കാടും മലയും പുഴയുമൊന്നും സീനല്ല;' ഫുൾ പവറാണ്' ജിമ്നി| ടെസ്റ്റ് ഡ്രൈവ് അനുഭവം


അജിത് ടോം

5 min read
Read later
Print
Share

ജിമ്‌നിയുടെ കരുത്തും പെര്‍ഫോമെന്‍സും അറിയാനും സൗന്ദര്യം ആസ്വദിക്കാനും ഡെറാഡൂണിനേക്കാൾ പറ്റിയ മറ്റൊരു സ്ഥലമില്ല

.

മെയ് മാസത്തിലെ ആദ്യ ആഴ്ച ഒരു ഇമെയില്‍ വന്നു, ജിമ്‌നി ഈസ് ഹിയര്‍, ബ്ലോക്ക് യുവര്‍ ഡേറ്റ് എന്നായിരുന്നു ഉള്ളടക്കം. പക്ഷെ ഇതൊട്ടും അപ്രതീക്ഷിതമൊന്നുമായിരുന്നില്ല. 2023 ജനുവരിയിലെ ഓട്ടോ എക്‌സ്‌പോയില്‍ കണ്ടപ്പോള്‍ മുതല്‍ ജിമ്‌നിയുടെ മീഡിയ ഡ്രൈവ് കാത്തിരിക്കുന്നതാണ്. പ്രതീക്ഷിക്കാത്തത് സംഭവിച്ചത് ഡ്രൈവ് നടക്കുന്ന സ്ഥലമായിരുന്നു. ഓഫ് റോഡ് വാഹനമായതിനാല്‍ മൂന്നാറില്‍ നടത്തുമെന്നായിരുന്നു ആദ്യ കിംവദന്തികള്‍, പിന്നെ ആരൊക്കെയോ പറഞ്ഞു കേട്ടു ലഡാക്കില്‍ ആയിരിക്കുമെന്ന്. പരസ്യചിത്രീകരണം സീനായതോടെ അവിടെയും നടക്കില്ലെന്ന് പിന്നീട് അറിഞ്ഞു. ഇനി എവിടെയെങ്കിലും ആകട്ടെ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സംഗതി ഡെറാഡൂണിലാണെന്നും പറഞ്ഞ് അടുത്ത മെയില്‍ വരുന്നത്.

ഒന്ന് ഗൂഗിളില്‍ തപ്പിയപ്പോള്‍ മനസിലായി സ്ഥലം ജിമ്‌നി ഓടിക്കാന്‍ പറ്റിയത് തന്നെയാണ്. വലിയ കുന്നുകളും മോശമല്ലാത്ത കുറച്ച് കാടുകളും വെള്ളപ്പൊക്കത്തിന്റെ അവശേഷിപ്പ് പോലെ കിടക്കുന്ന വരണ്ട് പുഴകളുമെല്ലാം ചേര്‍ന്നതാണ് ഈ സ്ഥലം. ജിമ്‌നിയുടെ കരുത്തും പെര്‍ഫോമെന്‍സും അറിയാനും ഈ വാഹനത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ഇതിലും പറ്റിയ ഒരു സ്ഥലമില്ല. ഡെറാഡൂണിലെത്തി പുലര്‍ച്ചെ ജിമ്‌നിയുടെ ഡ്രൈവിനിറങ്ങുമ്പോള്‍ ചെറിയ ചാറ്റല്‍ മഴയില്‍ നനഞ്ഞ് സുന്ദരിയായി കിടക്കുകയായിരുന്നു നമ്മുടെ മഞ്ഞ ജിമ്‌നി.

ഡ്രൈവിങ്ങ് സീറ്റില്‍

ഓട്ടോ എക്‌സ്‌പോയിലെ ആള്‍ക്കുട്ടത്തിന്റെ ഇടയിലാണ് ആദ്യം ജിമ്‌നി കണ്ടതെങ്കില്‍ ഇവിടെ എനിക്കുവേണ്ടി മാത്രം ഒരു ജിമ്‌നി ഉണ്ടായിരുന്നു. ആദ്യം ജിമ്‌നിയെ മൊത്തത്തില്‍ ഒന്നുകണ്ടു. ഡ്രൈവിങ്ങ് സീറ്റില്‍ കയറി വണ്ടി സ്റ്റാര്‍ട്ടാക്കി വരിവരിയായി കിടക്കുന്ന ജിമ്‌നികള്‍ക്കൊപ്പം ഞാനും യാത്ര ആരംഭിച്ചു. മാല്‍ദേവ്ത നദികരയിലേക്കായിരുന്നു യാത്ര. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട യാത്ര. ഈ ഡ്രൈവിങ്ങ് മാത്രമേയുള്ളൂ നല്ല റോഡിലൂടെ പിന്നെയെല്ലാം പുഴയിലും മലയിലുമൊക്കെയാണെന്ന് ആരോ പറഞ്ഞു. അതുകൊണ്ടുതന്നെ കൃത്യമായി നിര പാലിച്ച് മറ്റ് ജിമ്‌നികള്‍ക്കൊപ്പം ഒരു അടിപൊളി ഡ്രൈവിങ്ങ്. ചെന്നിറങ്ങിയത് പേരിന് മാത്രം വെള്ളമൊഴുകുന്ന ഒരു വലിയ പുഴയിലേക്കായിരന്നു.

അല്‍പ്പനേരം ഓഫ് റോഡില്‍

ആദ്യ കാഴ്ചയില്‍ തന്നെ ഓഫ് റോഡിന് ഏറ്റവും പറ്റിയ സ്ഥലമെന്ന് തോന്നുന്ന ഡെറാഡൂണിലെ മാല്‍ദേവ്ത നദിയിലും കരയിലുമായായിരുന്നു അത്യാവശ്യം കഠിനമായ ട്രാക്ക് ഒരുങ്ങിയിരുന്നത്. ആറ് സ്‌റ്റേജുകളായാണ് ജിമ്‌നിയുടെ ശേഷി പരീക്ഷിക്കേണ്ടത്. അര്‍ട്ടിക്കുലേഷനിന്‍ ടെസ്റ്റും വാട്ടര്‍ വാഡിങ്ങുമെല്ലാം നിസാരമായി ജിമ്‌നി വിജയിച്ചു. അപ്രോച്ച് ആംഗിളും ഡിപാര്‍ച്ചര്‍ ആംഗിളും ഒക്കെ പരീക്ഷിച്ചതും സൈഡ് ഇന്‍ക്ലെയില്‍ പരീക്ഷകളും ഡ്രൈവര്‍ പേടിച്ചിട്ടുണ്ടെങ്കിലും ജിമ്‌നിക്ക് ഒരു വിഷയമായിരുന്നില്ല. സസ്‌പെന്‍ഷനുകളും ഹാന്‍ഡിലിങ്ങിലുമെല്ലാം കുതിരയെ പോലെ കുതിച്ചായിരുന്നു ജിമ്‌നിയുടെ പോക്ക്. കാഴ്ചയിലെ കുട്ടിത്തമൊന്നും ട്രാക്കില്‍ കണ്ടില്ലെന്ന് ചുരുക്കം.

ക്യൂട്ട് ലുക്കില്‍ ഓഫ്‌റോഡ് ശേഷിയുള്ള വാഹനമെത്തിക്കാമെന്ന് മാരുതി സുസുക്കി ഗ്രാന്റ് വിത്താരയിലൂടെ തന്നെ തെളിയിച്ചതാണ്. എന്നാല്‍, ജിമ്‌നി ക്യൂട്ട് ലുക്കുള്ള അടിമുടി ഓഫ് റോഡ് വാഹനമാണ്. ബോക്‌സി രൂപം തന്നെ ഓഫ് റോഡിന് ഇണങ്ങുന്ന തരത്തിലാണ്. ലാഡര്‍ ഫ്രെയിം ഷാസിയില്‍ ഒരുങ്ങുകയും കൂടി ചെയ്തതോടെ ശരിക്കും ഒരു ഓഫ് റോഡ് വാഹനമായി മാറുകയാണ് ജിമ്‌നി. ഇത്രയും കുറഞ്ഞ വലിപ്പത്തില്‍ ആദ്യമായി ചോദ്യമുയരുന്നത് ഗ്രൗണ്ട് ക്ലിയറന്‍സിലായിരിക്കും. 210 എം.എം. ആണത്. ഇതിനുപുറമെ, 36 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 47 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍, 24 ഡിഗ്രി ബ്രേക് ഓവര്‍ ആംഗിള്‍ എന്നിവ ജിമ്നിയുടെ പ്രത്യേകതകളാണ്. ഇതിലും എടുത്തു പറയേണ്ട ഒന്ന് 3 ലിങ്ക് റിജിഡ് ആക്‌സില്‍ ടൈപ്പ് വിത്ത് കോയില്‍ സ്പ്രിങ് സസ്‌പെന്‍ഷന്റെ മികവാണ്.

സോളിഡ് റിയര്‍, ഫ്രണ്ട് ആക്‌സില്‍, ഹില്‍ സ്റ്റാര്‍ട്ട്, ഹില്‍ ഡിസന്റ്, ഇഎസ്പി, ഇലക്ട്രോണിക് ബ്രേക് ഡിഫ്രന്‍ഷ്യല്‍ എന്നിവ കൂടി ചേരുന്നതോടെ ഒരു ഓഫ് റോഡ് വാഹനമാകാന്‍ വേറെന്ത് വേണമെന്നാകും ചിന്ത. ടു വീല്‍ ഹൈ അല്ലെങ്കില്‍ 2 എച്ച് (കരുത്ത് പിന്‍ വീലുകളില്‍ മാത്രം പ്രധാനമായും ഹൈവേകള്‍ക്ക്), ഫോര്‍ വീല്‍ ഹൈ അല്ലെങ്കില്‍ 4 എച്ച് ( കരുത്ത് നാല് വീലിലേക്കും ചെറിയ തരത്തിലുള്ള ഓഫ് റോഡുകള്‍ക്കായി), ഫോര്‍ വീല്‍ ലോ അഥവാ 4 എല്‍ ( എക്‌സ്ട്രീം ഓഫ് റോഡുകള്‍ക്ക് വേണ്ടി) എന്നീ മോഡുകളുണ്ട്. ഗിയറിന് സമീപത്തെ കുട്ടി ഗിയറില്‍ 2എച്ച്, 4 എച്ച് എന്നിവ ഡ്രൈവിങ്ങില്‍ തന്നെ ഇടാം. 4 എല്ലിലേക്ക് മാറാന്‍ വാഹനം ഒന്ന് നിര്‍ത്തേണ്ടി വരും.

ആദ്യ കാഴ്ച

കൃത്യമായി പറഞ്ഞാല്‍ 2023 ജനുവരി 12-ാം തിയതിയാണ് അഞ്ച് ഡോര്‍ ജിമ്‌നിയെ ആദ്യമായി ലോകം കാണുന്നത്. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം പ്രദര്‍ശിപ്പിച്ചത്. ത്രീ ഡോര്‍ മോഡലുമായി വലിയ മാറ്റമൊന്നും പറയാനില്ലാത്ത വാഹനമാണ് ഫൈവ് ഡോര്‍ ജിമ്‌നിയും. മൊത്തത്തില്‍ ന്യൂജനറേഷനാണ്. എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും, ക്രോമിയത്തില്‍ പൊതിഞ്ഞ ഗ്രില്ലും, ഹെഡ്‌ലാമ്പ് വാഷറുമെല്ലാമാണ് മുന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. രണ്ട് ഡോറുകള്‍ അധികമായി നല്‍കിയെന്നത് ത്രീ ഡോര്‍ ജിമ്‌നിയില്‍ നിന്ന് ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റം. റോഡിനെക്കാള്‍ ഉപരി ഓഫ് റോഡ് പ്രേമികളുടെ ഇഷ്ടവാഹനമായതിനാല്‍ മൊത്തത്തില്‍ കുറച്ച് പൊക്കമുള്ള വാഹനമാണിത്. പിന്‍ഭാഗത്ത് ഡോറില്‍ സ്‌പെയര്‍ വീല്‍ ഒക്കെ നല്‍കിയിരിക്കുന്ന മൊത്തത്തില്‍ വാഹനത്തെ സ്റ്റൈലാക്കുന്നുണ്ട്. മൊത്തത്തില്‍ ക്യൂട്ടായിട്ടുള്ള ഒരു വാഹനം തന്നെയാണ് ജിമ്‌നി.

ന്യൂജെന്‍ ഇന്റീരിയര്‍

നാലുപേര്‍ക്ക് അടിപൊളിയായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ലേഔട്ടിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിങ്ങ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയിലേക്ക് നോക്കിയാല്‍ ഗ്രാന്റ് വിത്താരയാണെന്ന് തോന്നും. മുന്നിലെ രണ്ട് സീറ്റുകളെ കുറിച്ച് മോശം പറയാന്‍ പറ്റില്ല. വളരെ കംഫര്‍ട്ടബിള്‍ ആക്കുന്ന അത്യാവശം വലിപ്പമുള്ള ഫാബ്രിക് സീറ്റുകളാണ് രണ്ടാം നിരയിലെ സീറ്റുകള്‍ അത്രകണ്ട് മികച്ചതാണെന്ന് പറയാനാവില്ല. വീതിയും സപ്പോര്‍ട്ടും കുറച്ച് കമ്മിയാണ്. അതേസമയം, ലെഗ്‌റൂമിന്റെ കാര്യത്തില്‍ പിശുക്ക് കാണിച്ചില്ല, വാരിക്കോരി നല്‍കിയിട്ടുണ്ട്. പിന്‍നിരയില്‍ രണ്ടുപേര്‍ക്കാണ് കംഫര്‍ട്ടബിള്‍ എങ്കിലും ഒന്ന് ശ്രമിച്ചാല്‍ മൂന്നുപേര്‍ക്ക് യാത്രയാകാം.

അഴകളവുകള്‍

ലൈഫ് സ്‌റ്റൈല്‍ എസ്.യു.വിയുടെ ഭാവങ്ങള്‍ ഉള്ള വാഹനമാണ് മാരുതി സുസുക്കി ജിമ്നി. എന്നാല്‍, വലിപ്പത്തില്‍ കോംപാക്ട് എസ്.യു.വിയുമായും താരതമ്യം ആകാം. 3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്ക്കൊപ്പം 2590 എം.എം. വീല്‍ബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ജിമ്നിക്കുള്ളത്. അപ്രോച്ച് ആംഗിള്‍ 36 ഡിഗ്രിയും ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ 50 ഡിഗ്രിയുമാണുള്ളത്. 208 ലിറ്റര്‍ ബൂട്ട് സ്പേസാണ് സാധാരണ രീതിയില്‍ നല്‍കുന്നത്. എന്നാല്‍, പിന്‍നിരയിലെ സീറ്റുകള്‍ മടക്കി ഇത് 332 ലിറ്ററായി ഉയര്‍ത്താനും സാധിക്കും. മാനുവല്‍ മോഡലിന്റെ കെര്‍ബ് വെയിറ്റ് 1200 കിലോഗ്രാം വരെയും ഓട്ടോമാറ്റിക് മോഡലിന് 1210 കിലോഗ്രാം വരെയുമാണ്.

എന്‍ജിന്‍

മാരുതി സുസുക്കിയുടെ തന്നെ നിര്‍മിതിയായ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായി ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള ഓള്‍ഗ്രിപ്പ് പ്രോ സംവിധാനവും ജിമ്നിയില്‍ നല്‍കിയിട്ടുണ്ട്. മള്‍ട്ടിപോയിന്റ് ഇഞ്ചക്ഷന്‍ ഫ്യുവല്‍ ഡിസ്ട്രിബ്യൂഷന്‍ സംവിധാനമാണ് ഈ എന്‍ജിനൊപ്പം ഒരുക്കിയിരിക്കുന്നത്.

സുരക്ഷ മസ്റ്റ്

ഏറ്റവും സുരക്ഷിതമായാണ് മാരുതി സുസുക്കി ജിമ്നി ഒരുക്കിയിട്ടുള്ളത് എന്നതാണ് പ്രധാന പ്രത്യേകത. സൈഡ് ആന്‍ഡ് കര്‍ട്ടണ്‍ എയര്‍ബാഗ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ് ഫങ്ഷന്‍, റിയര്‍വ്യൂ ക്യാമറ, സൈഡ് ഇംപാക്ട് ഡോര്‍ ബീമുകള്‍, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനര്‍/ ഫോഴ്സ് ലിമിറ്റര്‍, ഐസോഫിക്സ് സീറ്റ് ബെല്‍റ്റ് ആങ്കറുകള്‍, ത്രീ പോയന്റ് എമര്‍ജന്‍സി ലോക്കിങ്ങ് സീറ്റ് ബെല്‍റ്റുകള്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ തുടങ്ങിയവയാണ് ജിമ്നിക്ക് സുരക്ഷയൊരുക്കുന്ന ഫീച്ചറുകള്‍.

റോഡിലും കേമന്‍

ഓഫ് റോഡിന് ഇണങ്ങുന്ന വാഹനമെന്ന് പറയുമ്പോള്‍ റോഡില്‍ മോശമാണ് എന്നര്‍ഥമില്ല. റോഡിലും പ്രകടനം ഗംഭീരമാണ്. മികച്ച റെസ്‌പോണ്‍സുള്ള സ്റ്റിയറിങ്ങ് വീല്‍ ഹൈവേയില്‍ ഉള്‍പ്പെടെ നല്‍കുന്ന കോണ്‍ഫിഡന്‍സ് അപാരമാണ്. വളഞ്ഞ് തിരിഞ്ഞ് കിടക്കുന്ന ചുരം റോഡിലും ഹൈവേകളിലും ഡ്രൈവറിനെയോ യാത്രക്കാരനെയോ മടുപ്പിക്കുന്നില്ലെന്നത് വാസ്തവം. ഓട്ടോമാറ്റിക് വാഹനമാണ് ഒരുപടി കൂടി മുന്നില്‍ നില്‍ക്കുന്നത് എന്ന് പറയാം.

Content Highlights: Maruti Suzuki Jimny First Drive Experience, Maruti Jimny Media Drive, Jimny Off Road drive

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Driver less taxi car

2 min

പറക്കും ടാക്‌സികള്‍, ഡ്രൈവറില്ലാ കാറുകള്‍; ഫാന്റസിയല്ല, സ്വപ്‌നതുല്യമായ ഗതാഗതം ഒരുക്കാന്‍ യു.എ.ഇ.

Oct 2, 2023


Laverna Bus-Director Siddque

1 min

സംവിധായകന്‍ സിദ്ദിഖിന് മലപ്പുറത്ത് മറ്റൊരു മേല്‍വിലാസമുണ്ട്, ബസ് മുതലാളി

Aug 10, 2023


Car Fire

2 min

അധികഫിറ്റിങ് അപകടകാരി.. വാഹനത്തിന് തീപിടിക്കാനുള്ള കാരണങ്ങളും, ശ്രദ്ധിക്കേണ്ടവയും

Feb 3, 2023

Most Commented