ഗോവ...ന്യൂ എയ്ജ് ബലേനോ.. ഹാ അന്തസ്സ്


അജിത് ടോം

ഫീച്ചറുകള്‍ ശ്രദ്ധിച്ചതോടെ ഒരുകാര്യം ഏറെ കുറെ ഉറപ്പായി ബലേനോ പഴയ ബലേനോയല്ല. ഡാഷ്ബോര്‍ഡിന്റെ ഡിസൈനില്‍ തന്നെ മാറ്റം തുടങ്ങുകയാണ്.

പുതിയ മാരുതി ബലേനോ | ഫോട്ടോ: ശംഭു വി.എസ്.

ബീച്ചുകളുടെ നഗരമായ ഗോവ. ലക്ഷ്യം മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് പതിപ്പായ ബലേനോയുടെ റിവ്യൂ ഡ്രൈവ്. സഞ്ചാരികളുടെ ഇഷ്ടപ്രദേശമായ ഗോവയിലുടനീളം ന്യൂ എയ്ജ് ബലേനോയുമായി ദിവസം മുഴുവന്‍...

ഫെബ്രുവരിയിലെ അവസാന ദിവസമാണ് പുതിയ ബലേനോയുടെ റിവ്യൂ ഡ്രൈവിന് തിരഞ്ഞെടുത്തത്. തലേനാള്‍ തന്നെ വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും പുതുമകളും കണ്ടറിഞ്ഞു. സഞ്ചരിക്കാനുള്ള റൂട്ടുകളെ കുറിച്ചുള്ള വിശദീകരണവുമായി മാരുതിയുടെ ഒരു വിഭാഗം ആളുകളും ഒപ്പമുണ്ടായിരുന്നു.

കണ്ട് മനസിലാക്കിയ ബലേനോയ്ക്കൊപ്പമുള്ള യാത്രയ്ക്ക് ഒരു രാത്രിയുടെ കൂടി കാത്തിരിപ്പുണ്ടായിരുന്നു. എനിക്കുള്ള വാഹനം റെഡിയാണെന്ന അറിയിപ്പോടെ അടുത്ത ദിവസം രാവിലെ ആറ് മണിയോടെ മാരുതിയില്‍ നിന്ന് വിളിയെത്തി. അരമണിക്കൂറിനുള്ളില്‍ വാഹനം നിര്‍ത്തിയിരിക്കുന്ന ഹോട്ടല്‍ ലോബിയിലേക്ക് ചെന്നു. നെക്സ ബ്ലൂ നിറത്തിലുള്ള പത്തോളം ബലേനോ നിരന്നുകിടക്കുന്നു. എനിക്ക് മുന്നിലേക്ക് ഒരു ഓപ്ഷനുമായി മാരുതിയുടെ ജീവനക്കാര്‍ എത്തി. ആദ്യം ഓട്ടോമാറ്റിക് ആണോ മാനുവലാണോ ഓടിക്കാന്‍ വേണ്ടത്? ഓട്ടോമാറ്റിക്കില്‍ പുതിയ ട്രാന്‍സ്മിഷന്‍ സ്ഥാനം പിടിച്ചിട്ടുള്ളതിനാല്‍ തന്നെ മറുപടിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ഓട്ടോമാറ്റിക് തന്നെ.

തുടര്‍ന്ന് 1A എന്ന കോഡ് നമ്പറിലുള്ള വാഹനത്തിന്റെ താക്കോല്‍ വാങ്ങി കാറിലേക്ക്, ഏകദേശം വെയില്‍ തെളിഞ്ഞ് തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ വാഹനത്തില്‍ കയറിയ ഉടന്‍ ശ്രദ്ധിച്ചത് വിന്‍ഡോയില്‍ നല്‍കിയിട്ടുള്ള ടിന്റഡ് ഗ്ലാസ് ആയിരുന്നു. തുടക്കം തന്നെ സന്തോഷമായി. കണക്ടിവിറ്റി സംവിധാനത്തിന്റെ അകമ്പടിയോടെ എത്തിയിട്ടുള്ള വാഹനമായിരുന്നതിനാല്‍ തന്നെ ഇന്റര്‍നെറ്റ് സംവിധാനത്തിനായി മാരുതി തന്നെ ഒരു മൊബൈല്‍ ഫോൺ വാഹനത്തിനുള്ളില്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാനുള്ള റൂട്ടുകളും മറ്റും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ സെറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ കൂടി നോക്കി റൂട്ട് ഒന്ന് ഉറപ്പിച്ച ശേഷം വാഹനം സ്റ്റാര്‍ട്ട് ചെയ്തു. യാത്ര തുടങ്ങുന്നു.

സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാറ്റിയതിന്റെ അമര്‍ഷവും കടിച്ചമര്‍ത്തിയാണ് കാറിലേക്ക് കയറിയത്. എ.എം.ടി. അല്ലെങ്കില്‍ എ.ജി.എസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ഗിയര്‍ബോക്സാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. മുമ്പ് ഓടിച്ചിട്ടുള്ള എ.എം.ടി. ട്രാന്‍സ്മിഷന്‍ മോഡലുകള്‍ ഒന്നും പൂര്‍ണതൃപ്തി നല്‍കിയിട്ടില്ലെന്നതാണ് ഈ അമര്‍ഷത്തിന് പ്രധാന കാരണം. ഡ്രൈവ് മോഡിലേക്ക് ഷിഫ്റ്റ് ചെയ്ത് കാര്‍ മുന്നോട്ട് എടുത്തു. മഹാദ്ഭുതം ഒന്നും സംഭവിച്ചില്ല. സാധാരണ ഓട്ടോമാറ്റിക് വാഹനം ഓടിക്കുന്നത് പോലെ തന്നെ. ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് ദേശിയപാതയിലേക്ക് കയറി.

അല്‍പ്പം വേഗതയെടുക്കാമെന്ന തീരുമാനത്തില്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തി. ഗിയറുകള്‍ D1, D2 എന്നിങ്ങനെ മാറി D5 വരെയെത്തി. ഏറ്റവും ടോപ്പ് ഗിയറില്‍ എത്തിയതോടെ എന്റെ മുന്‍വിധികളും ഒരുപരിധി വരെ ഇല്ലാതെയായി. എ.ജി.എസ്. ട്രാന്‍സ്മിഷനാണെങ്കിലും സി.വി.ടിക്ക് സമാനമായ പെര്‍ഫോമെന്‍സ് പുതിയ ബലേനോ നല്‍കുന്നുണ്ട്. എന്ന് കരുതി ഒരു ലാഗുമില്ലാതെ ഒഴുകി പോകുന്ന അനുഭവമല്ല, പക്ഷെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ വളരെ റിഫൈന്‍ഡ് ആയിട്ടാണ് ബലേനോയില്‍ ഈ ട്രാന്‍സ്മിഷന്‍ സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞു. തിരക്കുള്ള റോഡിലും ഒഴിഞ്ഞ നിരത്തുകളിലുമായി 50 കിലോ മീറ്റര്‍ പിന്നിട്ടതോടെ പുതിയ ഓട്ടോമാറ്റിക് സംവിധാനത്തെ ഇഷ്ടപ്പെട്ടു തുടങ്ങി.

വഴിയില്‍ മാരുതി തന്നെ ചുമതലപ്പെടുത്തിയിട്ടുള്ള വളണ്ടിയര്‍മാരുടെയും കാറില്‍ നല്‍കിയിട്ടുള്ള നാവിഗേഷന്‍ സംവിധാനത്തിന്റെ മികവിലും ആദ്യ പോയന്റില്‍ യാതൊരു കണ്‍ഫ്യൂഷനുമില്ലാതെ എത്തി. പിസ്ടോപ്പ്. അവിടെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിഞ്ഞതോടെ ഇനിയുള്ള ഡ്രൈവിങ്ങിനുള്ള മാനുവല്‍ മോഡലും റെഡിയായിരുന്നു. സെയിം കളര്‍, സെയിം വേരിയന്റ് എല്ലാം മുമ്പ് ഓടിച്ച ബലേനോ പോലെ തന്നെ. ആകെയുള്ള ഒരു മാറ്റം മാനുവല്‍ ട്രാന്‍സ്മിഷന്‍ ആണെന്നുള്ളതാണ്. മാനുവലില്‍ മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് മാരുതി അറിയിച്ചിട്ടുള്ളതിനാല്‍ തന്നെ വലിയ എക്‌സൈറ്റ്‌മെന്റ്‌
ഒന്നുമില്ലാതെ തന്നെ വാഹനത്തില്‍ കയറി ഡ്രൈവിങ്ങ് തുടര്‍ന്നു.

മുമ്പ് ഓടിച്ചിട്ടുള്ള ബലേനോ മാനുവല്‍ മോഡലില്‍നിന്ന് കാര്യമായ മാറ്റങ്ങളോന്നും ഫീല്‍ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഡ്രൈവിങ്ങ് അനുഭവത്തെക്കാള്‍ വാഹനത്തിനുള്ളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളിലും പുതുമകളിലുമായിരുന്നു ശ്രദ്ധ. ഹൈവേകളില്‍ പരമാവധി വേഗമെടുക്കാനും ചെറുറോഡുകളില്‍ ക്ലാസിക് ഡ്രൈവിങ്ങ് നടത്താനും മാനുവല്‍ വാഹനത്തിലാണ് വഴിയൊരുങ്ങിയത്. മാനുവല്‍ വാഹനത്തില്‍ ഏറെ ആകര്‍ഷിച്ചത് ത്രോട്ടില്‍ റെസ്പോണ്‍സിന് അനുസരിച്ച് മീറ്ററില്‍ പവറും ടോര്‍ക്കും ഒരു ഡയഗ്രം പോലെ കാണിക്കുന്നതായിരുന്നു. പിന്നെ ഡ്രൈവിങ്ങില്‍ ഇത് മാറുന്നത് കാണാനായിരുന്നു ഏറെ ഇഷ്ടപ്പെട്ടത്.

ഇനി ഫീച്ചറുകളിലേക്ക്

ഫീച്ചറുകള്‍ ശ്രദ്ധിച്ചതോടെ ഒരു കാര്യം ഏറെക്കുറെ ഉറപ്പായി. ബലേനോ പഴയ ബലേനോയല്ല. ഡാഷ് ബോര്‍ഡിന്റെ ഡിസൈനില്‍ തന്നെ മാറ്റം തുടങ്ങുകയാണ്. ബ്ലാക്ക് നിറത്തിലാണ് അലങ്കരിച്ചിട്ടുള്ളതെങ്കിലും ചാരനിറത്തിലുള്ള ഒരു സ്ട്രിപ്പ് ഇവയിലൂടെ കടന്നുപോകുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ലെതര്‍ ആണെന്ന തെറ്റിദ്ധരിപ്പിക്കുന്ന ഡിസൈനിലാണ് പ്ലാസ്റ്റിക്കില്‍ ഡാഷ് ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും കാണാം. സ്റ്റാന്റ് എലോണ്‍ എന്നാണ് സാങ്കേതികമായി മാരുതി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തൊട്ടു താഴെ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും നല്‍കിയിട്ടുണ്ട്. പിന്നീട് അങ്ങോട്ട് സ്റ്റോറേജ് ഏരിയയുടെ ആറാട്ടാണ്. മൊബൈല്‍ വയ്ക്കുന്നതിനും ഗ്ലാസ് വയ്ക്കുന്നതിനായുമായി ഇഷ്ടംപോലെ സ്ഥലമാണ് ഒഴിച്ചിട്ടിരിക്കുന്നത്. ഇവിടെ യു.എസ്.ബിയും സി-ടൈപ്പുമായി രണ്ട് മൊബൈല്‍ ചാര്‍ജിങ്ങും പോര്‍ട്ടുകളുമുണ്ട്.

വീണ്ടും ഇന്‍ഫോടെയ്ന്‍മെന്റിലേക്ക്. ഒമ്പത് ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് സിസ്റ്റമാണ് ഇതിലുള്ളത്. മുമ്പ് പറഞ്ഞ നാവിഗേഷന്‍ ഉള്‍പ്പെടെ സാങ്കേതിക സംവിധാനങ്ങളുടെ വലിയ നിരയാണ് ഇതിലുള്ളത്. മുമ്പ് ആക്സസറിയായി നല്‍കിയിരുന്ന സുസുക്കി കണക്ട് പുതിയ ബലേനോയില്‍ അടിസ്ഥാന ഫീച്ചറായാണ് നല്‍കിയിട്ടുള്ളത്. മൊബൈലും വാഹനവും തമ്മില്‍ ബന്ധിപ്പിക്കുന്ന സംവിധാനമായാണ് ഇത് ഒരുക്കിയിട്ടുള്ളത്. അതായത് നമ്മള്‍ വാഹനത്തില്‍ ഇല്ലെങ്കില്‍ പോലും മൊബൈല്‍ ഫോണിലൂടെ വാഹനവുമായുള്ള ബന്ധം ഉറപ്പിക്കുന്ന സാങ്കേതികവിദ്യ. 100 കിലോ മീറ്റര്‍ നീണ്ട യാത്രയില്‍ കാറിലെ ഒട്ടുമിക്ക സാങ്കേതിക സംവിധാനങ്ങളെയും പരിചയപ്പെടാനും സാധിച്ചു.

ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്ന് ഇഗ്‌നീഷ്യൻ ഓണ്‍ ചെയ്തതോടെ പല നിറത്തില്‍ മീറ്ററുകള്‍ മിന്നിത്തെളിഞ്ഞു. രണ്ട് അനലോഗ് മീറ്ററും ഒരു ഡിജിറ്റല്‍ ഡിസ്പ്ലേയുമാണ് ഉള്ളത്‌. എന്നാല്‍, അധികനേരം മീറ്ററില്‍ കണ്ണുടക്കി നിന്നില്ല. വാഹനം ഓണ്‍ ആയതോടെ ഡ്രൈവറിന് മുന്നില്‍ ഡാഷ്ബോര്‍ഡില്‍ ഒരു അറ തുറക്കുന്നു. അതില്‍നിന്ന് ഗ്ലാസ് ഡിസ്പ്ലേ ഉയര്‍ന്നുവരുന്നു. മറ്റൊന്നുമല്ല, ഹെഡ്അപ്പ് ഡിസ്പ്ലേയാണ്. മീറ്ററിലെ കാര്യങ്ങളൊക്കെ അതിലുണ്ട്. ഡ്രൈവർക്ക് മീറ്ററിലേക്ക് നോക്കേണ്ട കാര്യമില്ല. തൊട്ടുമുന്നിൽ ഡിസ്‌പ്ലേ വ്യക്തം. പിന്നെ ഞെട്ടിച്ചത് 360 ഡിഗ്രി ക്യാമറ വ്യൂവാണ്. വലിയ വാഹനങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും ഹാച്ച്ബാക്കില്‍ ഇത് ആദ്യമായാണ്. ഇത് രണ്ടെണ്ണമാണ് സെഗ്മെന്റിലെ ഫസ്റ്റ് ഫീച്ചറുകളായി നല്‍കിയിട്ടുള്ളത്.

അത്യാവശം വലിപ്പമുള്ളതും മികച്ച സപ്പോര്‍ട്ട് തരുന്നതുമായ സീറ്റുകള്‍. വീതി കുറച്ച്, നീളത്തില്‍ നല്‍കിയിട്ടുള്ള ഹെഡ്റെസ്റ്റ് എന്നിവ കൊള്ളാമെന്ന് തോന്നി. മുന്‍നിരയിലെ യാത്രക്കാരനായപ്പോള്‍ ലെഗ്റൂം ഉള്‍പ്പെടെയുള്ള സൗകര്യത്തിലും തൃപ്തനായി. ഉയര്‍ന്ന വകഭേദമായിട്ടും ലെതര്‍ സീറ്റുകള്‍ നല്‍കാതെ ഫാബ്രിക് സീറ്റുകള്‍ ഒരുക്കിയിട്ടുള്ളതും ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്‍നിരയില്‍ രണ്ട് യാത്രക്കാര്‍ക്കായാണ് ഒരുക്കിയിട്ടുള്ളത്. എന്നാലും ഹാന്‍ഡ് റെസ്റ്റ് നല്‍കാതിരുന്നതില്‍ വിയോജിപ്പ് തോന്നി. അങ്ങനെ നോക്കിയാല്‍ എതിരാളികളില്‍ ഉള്ളത് പോലെ സണ്‍റൂഫ് പോലുള്ള ഫീച്ചറുകള്‍ ഇതില്‍ നല്‍കിയിട്ടില്ലല്ലോയെന്ന് ഓര്‍ത്ത് സമാധാനിച്ചു.

ഇനി സ്‌റ്റൈല്‍

മുമ്പത്തേത് പോലെയല്ല, ബലേനോ കൂടുതല്‍ സുന്ദരനായിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. മാരുതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വരുംതലമുറ ഡിസൈനിലാണ് പുതിയ ബലേനോ ഒരുങ്ങിയിട്ടുള്ളത്. പുറമേയുള്ള ഓരോ ഫീച്ചറുകള്‍ക്കും പേര് നല്‍കിയിട്ടുള്ളത് പോലും അത്തരത്തിലാണ്. NEXTre എന്‍.ഇ.ഡി. ഡി.ആര്‍.എല്‍, NEXWave ഗ്രില്ല്, എന്നിങ്ങനെയാണ് പേര് നല്‍കിയിട്ടുള്ളത്. നിരയായി നല്‍കിയിട്ടുള്ള മൂന്ന് എല്‍.ഇ.ഡി. സ്റ്റഡുകളാണ് ഡി.ആര്‍.എല്‍. ആയിരിക്കുന്നത്. ക്രോമിയം ബോര്‍ഡര്‍ നല്‍കി ബ്ലാക്ക് ഫിനിഷിങ്ങിലാണ് ഗ്രില്ല്. പ്രൊജക്ഷന്‍ ഹെഡ് ലാമ്പ്‌ തുടരുന്നുണ്ടെങ്കിലും ഫോഗ് ലാമ്പ്‌
എല്‍.ഇ.ഡിയായതും ഡിസൈനിങ്ങ് പുതുമയാണ്.

മുഖഭാവം കൊണ്ട് മാറ്റം അവസാനിക്കുന്നില്ല. 16 ഇഞ്ച് വലിപ്പത്തില്‍ ഇരട്ട നിറങ്ങളില്‍ ഒരുങ്ങിയിട്ടുള്ള പ്രിസിഷന്‍ കട്ട് അലോയി വീലാണ് വശങ്ങളുടെ സൗന്ദര്യം. വാഹനത്തിന് കൂടുതല്‍ കരുത്തേകുന്നതിനുള്ള തന്ത്രവും വശങ്ങളിലാണ് പയറ്റിയിട്ടുള്ളത്. ബോഡി ഷെല്ലുകളില്‍ ഹൈ-ടെന്‍സില്‍ സ്റ്റീല്‍ നല്‍കിയാണ് വാഹനത്തെ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. പിന്നിലേക്ക് വരുമ്പോഴും അല്‍പ്പസ്വല്‍പ്പം മാറ്റം ദര്‍ശിക്കാനാകും. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ ലാമ്പും പുതുമയുള്ള അക്ഷരത്തില്‍ പതിച്ചിട്ടുള്ള ബലേനോ ബാഡ്ജിങ്ങ്, അഗ്രസീവ് ബംമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. ആറ് എയര്‍ബാഗ്, ഇ.ബി.ഡി, ഇ.എസ്.പി. തുടങ്ങിയവ ബലേനോയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും.

എന്‍ജിന്‍- വില

മെക്കാനിക്കലായ മാറ്റം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമാണെന്നാണ് മാരുതി പറഞ്ഞിരുന്നത്. എന്നാല്‍, മൈലേജ് ഉറപ്പാക്കുന്നതിനായി നല്‍കിയ ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് (ഐ.എസ്.എസ്.) സംവിധാനമാണ് കൂടുതല്‍ ഹൈലൈറ്റ്. ഒരു നിശ്ചിതസമയം വാഹനം നിര്‍ത്തിയിട്ടാല്‍ എന്‍ജിന്‍ സൈലന്റ് മോഡിലേക്ക് പോകുന്നതാണ് സാങ്കേതികത. കാറിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് വി.വി.ടി. പെട്രോള്‍ എന്‍ജിനാണ് ബലേനോയുടെ ഹൃദയം. ഇത് 90 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള പുതിയ ബലേനോയ്ക്ക്‌ 6.35 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.

Content Highlights: Maruti Suzuki New Age Baleno- Maruti Baleno Drive, Review Drive, Maruti Baleno Review

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented