Mathrubhumi
വാഹനമോടിക്കുമ്പോള്‍ അശ്രദ്ധമൂലം ഉണ്ടാകുന്ന വീഴ്ചകള്‍ മാറ്റിനിര്‍ത്തിയാല്‍ സമയവുമായുള്ള മത്സരമാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമെന്ന് പറയാം. വേഗത്തിലെത്താനുള്ള മത്സരമാണ് ആധുനികകാലത്തെ ഓരോ ജീവിതവും. അത്തരം ഓട്ടപ്പാച്ചില്‍ സ്വന്തം ജീവിതത്തിനോ മറ്റൊരാളുടെ ജീവിതത്തിനോ വിരാമമിടുമെന്ന ചിന്ത ആരെയും ബാധിക്കുന്നേയില്ല. ജീവിതത്തിന്റെ ഇത്തരം അവസ്ഥകളിലേക്ക് ശ്രദ്ധിക്കാന്‍ വേഗഭ്രമം അനുവദിക്കുന്നുമില്ല. ഇവിടെയാണ് എറണാകുളത്ത് പരീക്ഷിക്കപ്പെട്ട പുതിയ രീതി നമ്മുടെ ഗതാഗത നിയമലംഘന ശിക്ഷകളില്‍ വേറിട്ട വഴിയാകുന്നത്.
വണ്ടിയോടിക്കുമ്പോള്‍ കാട്ടുന്ന നിയമലംഘനങ്ങള്‍ക്ക് പൈസ പിഴയിട്ടിട്ടും പരിഹാരമാകാത്തതെന്തെന്ന ചിന്തയാണ് വിദേശങ്ങളില്‍ പുതിയ വഴിയിലേക്ക് അന്വേഷണം നീട്ടിയത്. ആധുനിക നാഗരികജീവിതം മറ്റെന്തിനേക്കാളും വിലവെയ്ക്കുന്നത് സമയത്തിനാണെന്ന തിരിച്ചറിവായിരുന്നു പുതിയ രീതിയുടെ കാതല്‍. നിയമം ലംഘിക്കുന്ന വ്യക്തിയുടെ സമയം സര്‍ക്കാരിന് എങ്ങനെ ഈടാക്കാന്‍ കഴിയുമെന്ന ചിന്തയിലേക്കും നിര്‍ബന്ധിത സേവനമെന്ന നിലയിലേക്കും വളര്‍ന്നു. ആശുപത്രികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ സേവനം ശിക്ഷയാക്കിത്തുടങ്ങിയത് അങ്ങനെയാണ്.
തുടക്കം എല്‍ദോയില്‍
മോട്ടോര്‍വാഹനവകുപ്പില്‍ ഇന്‍സ്‌പെക്ടറായി എറണാകുളത്ത് സേവനമനുഷ്ഠിക്കുകയായിരുന്നു എല്‍ദോ വര്‍ഗീസ്. പിഴയിട്ടാല്‍ ഒരു മടിയും കൂടാതെ നല്‍കി കുറ്റവിമുക്തരാക്കുന്ന രീതി ഫലപ്രദമല്ലെന്ന ചിന്ത സ്വന്തം അനുഭവത്തിലൂടെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. വിദേശരാജ്യങ്ങളിലെ സ്ഥിതി അറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് നിര്‍ബന്ധിത ആരോഗ്യസേവനമെന്ന ആശയം വന്നത്. മേലധികാരികളില്‍നിന്ന് പ്രോത്സാഹനംകൂടി ലഭിച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രി അധികൃതരെ സമീപിച്ചു. വലിയ സ്വീകരണം ലഭിച്ചു.
എന്നാല്‍, നിയമപരമായി അടിച്ചേല്‍പ്പിക്കാനാകില്ലായെന്ന പ്രശ്‌നം നിലനിന്നു. ഇതിന് പരിഹാരമായി നിര്‍ബന്ധിത സേവനമെന്ന സാധ്യതകൂടിയുണ്ടെന്ന് കുറ്റം ചെയ്തവരെ ബോധ്യപ്പെടുത്തും. അവരുടെ കൂടി സമ്മതത്തോടെയാണ് സേവനത്തിന് നിയോഗിച്ചത്. സേവനംകഴിഞ്ഞ് വന്ന പലരും ഏറെ നല്ല പ്രതികരണങ്ങളാണ് നല്‍കിയതെന്ന് ഇപ്പോള്‍ ദേവികുളത്ത് ജോലിചെയ്യുന്ന എല്‍ദോ പറയുന്നു. മികച്ച അഭിപ്രായം ഉയര്‍ന്നതോടെ നിര്‍ബന്ധിത സേവനം നിയമത്തില്‍ ഇടംനേടി.
സേവനം എല്‍ഡേര്‍ലി വാര്‍ഡില്‍
അമിതവേഗം തുടങ്ങിയ ഗതാഗതലംഘനങ്ങള്‍ക്കാണ് ആശുപത്രിസേവനം പിഴയാക്കിയിരിക്കുന്നത്. മൂന്ന് ദിവസമാണ് വേണ്ടത്. ജനറല്‍ ആശുപത്രിയിലെ എല്‍ഡേര്‍ലി വാര്‍ഡിലാണ് - മുന്‍പ് ഐസൊലേഷന്‍ വാര്‍ഡ്- സേവനം. ഇവിടെ പലവിധത്തിലും ഉപേക്ഷിക്കപ്പെട്ട രോഗികളാണ് കഴിയുന്നത്. രാവിലെ എട്ടുമണിക്ക് എത്തിയാല്‍ രോഗികളെ കുളിപ്പിക്കലാണ് ആദ്യ കര്‍ത്തവ്യമെന്ന് വര്‍ഷങ്ങളായി സന്നദ്ധസേവനം നടത്തുന്ന 'റോസറി ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റി'ന്റെ ചുമതലക്കാരനായ കെ.ജെ. പീറ്റര്‍ പറയുന്നു.
'ഈ വാര്‍ഡില്‍ സേവനത്തിന് കുറഞ്ഞത് അന്‍പത് പേരെങ്കിലും ഇത്രയും നാളിനകം വന്നിട്ടുണ്ട്. ഒരാളൊഴികെ മറ്റെല്ലാവരും വേഗം പൊരുത്തപ്പെടുകയും ജീവിതത്തിന്റെയും സേവനത്തിന്റെയും മഹത്ത്വം തിരിച്ചറിയുകയും ചെയ്തവരാണ്. തിരക്കിനിടയില്‍ എല്ലാവരുടെയും പേരോ വിവരങ്ങളോ കുറിച്ചുവെയ്ക്കാന്‍ കഴിയാറില്ല. ചിലര്‍ വീണ്ടും വരാറുമുണ്ട്. രോഗികള്‍ക്ക് നാലുനേരം ഭക്ഷണവിതരണമുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളിലും സഹായിക്കും. അര്‍ബുദം പോലെ മാരകമായ രോഗം ബാധിച്ചവരോട് സംസാരിക്കുന്നതുതന്നെ ഒരുതരം ചികിത്സയാണ്. അതിനും സാധിക്കാറുണ്ട്. വൈകുന്നേരം നാലുമണിയോടെയാണ് സേവനം അവസാനിക്കുക'- പീറ്റര്‍ പറഞ്ഞു.
ആദ്യം മടിക്കുന്നവര്‍ പിന്നീട് മാറും
പലരും 'എനിക്ക്, വേണമെങ്കില്‍ ഇതൊക്കെ ഒഴിവാക്കാനാകു'മെന്ന ഭാവവുമായാണ് സേവനത്തിനെത്തുന്നത്. എന്നാല്‍ മൂന്നുദിവസം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോള്‍ മിക്കവരും ഏറെ മാറിയിട്ടുണ്ടാകും. കാഴ്ചപ്പാടുകളില്‍ത്തന്നെ വലിയ വ്യത്യാസം. ശരിക്കും വലിയ തിരിച്ചറിവുകളായിരുന്നു. ഒരിക്കല്‍ ഒരു ഡോക്ടര്‍വരെ ഇത്തരം സേവനത്തിന് വന്നിട്ടുണ്ട്. ജീവിതത്തെ അടുത്തറിയാനുള്ള ഒരു മാര്‍ഗമാകുന്നു എന്നതാണിതിന്റെ മേന്മ.
-ഡോ. എം.എം. ഹനീഷ്, ആര്‍.എം.ഒ., ജനറല്‍ ആശുപത്രി
ഇനി ഞാനങ്ങനെ ചെയ്യൂല്ല സാറേ...
'മുമ്പ് തോന്നിയപോലെ ഓവര്‍സ്പീഡിലും മറ്റുമൊക്കെ വണ്ടിയോടിച്ചിട്ടുണ്ട് സാറേ... പക്ഷേ, ഇനി ജീവിതത്തിലൊരിക്കലും ഞാനങ്ങനെ ചെയ്യൂല്ല. കാരണം, മറക്കാത്തൊരു പാഠമാണ് ഈ ഒരാഴ്ചകൊണ്ട് ഞാന്‍ പഠിച്ചത്, അല്ല... സാറും ആ ആശുപത്രീല് വയ്യാതെകിടക്കുന്ന ആള്‍ക്കാരുമൊക്കെ എന്നെ പഠിപ്പിച്ചത്'- എറണാകുളം ആര്‍.ടി.ഒ. കെ. മനോജ് കുമാറിന്റെ മുന്നില്‍ ഒരു ഡ്രൈവര്‍ തൊഴുകൈയോടെ പറഞ്ഞതാണിത്. ഇതിനകം മുന്നൂറിലേറെ ഡ്രൈവര്‍മാരെ ആശുപത്രിയിലേക്ക് നല്ലപാഠം പഠിക്കാനയച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും ജില്ലാ കളക്ടറും ഇത്തരത്തില്‍ ആശുപത്രി സേവനത്തിന് ചില ഡ്രൈവര്‍മാരോട് നിര്‍ദേശിക്കാറുണ്ട്.
നിയമലംഘകരില്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാരാണ് ഏറെയും ആശുപത്രി സേവനം സ്വമേധയാ തിരഞ്ഞെടുക്കുന്നത്. പിന്നെ, ഓട്ടോ ഡ്രൈവര്‍മാരും. ഈ ശിക്ഷ പല ഡ്രൈവര്‍മാര്‍ക്കും പുതിയൊരു അനുഭവമാണ് പകര്‍ന്നുകൊടുക്കുന്നത്. നിയമലംഘനത്തിന്റെ തോതനുസരിച്ച് സേവനത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടും. 'ഹോ... ഇതൊന്ന് പെട്ടെന്ന് തീര്‍ന്നെങ്കില്‍ വീട്ടില്‍പ്പോയിരിക്കാമായിരുന്നു' എന്നു കരുതി വരുന്നവര്‍ എന്തായാലും തിരികെ മടങ്ങുന്നത് ഉള്ളില്‍ ആത്മസംതൃപ്തിയുടെ തിളക്കത്തോടെയാണ്. ശിക്ഷിക്കപ്പെട്ടു അഥവാ, ആശുപത്രി സേവനം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ആശുപത്രി അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി തിരികെ ആര്‍.ടി.ഒ.യ്ക്ക് അല്ലെങ്കില്‍, ശിക്ഷ വിധിച്ച ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ലൈസന്‍സ് സസ്‌പെന്‍ഷന്റെ കാലാവധി തീര്‍ന്നാല്‍ വീണ്ടും വണ്ടിയെടുക്കാം.
പരിശീലനവും പാഠമാണ്
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.) എന്ന സ്ഥാപനമുണ്ട്. നിരത്തിലെ നിയമലംഘകര്‍ക്കുള്ള മറ്റൊരു പാഠശാലയാണിത്. മര്യാദയ്ക്ക് വണ്ടിയോടിക്കാന്‍ തയ്യാറല്ലാത്തവരെ ഇങ്ങോട്ട് പറഞ്ഞയക്കും. ഇവിടത്തെ പ്രത്യേക പരിശീലന ക്ലാസ് കിട്ടി, നന്നായി വണ്ടിയോടിക്കാന്‍ പഠിച്ചശേഷമേ നിയമലംഘകര്‍ക്ക് വീണ്ടും റോഡില്‍ ഡ്രൈവിങ്ങിന് ഇറങ്ങാനാവൂ.
ഒരുദിവസം മുതല്‍ ഒരാഴ്ച വരെയുള്ള ക്ലാസ് ഇവിടെ നല്‍കുന്നുണ്ട്. ഇതിന് പ്രത്യേക ഫീസും നല്‍കണം. പരിശീലനം പൂര്‍ത്തിയായി, അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി മോട്ടോര്‍വാഹന വകുപ്പുദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തണം. 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് വണ്ടിയോടിച്ച് പിടിക്കപ്പെട്ടതെങ്കില്‍ ഇവരുടെ രക്ഷിതാക്കളെയാണ് ക്ലാസിനയയ്ക്കുക. കാരണം, ലൈസന്‍സില്ലാത്ത കുട്ടികള്‍ വണ്ടിയോടിക്കുന്നതിന് മാതാപിതാക്കളും ഉത്തരവാദികള്‍ തന്നെ.
Content Highlights: Mandatory Hospital Service For Traffic Rule Violators


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..