പിച്ചത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഇന്ത്യന്‍ റോഡുകളിലേക്ക് ഇത് എത്തുമെന്നാണ് കരുതുന്നത്. വലിയ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെങ്കിലും ഒരു ആനച്ചന്തവുമൊക്കെയായാണ് സെലേറിയോ ക്രോസ് വരുന്നത്. ഹെഡ് ലാമ്പുകള്‍ അതേപടി തുടരുന്നു. എന്നാല്‍, ഗ്രില്ലില്‍ മാറ്റ് ബ്ലാക്ക് കൂട്ടിയിരിക്കുന്നു. 

കറുപ്പ് നിറം മുന്‍ഭാഗത്ത് കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബമ്പറിലും കറുപ്പില്‍ പൊതിഞ്ഞ വലിയ എയര്‍ ഇന്‍ടേക്കും വ്യത്യസ്തതയാവുന്നുണ്ട്. പുതിയ അലോയ്വീലുകള്‍, വശങ്ങളിലെ ക്ലാഡിങ്ങും വാഹനത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. പിന്നില്‍ റൂഫ് സ്‌പോയ്ലറും അധികമായി വന്നിട്ടുണ്ട്. ഇന്റീരിയറിലും കറുപ്പിന്റെ ആധിക്യമുണ്ട്. മള്‍ട്ടി ഫങ്ഷന്‍ ത്രീ സ്‌പോക്ക് സ്റ്റിയറിങ്, അനലോഗ് ഡയലുകള്‍. ടച്ച് സ്‌ക്രീനാണ് മറ്റൊരു അതിഥി. സീറ്റുകളുടെ ക്വാളിറ്റിയും കൂട്ടിയിട്ടുണ്ട്.  ബോണറ്റിനടിയിലെ താരത്തിന് മാറ്റമൊന്നുമില്ല. 

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെ തുടരാനാണ് സാധ്യത. 90 എന്‍.എം. ടോര്‍ക്കില്‍ 67 ബി.എച്ച്.പി. കരുത്ത് നല്‍കും. 0.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ടാകും. 125 എന്‍.എം. ടോര്‍ക്കില്‍ 46 ബി.എച്ച്.പി. കരുത്ത് നല്‍കും. ഫൈവ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഓട്ടോ ഗിയറുമുണ്ടായിരിക്കും. 

#ന്യൂ ജനറേഷന്‍ സ്വിഫ്റ്റ്​, വില - 5.5-7.5 ലക്ഷം

Maruti Suzuki

സ്വിഫ്റ്റിനെക്കുറിച്ച് ഇന്ത്യക്കാരോട് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ല. മാരുതിയുടെ ഏറ്റവും ഹിറ്റായ ഹാച്ച്ബാക്കായിരുന്നു ഇത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജനപ്രീതിക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല സ്വിഫ്റ്റിന്. ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ സ്വിഫ്റ്റിന് ആരാധകരുണ്ട്. മുഖംമാറ്റമായിരുന്നു ഇതുവരെ സ്വിഫ്റ്റില്‍ കമ്പനി നടത്തിയത്. അധികം അഴിച്ചുപണിക്ക് മെനക്കെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമായെന്ന് കമ്പനിക്ക് തോന്നിയിട്ടുണ്ട്. 

പൂര്‍ണമായും മാറ്റവുമായി പുതിയ തലമുറയ്ക്കുള്ള സ്വിഫ്റ്റിനെയാണ് സുസുക്കി അവതരിപ്പിക്കുന്നത്. ബലേനൊയുടെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ സ്വിഫ്റ്റും വരുന്നത്. ഗുജറാത്തിലെ പ്ലാന്റിലായിരിക്കും നിര്‍മാണമെന്നുമറിയുന്നു. ഇപ്പോഴുള്ള സ്വിഫ്റ്റിനെക്കാളും അഗ്രസീവായ മോഡലാണ് പുതിയതിന്. വലിയ ഫ്രണ്ട് ഗ്രില്‍, എല്‍.ഇ.ഡി. ഡേ ടൈം റണ്ണിങ് ലൈറ്റുമായുള്ള പുതിയ ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, വലിയ എയര്‍ ഇന്‍ടേക്ക്, ഫോഗ് ലാമ്പ് ക്ലസ്റ്ററിനും മാറ്റമുണ്ട്. എ.ബി.സി. പില്ലറുകള്‍ക്ക് കറുത്ത നിറം നല്‍കിയത് കാഴ്ച കൂട്ടിയിട്ടുണ്ട്. 

ചെറിയ ടെയില്‍ ലാമ്പുകള്‍, റിയര്‍ സ്‌പോയ്ലര്‍, പുതിയ ബമ്പര്‍ എന്നിവയാണ് പിറകുവശത്തെ മാറ്റങ്ങള്‍. അകത്ത്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, സെന്‍ട്രല്‍ കണ്‍സോളിലും മാറ്റം വരുത്തിയിട്ടുണ്ട്. എ.സി.വെന്റുകള്‍ വൃത്താകൃതിയിലാക്കി. അകത്തെ തുകലിന്റെ ഗുണം മെച്ചപ്പെടുത്തിയിട്ടുണ്ട്. രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരാനും സാധ്യതയുണ്ട്. ബലോനൊയിലെ 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ സ്വിഫ്റ്റിന് കരുത്തേകുന്നത്. ഡീസലില്‍ 1.3 മള്‍ട്ടിജെറ്റ് എന്‍ജിനുമുണ്ടാകും. ഇപ്പോഴുള്ള 1.2 ലിറ്റര്‍ കെ. സീരീസ് എന്‍ജിന്‍ തുടരുമെന്നും കമ്പനി പറയുന്നുണ്ട്.

#എര്‍ട്ടിഗ ഡ്രെസ, വില - 10-12 ലക്ഷം

Ertiga Dreza

ടൊയോട്ട ഇന്നോവ ഭരിച്ചിരുന്ന എം.യു.വി. സെഗ്മെന്റിലേക്ക് കൊടുങ്കാറ്റു പോലെ കടന്നുവന്ന് ഇരിപ്പുറപ്പിച്ചതാണ് മാരുതി സുസുക്കിയുടെ എര്‍ട്ടിഗ.  എന്നാല്‍ മിഡ് സൈസ് എം.യു.വി. വിപണിയില്‍ ഇന്നും എര്‍ട്ടിഗയുടെ സ്ഥാനം മുന്നിലാണ്. ഈ രംഗത്ത് എര്‍ട്ടിഗയുടെ പ്രമുഖ എതിരാളികള്‍ റിനോ ലോഡ്ജി, ഹോണ്ട മൊബിലിയോ, ഷെവര്‍ലെ എന്‍ജോയ് എന്നിവരായിരുന്നു. പത്ത് ലക്ഷത്തിനു ചുവടെയുള്ള എം.യു.വി.കളില്‍ എര്‍ട്ടിഗ പണത്തിന് മൂല്യമാണെന്ന് ആരും സമ്മതിക്കും. 

മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റിലേക്ക് മാറ്റങ്ങളുമായാണ് പുതിയ സ്‌റ്റൈലിഷ് എര്‍ട്ടിഗ ഡ്രെസയുമായി മാരുതി സുസുക്കി എത്തുന്നത്. ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് എര്‍ട്ടിഗ ഡ്രെസ അവതരിപ്പിക്കപ്പെട്ടത്. ഗ്രില്ലിലും എയര്‍ ഇന്‍ടേക്കിലുമൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗ്രില്ലിന് വലിപ്പം കൂടി ഒന്നുകൂടി ചതുരമായി. എയര്‍ ഇന്‍ടേക്കും വലുതായി ഗ്രില്ലിനു ചുറ്റും സി ഷേപ്പിലാക്കിയിട്ടുണ്ട്. കറുപ്പ് തന്നെയാണ് മുന്നിലെ താരം. ഗ്രില്ലിലും എയര്‍ ഇന്‍ടേക്കിലും കറുപ്പിന്റെ ധാരാളിത്തമുണ്ട്. ഹെഡ് ലാമ്പുകള്‍ കുറച്ചുകൂടി ഷാര്‍പ്പായി. ഒറ്റനോട്ടത്തില്‍ എം.യു.വി.ക്ക് മാറ്റമൊന്നും കാണാനില്ലെങ്കിലും അലോയ് വീലുകളും സ്‌കഫ്‌പ്ലേറ്റും കൂടുതല്‍ കരുത്ത് പ്രകടമാക്കുന്നുണ്ട്. 

ഒമ്പത് ഇഞ്ച് ടച്ച് സ്‌ക്രീന്‍ അകം ഭംഗി കൂട്ടുന്നുണ്ട്. പിന്നിലുള്ളവര്‍ക്കു വേണ്ടി സീറ്റുകളില്‍ പ്രത്യേക ടച്ച് സ്‌ക്രീനുകള്‍ അധികമായി നല്‍കിയിട്ടുണ്ട്. 1.4 ലിറ്റര്‍ കെ.14 ബി പെട്രോള്‍ എന്‍ജിനാണ് ഇതിലുണ്ടാവുക. ഫൈവ് സ്പീഡ് മാന്വല്‍, ഫോര്‍ സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളുണ്ടാവും. എസ്.എച്ച്.വി. എസ്. സാങ്കേതിക വിദ്യയിലുള്ള .1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ടായിരിക്കും. ഈ വര്‍ഷം അവസാനത്തിലോ അടുത്ത വര്‍ഷം ആദ്യത്തിലോ ഡ്രെസയുടെ ഇന്ത്യന്‍ പ്രവേശനമുണ്ടാകും. 

#ന്യൂ ജനറേഷന്‍ ആള്‍ട്ടോ, വില - 2.65-4.6 ലക്ഷം

New Generation Alto

മാരുതി സുസുക്കിയുടെ പുതിയ കാല്‍വെപ്പാണിത്. എക്കാലത്തും മാരുതിയുടെ സ്വകാര്യ അഹങ്കാരമായ ആള്‍ട്ടോയെ പൂര്‍ണമായും അഴിച്ചു പണിതുകൊണ്ടൊരു എന്‍ട്രി ലെവല്‍ കാര്‍. എന്‍ട്രി ലെവല്‍ കാര്‍ വിപണിയില്‍ റിനോ ക്വിഡിന്റെ മുന്നേറ്റത്തിന് തടയിടാനായാണ് പുതിയ കാറുമായി മാരുതി സുസുക്കി എത്തുന്നത്. 800 സി.സി.യും 1.0 ലിറ്റര്‍ എന്‍ജിനുമായായിരിക്കും പുതിയ ആള്‍ട്ടോ എത്തുന്നത്. 

വരുന്ന ഡല്‍ഹി എക്‌സ്‌പോയിലായിരിക്കും ഇതിന്റെ പുറത്തിറക്കല്‍ എന്നാണ് കരുതുന്നത്. Y1K  എന്ന കോഡ്നെയിമിലാണ് ഇത് തയ്യാറാകുന്നത്. ആള്‍ട്ടോ എന്ന പേര് ജനഹൃദയങ്ങളില്‍ പതിഞ്ഞതിനാല്‍ ആ പേര് നിലനിറുത്താന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ കാഴ്ചയില്‍ പൂര്‍ണമായും ന്യൂ ജനറേഷനായിരിക്കുമിത്. അകത്ത് ടച്ച് സ്‌ക്രീനടക്കമുള്ള ആധുനിക സൗകര്യങ്ങളുമുണ്ടായിരിക്കും. 

800 സി.സി. കാറില്‍ ഇതിനപ്പുറം ആഡംബരങ്ങള്‍ എവിടെ കിട്ടാനാണ്. ആള്‍ട്ടോ കെ ടെന്നില്‍ നിന്ന് കടമെടുക്കുന്ന 1.0 ലിറ്റര്‍ എന്‍ജിനുമുണ്ടായിരിക്കും. ഇതില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ടായിരിക്കുമെന്നും പറയുന്നുണ്ട്.