ചുവപ്പില്‍ നിന്ന് ഓറഞ്ചും കടന്ന് പച്ച നിറം തെളിയാന്‍ കാത്തിരിക്കുകയാണ് വണ്ടുകളെപ്പോലെ തോന്നിക്കുന്ന ബൈക്കുകള്‍. പച്ച തെളിഞ്ഞതോടെ അവ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മൂളിപ്പറന്നു. ഒരു റേസ് ട്രാക്കിലെ ദൃശ്യമാണിത്. മനുഷ്യനും യന്ത്രത്തിനും ഒരേ മനസ്സാണിവിടെ. ചിന്തകളും തീരുമാനങ്ങള്‍ക്കും അതേ വേഗം വേണം. മലയാളികള്‍ അധികമൊന്നും കയറിച്ചെല്ലാത്ത മേഖലയിലേക്കാണ് അമര്‍നാഥ് മേനോനെന്ന ചെറുപ്പക്കാരന്റെ പടയോട്ടം.
വേഗത്തെ പ്രണയിക്കുന്ന ചെറുപ്പക്കാരന്. വേണമെങ്കില്‍ അമര്‍നാഥിനെക്കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങനെ പറയാം. ടൂവീലര്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് റോഡ് റേസിങ്ങിലെ കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചാമ്പ്യനായ അമര്‍നാഥ്, ആ സ്ഥാനം ഈ വര്‍ഷവും ഉറപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മൂന്ന് ട്രാക്കുകള്‍ കഴിഞ്ഞപ്പോള്‍ മുന്നില്‍ തുടരുകയാണ്.
തുടക്കം ഹിമാലയത്തില്‍ തൊട്ട്
ഇന്ത്യയില്‍ ലൈസന്‍സ് ലഭിക്കേണ്ട പ്രായം പതിനെട്ട് തികഞ്ഞപ്പോള്‍ അമര്‍നാഥ് തിരഞ്ഞെടുത്തത് ഹിമാലയത്തിലേക്കൊരു യാത്രയായിരുന്നു. അതും എന്‍ഫീല്‍ഡിനൊപ്പം. ചേട്ടന് അവിനാഷ് മേനോനായിരുന്നു വഴികാട്ടി. റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ ഒഡീസിയിലായിരുന്നു തണ്ടര്‍ബേര്‍ഡ് 350യുമായി അമര്‍നാഥ് ഹിമാലയത്തിലേക്ക് ഓടിച്ചു കയറിയത്. വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ കൈയിലായത് ഹിമാലയന്‍ റാലി വിജയകരമായി പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായംകുറഞ്ഞയാളെന്ന ബഹുമതിയും. ചേട്ടന്റെ റെക്കോഡായിരുന്നു അനിയന് തകര്‍ത്തത്.
അതോടെ, ബൈക്കുകള്‍ അമര്‍നാഥിന്റെ ജീവന്റെ ഭാഗമായി. അവിടെവച്ച് പലരും ഉപദേശിച്ചു. ഇവിടെ നില്‍ക്കരുത് ട്രാക്കിലേക്കിറങ്ങൂ... അവിടെയാണ് ഭാവിയുള്ളത്. അത് ശിരസാവഹിച്ചു ഹിമാലയമിറങ്ങി. നേരേ പോയത് റോഡ്റേസിങ്ങിന്റെ ഗുരുകുലമായ ചെന്നൈയിലല് അപെക്സ് അക്കാദമിയില്‍. പഠനവും ഒരുഭാഗത്ത് നടന്നു. ചെന്നൈയിലെ എസ്.ആര്.എം. യൂണിവേഴ്സിറ്റിയില്‍ ബി.ബി.എ.യ്ക്കു ചേര്‍ന്നു. എന്നാല്‍, റേസിങ് ട്രാക്കായിരുന്നു മനസ്സുമുഴുവന്‍. അക്കാദമിയിലെ മികച്ച താരമായിമാറാന് അധികാലം വേണ്ടിവന്നില്ല. പിന്നീട്, മത്സരങ്ങളിലേക്ക് ഗിയര്‍മാറ്റി.
മത്സരം തുടങ്ങുന്നു
2015 ല്‍ സുസുക്കി ജിക്സര്‍ കപ്പിനുവേണ്ടിയുള്ള നെവൈസ് വിഭാഗത്തിലായിരുന്നു ആദ്യമായി പങ്കെടുത്തത്. പത്ത് മത്സരങ്ങളുള്ളതില്‍ നാല് തവണ വിജയപീഠത്തില്‍ കയറിയ അമര്‍നാഥിന് എട്ട് പോഡിയവുമുണ്ടായിരുന്നു. മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അമര്‍നാഥ് മികച്ച റൂക്കി റൈഡറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിലെ മികച്ച പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഫെഡറേഷന് ഓഫ് മോട്ടോര്‍സ്പോട്സ് ക്്ളബ് ഇന്ത്യ( എഫ്. എം. എസ്. സി. ഐ) അമര്‍നാഥിനെ തായ്ലാന്ഡില് നടന്ന എഫ്. ഐ. എം. ഏഷ്യ കപ്പിന് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുത്തു. രാജ്യത്തെ പ്രതിനിധീകരിച്ചു രണ്ടുപേരായിരുന്നു തായ്ലാന്ഡില് നടന്ന മത്സരത്തില്‍ പങ്കെടുത്തത്.
2016ല്‍ ഹോണ്ട സി.ബി. ആര്. 250 ഓപ്പണിലും ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ്ങ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. 2017ലാണ് കെ.ടി.എം. റേസിങ്ങ് ഇന്ത്യയുമായി സഹകരിച്ചുള്ള ഗസ്റ്റോ റേസിങ്ങ് ടീമിന്റെ ഭാഗമായത്. ആ സീസണിലെ ഒമ്പതു മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടിയാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 300-400 സി.സി. കാറ്റഗറിയിലായിരുന്നു അത്. ക്ളോസ്ഡ് സര്‍ക്യൂട്ട് മത്സരങ്ങളില്‍ ദേശീയ ചാമ്പ്യനാകുന്ന ആദ്യമലയാളി കൂടിയായി അമര്‍നാഥ്.
വേഗം തന്നെ ചാലകശക്തി
വേഗം തന്നെയാണ് അമര്‍നാഥിന് ചാലകശക്തിയാകുന്നത്. എന്നാല്‍, അത് ട്രാക്കില്‍ മാത്രം. റോഡുകളില്‍ കാണുന്നതല്ല റേസിങ്ങ്, അമര്‍നാഥ് സാക്ഷ്യപ്പെടുത്തുന്നു. ട്രാക്കുകളില്‍ ഓടിച്ച ഒരാള്‍ പോലും പിന്നീട് റോഡുകളില്‍ അത് ചെയ്യില്ല. ട്രാക്കുകളിലെ സുരക്ഷയ്ക്കാണ് പ്രധാനം. അതേസമയം, ക്ളോസ്ഡ് സര്‍ക്യൂട്ട് ട്രാക്കുകളില്‍ തീരുമാനങ്ങളെടുക്കുന്ന സമയത്തിനാണ് പ്രാധാന്യം. സെക്കന്റുകളുടെ കുറഞ്ഞ സമയംമാത്രമാണ് അതിന് ലഭിക്കുക. മുന്നിലുള്ള റൈഡര്‍ എന്തു ചിന്തിക്കുന്നുവെന്ന് മനസിലാക്കണം.
പ്രത്യേകിച്ച് വളവുകളില്‍. ക്ളോസ്ഡ് സര്‍ക്യൂട്ടുകളുടെ പ്രധാന ടേണിങ്ങ്പോയന്റുകള് ഈ വളവുകളാണ്. അവിടെ എങ്ങിനെയാണ് വണ്ടിയും ഡ്രൈവറും പ്രതികരിക്കുക എന്നതിനനുസരിച്ചായിരിക്കും വിജയവും. അതിലെ ചെറിയൊരു പിഴവ് ചിലപ്പോള്‍ അപകടത്തിലായിരിക്കും കലാശിക്കുക. കോയമ്പത്തൂരിലെ ട്രാക്കിനോടാണ് അമര്‍നാഥിന് കൂടുതല്‍ സ്നേഹം. കാരണം, കൂടുതല്‍ വളവുകള്‍ ഉള്ളതുകൊണ്ടു തന്നെ. അപകടം റേസിങ്ങിനിടയുമുണ്ടാവാം. മറ്റേതു കളികളിലുമുള്ളതുപോലെ ത്തന്നെയാണ്. എന്നാല്‍, സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്കുന്നതിനാല് അത് വലുതായി ബാധിക്കില്ലെന്ന് മാത്രം.
ശക്തി കുടുംബം
കുടുംബമാണ് തന്റെ ശക്തിയെന്നാണ് അമര്‍നാഥ് പറയുന്നത്. ഏതൊരു മത്സരത്തിലും ഒപ്പമെത്തുന്ന അമ്മയും അച്ഛനും എന്തിനും പിന്തുണയുമായി ഒപ്പമുള്ള സഹോദരനുമാണ് തന്റെ സ്വപ്നയാത്രയ്ക്ക് കരുത്താകുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വാതിയില്‍ കെ. ശിവപ്രസാദും കാന്തിയുമാണ് മാതാപിതാക്കള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..