സ്വന്തം പറമ്പില്‍ കായ്ച്ചത് അയല്‍ക്കാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് 'ജിംനി'യുടേത്. ഇന്ത്യക്കാരെ കാണിച്ച് കൊതിപ്പിച്ച്, ഇവിടെത്തന്നെ നിര്‍മിച്ച്, മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത് കാണുകയാണ് നമ്മള്‍. 'മാരുതി സുസുക്കി, നിങ്ങള്‍ ചെയ്യുന്നത് ക്രൂരതയാണ്...' ഇന്ത്യക്കാര്‍ ഇക്കാര്യം പറയാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. എന്നാല്‍, ഇപ്പോള്‍ 'ജിംനി'യുടെ അഞ്ചു സീറ്റര്‍ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് സുസുക്കി. 

ഒരുപക്ഷേ, അടുത്ത വര്‍ഷം ജിംനിയെ ഇന്ത്യയിലെ 'നെക്‌സ' ഷോറൂമുകളില്‍ കണ്ടേക്കാമെന്ന പാതി ഉറപ്പും അവര്‍ നല്‍കുന്നുണ്ട്. ജിംനിയെക്കുറിച്ച് വാഹനലോകത്ത് ചര്‍ച്ച തുടങ്ങിയിട്ട് കാലം കുറേയായി. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഓട്ടോ ഷോയില്‍ കൊണ്ടുവന്ന് മോഹിപ്പിക്കുകയും ചെയ്തു. വിലയും വരവിന്റെ ദിവസവുമായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. എന്നാല്‍, അവിടെ എല്ലാവരും ചിരിച്ചൊഴിഞ്ഞു, 'വരും' എന്ന് ഉറപ്പും നല്‍കി. 

ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് 'ജിപ്‌സി' പിന്‍വലിക്കുമ്പോള്‍ മാരുതി നല്‍കിയ വാക്കാണ് ജിപ്‌സിയെക്കാള്‍ കരുത്തനായി 'ജിംനി' എത്തിക്കുമെന്ന്. ആ ഉറപ്പ് ഉറപ്പായി നില്‍ക്കുകയാണെന്നു മാത്രം. ഇപ്പോള്‍ ഹരിയാണയിലെ ഗുരുഗ്രാമിലെ സുസുക്കി നിര്‍മാണ ശാലയിലും ജിംനി നിര്‍മിക്കുന്നുണ്ട്. കടല്‍ കടന്ന് പോകാനാണെന്നു മാത്രം.അതിനിടെയാണ് പുതിയ അഞ്ചു സീറ്റര്‍ ജിംനി പുറത്തിറക്കുമെന്ന പ്രഖ്യാപനം വന്നത്. 

Suzuki Jimny
സുസുക്കി ജിംനി | Photo: Global Suzuki

ഈ വര്‍ഷം നടക്കുന്ന ടോക്കിയോ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കോവിഡിനെ തുടര്‍ന്ന് ഷോ റദ്ദാക്കി. ജിംനിയുടെ ഫെയ്സ് ലിഫ്റ്റിന്റെയും പുതിയ അഞ്ചു സീറ്റര്‍ ജിംനിയുടേയും പ്രദര്‍ശനം അടുത്ത വര്‍ഷത്തേക്കാണ് മാറ്റിയത്. ടര്‍ബോ എന്‍ജിനോട് കൂടിയ മൂന്നു ഡോര്‍ പതിപ്പും ഇതിനൊപ്പം പ്രദര്‍ശിപ്പിക്കും.

യൂറോപ്യന്‍ മലീനികരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ജിംനിയെ കമ്പനി യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പുതിയ മോഡലും അഞ്ചു സീറ്റര്‍ മോഡലും ഒരുമിച്ചാകും എത്തുന്നത്. അഞ്ചു സീറ്റര്‍ മോഡലില്‍ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ചെറിയ മോഡലിന് 1.4 ലീറ്റര്‍ ടര്‍ബോ എന്‍ജിനുമാകും വരുന്നത്. നാലു മീറ്ററില്‍ താഴെ നീളമായിരിക്കും പുതിയ വാഹനത്തിനെന്നാണ് അറിയുന്നത്. ഇതായിരിക്കും ഇന്ത്യയിലേക്ക് വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

3,850 എ.എം. നീളവും 1,645 എം.എം. വീതിയും 1,730 എം.എം. ഉയരവും 2,550 എം.എം. വീല്‍ബെയ്സുമുണ്ടാകും. യൂറോപ്യന്‍ വിപണികളില്‍ ഈ വര്‍ഷം പകുതിയോടെ ജിംനിയുടെ ലോങ് വീല്‍ ബേസ് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സുസുക്കി. ഇതിനു പിന്നാലെ ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ജിംനിയെ ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

Maruti Jimny
 ജിംനി | Photo: Twitter @Maruti_Corp

ബോക്‌സി രൂപത്തിലാണ് ജിംനി ഒരുങ്ങിയിട്ടുള്ളത്. റൗണ്ട് ഷേപ്പിലുള്ള ഹെഡ്ലാമ്പ്, അഞ്ച് സ്ലാറ്റ് ബ്ലാക്ക് ഗ്രില്ല്, ലോ സെറ്റ് ഫോഗ് ലാമ്പ്, വീതിയുള്ള വീല്‍ ആര്‍ച്ച്, അലോയി വീല്‍, ഹാച്ച്ഡോറില്‍ നല്‍കിയിട്ടുള്ള സ്റ്റെപ്പിനി ടയര്‍, ദൃഢതയുള്ള ലാഡര്‍ ഫ്രെയിം ഷാസി, എയര്‍ ബാഗ്, എ.ബി.എസ്., ഇ.എസ്.പി, പവര്‍ സ്റ്റീയറിങ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുമൊക്കെയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ജിംനിയെ സ്‌റ്റൈലിഷാക്കുന്നത്.103 ബി.എച്ച്.പി. പവറും 138 എന്‍.എം. ടോര്‍ക്കും ഏകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇന്ത്യയിലെത്തുന്ന ജിംനിക്ക് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. 

ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലെത്തുന്ന ഈ വാഹനത്തില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പ് ഹിറ്റാണ്. കയറ്റുമതിക്കായാണ് ജിംനിയുടെ അസംബ്ലിങ് ഹരിയാണയിലെ ഗുരുഗ്രാമിലുള്ള നിര്‍മാണശാലയില്‍ ആരംഭിച്ചത്. തുടക്കത്തില്‍ രാജ്യാന്തര വിപണിക്കും അതിനുശേഷം ഇന്ത്യന്‍ വിപണിക്കുമായുള്ള ജിംനി ഇന്ത്യയില്‍നിന്ന് പുറത്തിറങ്ങും. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയായിരിക്കും ഇന്ത്യയില്‍ വില്‍പ്പന.