
-
ഇളമുറക്കാരനാണെങ്കിലും ഇപ്പോള്‍ തറവാട്ടിലെ മുന്‍നിരക്കാരനാണ് 'ബ്രെസ'. കാരണം യുവത്വത്തിന്റെ തിളപ്പുതന്നെ. വലിയ തറവാട്ടുമഹിമയൊക്കെയുള്ള കുടുംബമാണ്. ധാരാളം അംഗങ്ങളുമുണ്ട്. ഇക്കാലമത്രയും നാട്ടുപ്രമാണിമാരായി വിലസിയവരാണ് തറവാട്ടിലെ അംഗങ്ങളൊക്കെ. കാലംമാറുന്നതിന് പുതിയ തലമുറയും പാരമ്പര്യം വിട്ടുകളഞ്ഞില്ല. ഇപ്പോള്‍ ബ്രെസയുടെ കാലമാണ്.
മാരുതി സുസുക്കി എന്ന തറവാടിന്റെ കൊടിയടയാളമായി വിലസുകയായിരുന്നു. നാലുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം എണ്ണംപറഞ്ഞ ബ്രെസകള്‍ റോഡില്‍ പായുന്നുണ്ട്. അന്ന് ഇറങ്ങുമ്പോള്‍ ഡീസല്‍ മാത്രമേ ഇറക്കൂവെന്ന് ശാഠ്യവുമുണ്ടായിരുന്നു. അത് ഇത്രയുംകാലം നിലനിര്‍ത്തുകയും ചെയ്തു. ഒരൊറ്റ എന്‍ജിനില്‍ത്തന്നെ ഇക്കാലമത്രയും ഒന്നാം സ്ഥാനത്ത് വിരാജിക്കുമ്പോള്‍, എതിരാളികള്‍ക്ക് ഒരു ചെറിയ അനുഭാവം പോലും നല്കിയുമില്ല. അന്നേ നാട്ടുകാര്‍ ചോദിച്ചിരുന്നു, എന്തേ പെട്രോളിന് ഒരു അമാന്തം. അന്നെന്താ പറഞ്ഞതെന്നറിയോ... 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ദാസാ...' എന്ന്.
അതിനു പിന്നാലെയാണ് കുടുംബം ഇനി ഡീസല്‍ എന്ജിന് കൈകൊണ്ട് തൊടില്ലെന്ന്, കളരിപരമ്പര ദൈവങ്ങളെ സാക്ഷിനിര്‍ത്തി സത്യംചെയ്തത്. അതിനപ്പുറം വേറെ എന്തെങ്കിലുമുണ്ടോ...? കുടുംബത്തിലെ ഒരോരുത്തരായി ഹൃദയം മാറ്റി പെട്രോളിലേക്കായി. അപ്പോഴും ബ്രെസയ്ക്ക് ചെറിയൊരു ചാഞ്ചാട്ടമുണ്ടായിരുന്നു. എന്നാല്‍, കടുത്ത പ്രതിജ്ഞയ്ക്ക് മുമ്പില്‍ ഇളയതമ്പുരാനും തോറ്റു.
അങ്ങനെയാണ് ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ ഷോയില്‍ പുതിയ ആള് വന്നത്. പഴയവനെ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ മുഴുവന്‍ കരുത്തും ആവാഹിച്ച് അവന് രംഗപ്രവേശം ചെയ്തത്. വന്നതുതന്നെ ഇന്ത്യ മഹാരാജ്യം കീഴടക്കിയായിരുന്നു. അല്ലെങ്കിലേ ആരാധകരായിരുന്ന നിരവധിപേര്‍ കണ്ണിമചിമ്മാതെ നോക്കി. സ്വന്തമാക്കാന്‍ അപ്പോള്‍ത്തന്നെ കാശുനല്കി പിന്നാലെ കൂടി. അങ്ങനെ കുതിക്കുന്ന ബ്രെസയെ ഞാനുമൊന്ന് തൊട്ടു... വിശേഷങ്ങള്‍ അറിയാം.
കാഴ്ചസുഖം
പണ്ടേ ബ്രെസയുടെ സൗന്ദര്യത്തിന് ആരാധകരുണ്ടായിരുന്നു. മാരുതിയുടെ മറ്റു വണ്ടികളെപ്പൊലെ ആഡംബരത്തിന്റെ കൊഴുപ്പ് തീരെയില്ല. അതിനാല്‍, രൂപത്തിന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, ആകര്‍ഷണം വര്‍ധിപ്പിക്കാന്‍ ചില പുട്ടിയിടലുകള് നടത്തിയിട്ടുണ്ട്. പ്രധാനമായും ഗ്രില്ലിലാണത്. ഗില്‍ മുഴുവനായി മാറിയിട്ടുണ്ട്. കോംപാക്ട് എസ്.യു.വി.ക്ക് വേണ്ട ഗരിമയ്ക്കായിരിക്കും ക്രോമാണ് പ്രധാന താരം. ക്രോം നിറച്ചതാണ് പുതിയ ഗ്രില്ലുകള്‍. വലിപ്പവും ഏറിയിട്ടുണ്ട്.

ഗ്രില്ലിനോട് ചേര്‍ന്നാണ് പുതിയ ഹെഡ്ലാമ്പുകള്‍. ഉയര്‍ന്ന വേരിയന്റുകളില്‍ ആഡംബര വാഹനങ്ങളില്‍ കാണുന്ന പ്രൊജക്ടഡ് എല്‍.ഇ.ഡി.യാണ് റോഡിനെ പ്രകാശഭരിതമാക്കുന്നത്. ഇന്‍ഡിക്കേറ്ററും ഡി.ആര്.എല്ലും എല്‍.ഇ.ഡി.യായി പരിണമിച്ചു. വാല്ക്കണ്ണെഴുതിയാണ് ഇവയുടെ നില്‍പ്പ്. വശങ്ങളില് കറുത്ത പശ്ചാത്തലത്തിലാണ് ഫോഗ് ലാമ്പിന്റെ സ്ഥാനം. കരുത്ത് തോന്നിപ്പിക്കാനായി താഴെ സ്കഫ് പ്ലേറ്റുമുണ്ട്. അതില്‍നിന്ന് ബമ്പറിലേക്ക് കയറിയിരിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന.
വശങ്ങളില് മാറിയിട്ടുള്ളത് ചക്രങ്ങളാണ്. പ്രിസിഷന്‍ കട്ട് അലോയ് വീലുകള്‍ വന്നതോടെ ലുക്ക് ഒന്നുകൂടി കൂടി. ബോഡി ലൈനുകളിലടക്കം പഴയ രൂപത്തില്‍ നിന്ന് മാറിയിട്ടില്ല. എന്നാല്‍, ഇരട്ടനിറം ശരിക്കും പ്രകടമാണ്. ചുവപ്പ് രാശിയില്‍ കറുപ്പുകൂടി കലര്‍ന്നതോടെ ബ്രെസയുടെ സൗന്ദര്യം കുറച്ചുകൂടി കൂടിയിട്ടുണ്ട്. പിന്നിലും പുതിയ സ്കഫ് പ്ലേറ്റ് വന്നു. ടെയ്ല് ലാമ്പുകള്‍ എല്‍.ഇ.ഡി. ആവുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ പഴയ ബ്രെസയില്നിന്ന് വലിയ മാറ്റമൊന്നുമില്ലെങ്കിലും എന്തൊക്കയോ സംഭവിച്ചിട്ടുണ്ടെന്നൊരു തോന്നലുണ്ടാക്കാന്‍ മെനക്കെട്ടിട്ടുണ്ട്. അതിനാല്‍, വണ്ടി കുറച്ചുകൂടി ബോള്‍ഡായി.
അകത്തളം
വലിപ്പത്തില്‍ വ്യത്യാസമൊന്നും വന്നിട്ടില്ല. എന്നാല്‍, അകത്തളം കുറച്ചുകൂടി ലക്ഷ്വറിയായി. പണ്ടത്തെ വണ്ടിയില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ക്കൊന്നും മാറ്റം വരുത്തിയിട്ടില്ല. ഇവിടേയും ചില പൊടിക്കൈകളാണ് കാണുക. എന്തായാലും കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്. കറുപ്പില്‍ കുളിച്ചിട്ടാണ് അകം. കുറുപ്പിന്റെ വിവിധ ഷേഡുകള്‍. ഡാഷിന്റെ ഒരുഭാഗം ചെറിയ കറുപ്പ്, താഴ്ഭാഗം കരിംകറുപ്പ്. സീറ്റുകളും അതേപടി. സുസുക്കിയുടെ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതിയതായി ബ്രെസയ്ക്ക് ലഭിച്ചത്. സെന്‍ട്രല്‍ കണ്‍സോളില്‍ ഏഴിഞ്ച് സ്ക്രീനും ഇടം പിടിച്ചിരിക്കുന്നു. ആപ്പുവഴി നിയന്ത്രിക്കാവുന്ന സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോയില്‍ നാവിഗേഷന്‍, റിവേഴ്സ് ക്യാമറ, കോള്‍ അസിസ്റ്റന്റ് എന്നിവയുണ്ട്.

പരമ്പരാഗത സെന്‍ട്രല്‍ കണ്‍സോളില്‍നിന്ന് ആധുനീകരണത്തിലേക്ക് മാറിയിട്ടുണ്ട്. അതിനാല്‍, സ്വിച്ചുകള്‍ നിറഞ്ഞിട്ടില്ല. അധികവും സ്റ്റിയറിങ് വീലിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൂയിസ് കണ്ട്രോള്, എന്റര്ടെയ്ന്മെന്റ് എന്നിവ ഇതിലുള്‍പ്പെടും. മഴകണ്ടാല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ ആദ്യമായി ബ്രെസയിലേക്കുമെത്തി. ഓട്ടോ ഹെഡ്ലൈറ്റ്, എയര്‍ കൂള്‍ഡ് ഗ്ലൗ എന്നിവയുമുണ്ട്. ഇവയെല്ലാം ഏറ്റവും മുന്തിയ ഇനത്തിലാണ് കേട്ടോ. സീറ്റുകളും കുറച്ചുകൂടി സൗകര്യപ്രദമായിട്ടുണ്ട്. പിന്നിലും ആവശ്യത്തിലധികം ലെഗ്റൂമുണ്ട്. അഞ്ചുപേര്‍ക്ക് മികച്ച യാത്രാസുഖം വാഗ്ദാനം ചെയ്യുന്നുണ്ട് ബ്രെസ.
കാണാം പെട്രോളിന്റെ കരുത്ത്
അവിടെയാണ് ബ്രെസയെ ഒന്നുകൂടി ഇഷ്ടപ്പെടുന്നത്. മാരുതിയുടെ വലിയ വാഹനങ്ങളില്‍ കണ്ടിരുന്ന എന്‍ജിനാണ് ബ്രെസയ്ക്കും നല്‍കിയിരിക്കുന്നത്. സിയാസ്, എക്സ്.എല്‍.സിക്സ്, എര്‍ട്ടിഗ എന്നിവയിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണിത്. അതും ബി. എസ്. 6 നിലവാരത്തിലേക്ക് മാറി. 77 കിലോവാട്ട് കരുത്തും 138 എന്‍.എം. ടോര്‍ക്കും നല്‍കും. ഓവര്‍ടേക്കിങ്ങിലും ഇനീഷ്യല്‍ പുള്ളിങ്ങിലും ശരിക്കും ഇതിന്റെ ഗുണമറിയാം. പാഞ്ഞുകയറിപ്പോകുന്നത് അറിയില്ല. അതിനാല്‍, ഓവര്ടേക്കിങ്ങിലൊക്കെ ഡ്രൈവര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടാകും.
ഗിയര്‍ ഷിഫ്റ്റിങ്ങിലും അതിനെ തുടര്‍ന്നുള്ള വാഹനത്തിന്റെ കുതിപ്പിലും തീരെ അലസതയില്ല. എല്ലാ ശടപടേന്ന് നടക്കുന്നുണ്ട്. ഫൈവ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ച വണ്ടിയായിരുന്നു കിട്ടിയത്. അകത്തേക്ക് ശബ്ദം തീരെയില്ല. പൊതുവെ ആള് സൈലന്റാണ്. ഡീസലിനേക്കാള്‍ സ്റ്റിയറിങ് ലളിതമാണ്. അധികം ബലംപിടിക്കേണ്ടിവരുന്നില്ല. പെട്ടെന്ന് പ്രതികരിക്കുന്നതിനാല്‍, ഡ്രൈവിങ് രസമാണ്. എത്രദൂരം വരെ വേണമെങ്കിലും ബോറടിക്കാതെ വണ്ടിയോടിക്കാം. ഗട്ടറുകളും അധികം പ്രശ്നമുണ്ടാക്കുന്നില്ല. സസ്പെഷന് ഉഷാറാണ്.
ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ മാരുതിയുടെ സൂത്രപ്പണി ഇതിലും നല്‍കിയിട്ടുണ്ട്. 'സ്മാര്‍ട്ട് ഹൈബ്രിഡ്' എന്ന് പേരുനല്കി പുതിയ മോഡലുകളിലെല്ലാം മാരുതി അവതരിപ്പിച്ച സംഭവം അങ്ങനെ ബ്രെസയിലും വന്നു. ബ്രേക്കിങ്ങിലും സ്റ്റാര്‍ട്ട് സ്റ്റോപ്പിങ്ങിലുമെല്ലാം വൈദ്യുതി ഉത്പാദിപ്പിച്ച് സംരക്ഷിച്ച്. ചെറിയ അവസരങ്ങളില്‍ വിതരണം ചെയ്യുന്നതാണ് സംഭവം. എ െഎഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, ബ്രേക്ക് എനര്‍ജി റീജെനറേഷന്‍, ടോര്‍ക് അസിസ്റ്റ് എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. ഓട്ടോമാറ്റിക് ബ്രെസയിലാണ് ഇത് വരുന്നത്. ഇതൊക്കെയുണ്ടെങ്കില്‍ ഓട്ടോമാറ്റിക്കിന് 18.76 കിലോമീറ്ററും മാന്വലിന് 17.03 കിലോമീറ്ററുമാണ് ബ്രെസയ്ക്ക് കമ്പനി പറയുന്ന മൈലേജ് .

സുരക്ഷ
സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗുകള്‍, ഹില്‍ഹോള്‍ഡ് അസിസ്റ്റ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി., പെഡസ്ട്രിയന്‍ സേഫ്റ്റി, ഐ.എസ്. ഒഫിക്സ്, റിയര്‍ ക്യാമറ എന്നിവയും നല്‍കിയിട്ടുണ്ട്.
വാല്‍ക്കഷ്ണം
മാരുതി ആരാധകരുടെ നാട്ടില്‍ ബ്രെസയെക്കുറിച്ച് അധികം പറയേണ്ടതില്ലല്ലോ... എന്തായാലും പെട്രോള്‍ ബ്രെസ കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. മാരുതിയുടെ വിശ്വാസ്യതയും കൂടെയാകുമ്പോള്‍ ബാക്കി സ്ക്രീനില്‍.
vehicle provided by: Popular Vehicles and services, Calicut
Content Highlights: Maruti Suzuki Brezza Petrol Engine- Test Drive Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..