Photo: Social Media
പഴയ വാഹനങ്ങളുടെ പാര്‍ട്സും മറ്റ് പാഴ്വസ്തുകളും ഉപയോഗിച്ച് മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രയ ലോഹര്‍ നിര്‍മിച്ച ഫോര്‍ വീലര്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയെ ഏറെ ആകര്‍ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം ഈ വാഹനത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും അദ്ദേഹത്തിന്റെ മുന്നില്‍ ഒരു കിടിലന്‍ ഓഫര്‍ വയ്ക്കുകയും ചെയ്തിരുന്നു. ലോഹറിന്റെ നിര്‍മിതിക്ക് പകരമായി ഒരു ബൊലേറൊ നല്‍കാമെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ വാഗ്ദാനം.
ആനന്ദ് മഹീന്ദ്രയുടെ ഈ ഓഫര്‍ ലോഹര്‍ സ്വീകരിച്ചെന്നും അദ്ദേഹം നിര്‍മിച്ച വാഹനം മഹീന്ദ്രയ്ക്ക് നല്കി പകരം പുതിയ ബൊലേറൊ സമ്മാനമായി സ്വീകരിച്ചെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു. എന്റെ ഓഫര്‍ അവര്‍ സ്വികരിച്ചതില്‍ സന്തോഷം, പുതിയ വാഹനം അദ്ദേഹത്തിന്റെ കുടുംബം ഏറ്റുവാങ്ങി. അഭിമാനത്തോടെ അദ്ദേഹത്തിന്റെ വാഹനം ഞങ്ങള്‍ സ്വീകരിക്കുന്നു. ഇനി ഇത് മഹീന്ദ്രയുടെ റിസേര്‍ച്ച് വാലിയിലെ മറ്റ് വാഹനങ്ങളുടെ ഭാഗമായിരിക്കുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
ദത്താത്രയ ലോഹര്‍ നിര്‍മിച്ച വാഹനം ആനന്ദ് മഹീന്ദ്രയ്ക്ക് നല്‍കണമെന്നും പകരം മഹീന്ദ്രയുടെ പുതിയ ബൊലേറൊ നല്‍കാമെന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നത്. മഹീന്ദ്രയുടെ റിസേര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഈ വാഹനം അദ്ദേഹത്തില്‍ നിന്ന് ഏറ്റെടുക്കുന്നതെന്നായിരുന്നു ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നത്. ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയില്‍ നിന്നാണ് ആനന്ദ് മഹീന്ദ്ര ദത്താത്രയ ലോഹര്‍ എന്നയാള്‍ നിര്‍മിച്ച ഈ വാഹനത്തിന്റെ വിവരങ്ങള്‍ അറിയുന്നത്.
വാഹന നിര്‍മാണത്തിലെ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ഈ വാഹനം നിരത്തുകളില്‍ ഇറക്കുന്നത് ഇപ്പോള്‍ അല്ലെങ്കില്‍ ഭാവിയിലെങ്കിലും അധികാരികള്‍ അദ്ദേഹത്തെ തടയുമെന്ന ആശങ്കയും മുമ്പ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു. വിദേശ വാഹനങ്ങള്‍ക്ക് സമാനമായി ഇടതുവശത്താണ് ഈ വാഹനത്തിന്റെ സ്റ്റിയറിങ്ങ് നല്‍കിയിട്ടുള്ളത്. സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നത് പോലെ ക്വിക്കര്‍ ഉപയോഗിച്ചാണ് ഈ കുഞ്ഞന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. വെറും 60,000 രൂപ ചെലവിലാണ് ഈ വാഹനം നിര്‍മിച്ചത്.
മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ് ഈ വാഹനം നിര്‍മിച്ച ദത്താത്രയ ലോഹര്‍. കാലപ്പഴക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ച കാറിന്റെ പാര്‍ട്സുകള്‍ ഉപയോഗിച്ചാണ് ഈ കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ചിരിക്കുന്നത്. ചെറിയ ടയറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. മുന്‍നിരയില്‍ രണ്ടുപേര്‍ക്കും പിന്നിലെ രണ്ട് സീറ്റുകളിലാണ് നാല് പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ കുഞ്ഞന്‍ വാഹനത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.
Content Highlights; Man received mahindra bolero form Anand mahindra, four wheeler using scrape, Anand Mahindra, Mahindra Bolero
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..