ന്ത്യയില്‍ എങ്ങനെ കച്ചവടം നടത്തണമെന്ന് 'മാരുതി'യെപ്പോലെ അറിയുന്നവരുണ്ടാവില്ല... ഇന്ത്യക്കാരുടെ മനസ്സറിഞ്ഞ് അവര്‍ക്കുവേണ്ട വാഹനം സമയാസമയം വിപണിയിലെത്തിക്കുന്നതില്‍ അവര്‍ക്കുള്ള പ്രാഗത്ഭ്യം വേറൊന്നുതന്നെയാണ്. പ്രത്യേകിച്ച് സാധാരണക്കാരനെ ലക്ഷ്യമിട്ടുള്ള കളി എപ്പോഴും വിജയം കാണാറുമുണ്ട്. ഒന്ന് തിരിഞ്ഞുനോക്കിയാല്‍ത്തന്നെ അറിയാം വിപണിയെ അവര്‍ എങ്ങനെ പഠിക്കുന്നുവെന്ന്. മറ്റുള്ളവര്‍ മനസ്സില്‍ കാണുന്നതിനു മുമ്പേ അവര്‍ മാനത്ത് കാണും. സാധാരണക്കാരന്റെ നെഞ്ചകമായി മാറിയ 'മാരുതി 800' മുതല്‍ 'ആള്‍ട്ടോ' വരെയുള്ളവയുടെ വിപണിയിലെ തിളക്കം മാത്രം മതി അതറിയാന്‍. ഓരോ സെഗ്മെന്റും കീറിമുറിച്ചുകൊണ്ട്, വിലകുറച്ച് പുതിയ സെഗ്മെന്റുകള്‍ അവര്‍ ഇന്ത്യയില്‍ തീര്‍ത്തു.

സെഡാനെ ചെറുതാക്കി കോംപാക്ട് സെഡാന്‍ ആയി 'ഡിസയര്‍' വന്നു. 'സാധാരണക്കാരന് ഒരു സെഡാന്‍' എന്ന സ്വപ്നം പൂര്‍ത്തീകരിച്ചു. പിന്നീട് സാധാരണക്കാരന്റെ വലിയ കുടുംബത്തെ കൂട്ടായി കൊണ്ടുപോകാന്‍ 'എം.പി.വി.' ശ്രേണിയില്‍ ചെറിയ എം.പി.വി.യായി 'എര്‍ട്ടിഗ' വന്നു. ഇവയെല്ലാം സൂപ്പര്‍ഹിറ്റുകളായി മാറി. ഇപ്പോഴിതാ, 'എസ്.യു.വി.' എന്ന മൂന്നക്ഷരത്തിന് ചുറ്റും ഇന്ത്യയിലെ വാഹനലോകം തിരിഞ്ഞുകളിക്കുമ്പോള്‍ ആരും കൈവയ്ക്കാത്ത മറ്റൊരു ശ്രേണിയിലേക്കും മാരുതി കടന്നുചെല്ലുകയാണ്... 'എസ് പ്രസോ' എന്ന 'മൈക്രോ എസ്.യു.വി.'യിലൂടെ.

s presso

ഹാച്ച് ബാക്ക്, എസ്.യു.വി.യായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ് എസ് പ്രസോയില്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്പോയില്‍ ഇതേ രൂപം നമ്മള്‍ കണ്ടിട്ടുണ്ടായിരുന്നു. അന്ന് സങ്കല്പ വാഹനമായിട്ടായിരുന്നു വന്നിരുന്നത്. 'ഫ്യൂച്ചര്‍ എസ്. കണ്‍സെപ്റ്റ്' എന്നായിരുന്നു അന്ന് കമ്പനി നല്‍കിയിരുന്ന പേര്. അതേ രൂപംതന്നെയാണ് ഇപ്പോള്‍ 'എസ് പ്രസോ' ആയി മാറിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ പുതിയ കുഞ്ഞനെ ഒന്നു പരിചയപ്പെടാം:

വി.എക്‌സ്.ഐ. വേരിയന്റാണ് ഓടിച്ചുനോക്കാന്‍ കിട്ടിയത്. ഒന്നാകെ നോക്കുമ്പോള്‍ ഒരു ഓമനത്തമുണ്ട് കാണാന്‍... കൈയിലൊതുങ്ങുന്ന ചെറിയ കളിപ്പാട്ടം പോലെ. മാരുതി ഇതുവരെ ചെയ്യാത്ത കൈക്രിയകളൊക്കെ എസ് പ്രസോയില്‍ നടത്തിയിട്ടുണ്ട്, അകത്തും പുറത്തും. മാരുതിയുടെ മറ്റു വാഹനങ്ങള്‍ക്കില്ലാത്ത തലപ്പൊക്കമാണ് അതില്‍ പ്രമുഖം. 'ബ്രെസ'യ്ക്ക് പോലും അവകാശപ്പെടാനില്ലാത്ത വിധമാണ് മുന്‍ബമ്പറും ബോണറ്റും നല്‍കുന്ന റോഡ് പ്രസന്‍സ്. ഒഴുകിയിറങ്ങുന്ന രൂപമല്ല, കൂടുതല്‍ ബോക്‌സിയാണ് എസ് പ്രസോ. മുന്‍ഭാഗവും പിന്‍ഭാഗവും ഒരുപോലെ കൃത്യമായി മുറിച്ചപോലെ നില്‍ക്കുന്നു. മുന്നിലെ ഗ്രില്ലുകളും ബമ്പറുകളുമെല്ലാം മാറിയിട്ടുണ്ട്. കമ്പനിയുടെ വാക്കുകള്‍ കടമെടുത്താല്‍, 'സ്‌പോര്‍ട്ടി ലുക്ക്' കൂടുതല്‍ വന്നിട്ടുണ്ട്.

s presso

പരമ്പരാഗത ഗ്രില്ലുകള്‍ക്കു പകരം നാല് കള്ളികളായി മാറി, നടുവില്‍ സുസുക്കിയുടെ ലോഗോയും വന്നു. വീതിയേറിയ ബമ്പറുകള്‍ക്ക് താഴെ എയര്‍വെന്റുകള്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. വശങ്ങളിലേക്ക് വലിച്ചുനീട്ടിയ പ്രതീതിയാണ് മുന്‍ഭാഗത്തിന്. ഹെഡ്ലൈറ്റുകള്‍ രണ്ട് കംപാര്‍ട്ട്മെന്റുകളിലാക്കി. ഒന്നില്‍ ഇന്‍ഡിക്കേറ്ററും സ്ഥാനം പിടിച്ചു.

എസ്.യു.വി. രൂപത്തിന് പ്രധാന്യമുള്ളതിനാല്‍ വീല്‍ ആര്‍ച്ചുകള്‍ വീതിയേറിയതാണ്. അതില്‍ നിന്ന് ആരംഭിക്കുന്നതാണ് കടുത്ത ബോഡിലൈനുകള്‍. കൂടുതല്‍ ഉയരം തോന്നിക്കുതിനായി എ. പില്ലറുകള്‍ കുത്തനെ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുകയാണ്. അതിനാല്‍, മുന്നില്‍ നിന്ന് നോക്കുമ്പോള്‍ വാഹനത്തിന് ഒത്ത ഉയരം തോന്നും. പിന്നിലേത് ഫ്‌ലാറ്റ് ഗ്ലാസാണ്. അധികം മേക്കപ്പില്ലാത്ത ടെയ്ല്‍ലാമ്പുകള്‍ പിന്‍ഭാഗത്തിന് ചേര്‍ച്ചയാകുന്നുണ്ട്.

s presso

പിന്നിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ക്ലാഡിങ് ആണ്. അത് വാഹനത്തിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് വ്യക്തമാക്കുന്നു. 'ആള്‍ട്ടോ കെ.10'-നേക്കാള്‍ നീളവും വീല്‍ബേയ്സും ഉയരവും ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട് എസ് പ്രസോയ്ക്ക്.

ഡാഷ്ബോര്‍ഡിലാണ് മാരുതി അടുത്ത വിപ്ലവം നടത്തിയിരിക്കുന്നത്. മിനി കൂപ്പറിലെ സെന്‍ട്രല്‍ കണ്‍സോളിന്റെ രൂപം കടമെടുത്ത പോലെയാണിത്. വട്ടത്തിലുള്ള കണ്‍സോളിലാണ് ടച്ച് സ്‌ക്രീനടക്കം ഒതുക്കിയിട്ടുള്ളത്. സ്പീഡോമീറ്ററും മറ്റ് സാങ്കേതിക വിവരങ്ങളും ഇതില്‍ത്തന്നെ. അതിനാല്‍, സ്റ്റിയറിങ്ങിന് മുന്നിലുള്ള പരമ്പരാഗത കണ്‍സോള്‍ അവിടെയില്ല. എന്നാല്‍, മാരുതിയുടെ മറ്റ് കാറുകളിലേതുപോലെ എ.സി.യുടെ നോബുകള്‍ സ്ഥിരം സ്ഥലത്തുതന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.

കറുപ്പ് തന്നെയാണ് അകത്തെ പ്രധാന നിറം. ഉള്ളിലെ പ്ലാസ്റ്റിക് സംഭവങ്ങള്‍ നിലവാരം പുലര്‍ത്തുന്നുണ്ട്. അത്യാവശ്യം വലിപ്പമുണ്ട് സ്റ്റിയറിങ് വീലിന്. അത്യാവശ്യത്തിന് റെസ്‌പോണ്‍സ് നല്‍കുന്നുണ്ട്. ഓഡിയോ കണ്‍ട്രോള്‍ സ്വിച്ചുകള്‍ സ്റ്റിയറിങ്ങിലുണ്ട്. മാരുതിയുടെ മറ്റു വാഹനങ്ങളിലുള്ള പോലെ സ്റ്റോറേജ് സ്‌പേസിന് കുറവൊന്നുമില്ല. ഗിയര്‍ലിവറിനോട് തൊട്ടടുത്ത് രണ്ട് കപ്പ്ഹോള്‍ഡറുകളുണ്ട്. ഗ്ലൗവ്ബോക്‌സില്‍ അത്യാവശ്യ സൗകര്യങ്ങളുമുണ്ട്.

s presso

ആധുനിക സംവിധാനങ്ങളുടെ അതിപ്രസരമൊന്നും എസ് പ്രസോ അവകാശപ്പെടുന്നില്ല... സാധാരണക്കാരന് വേണ്ട സൗകര്യങ്ങളെല്ലാംതന്നെ നല്‍കുന്നുമുണ്ട്. സീറ്റുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. പിന്നിലെ സീറ്റുകളിലും രണ്ടുപേര്‍ക്ക് സുഖമായിരിക്കാം. മൂന്നായാല്‍ ഒന്നിറുകുമെന്നുമാത്രം. ലെഗ്സ്‌പേസിനും ഹെഡ്റൂമിനും പഞ്ഞമൊന്നുമില്ല. മുന്നിലെ സീറ്റുകള്‍ മുഴുവനായും വലിച്ചിട്ടാല്‍ത്തന്നെ പിന്നിലുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. പിന്നില്‍ ബെഞ്ച് സീറ്റാണെങ്കിലും ഇരിപ്പിന് ബുദ്ധിമുട്ടില്ല. ഡോറുകള്‍ പൂര്‍ണമായും തുറക്കാവുന്നതിനാല്‍ അകത്തേക്കുള്ള പ്രവേശനം സുഗമമാണ്. ഡിക്കിയിലും സാധനങ്ങള്‍ വെയ്ക്കാനുള്ള സൗകര്യമുണ്ട്.

എ.ബി.എസ്, ഇ.ബി.ഡി, പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട്, എയര്‍ബാഗ് എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളും നല്‍കുന്നുണ്ട്. 'ആള്‍ട്ടോ കെ.10'-ലെ ഒരു ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എസ് പ്രസോയുടേതും. അത്യാവശ്യത്തിന് പിക്കപ്പ് നല്‍കുന്നുണ്ട് ഇത്.

എന്‍ജിന്റെ ശേഷിക്കനുസരിച്ച് വേഗമെടുക്കാനുള്ള കഴിവും വാഹനം പ്രകടമാക്കുന്നുണ്ട്. 'ഫൈവ് സ്പീഡ്' മാന്വല്‍ ഗിയര്‍ബോക്‌സ് വണ്ടിയായിരുന്നു ലഭിച്ചത്. 'ആള്‍ട്ടോ കെ.10'-ന്റെ അതേ അനുഭൂതി തന്നെയാണ് ഡ്രൈവിങ്ങില്‍ ലഭിക്കുന്നത്. എന്നാല്‍, എന്‍ജിന്‍ കുറച്ചുകൂടി മിനുക്കിയതിന്റെ സുഖം എസ് പ്രസോ നല്‍കുന്നുണ്ട്. ബി.എസ്.6 ചട്ടത്തിനനുസൃതമായാണ് എസ് പ്രസോയുടെ എന്‍ജിന്‍ എത്തുന്നത്. 5500 ആര്‍.പി.എമ്മില്‍ 67 ബി. എച്ച്.പി.യും 90 എന്‍.എം. ടോര്‍ക്കില്‍ 3500 ആര്‍.പി.എമ്മുമാണ് ഈ എന്‍ജിന്‍ നല്‍കുന്നത്. ആറ് വേരിയന്റുകളിലാണ് 'എസ് പ്രസോ' വരുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റുകളില്‍ 14 ഇഞ്ച് ടയറുകളും മറ്റുള്ളവയ്ക്ക് 13 ഇഞ്ച് ടയറുകളുമാണ്.

വാല്‍ക്കഷ്ണം

ഇത് സാധാരണക്കാരന് വേണ്ടിയുള്ള 'എസ്.യു.വി.'യാണ്. മികച്ച ലുക്കും അത്യാവശ്യം വേണ്ട സൗകര്യങ്ങളുമെല്ലാം ഒത്തുചേരുന്ന കുഞ്ഞുവണ്ടി. അതേസമയം കാഴ്ചയ്ക്ക് ആനച്ചന്തവുമുണ്ട്. കാശും സൗകര്യവും ഒത്തുചേരുമ്പോള്‍ ബോണസായിരിക്കും 'എസ് പ്രസോ.'

s presso

Content HIghilghts; maruti s presso test drive, s presso review, s presso features