സ്പീഡ് തേടിയുള്ള പ്രാർത്ഥനയുമായാണ് എല്ലാവരും എന്നും എപ്പോഴും ഡോക്ടർമാരുടെ മുന്നിലെത്തുന്നത്. ദൈവമേ എന്റെ രോഗം വേഗത്തിൽ സുഖപ്പെടുത്താൻ ഡോക്ടർക്ക് കഴിയണമേയെന്ന പ്രാർത്ഥന. ബിക്കു ബാബു എന്ന ആസ്ത്മ, ത്വക്രോഗ വിദഗ്ദ്ധനായ മലയാളി ഡോക്ടറും എന്നും എപ്പോഴും തേടുന്നതും സ്പീഡ് തന്നെയാണ്.
ആതുരശുശ്രൂഷാ രംഗത്തെ തിരക്കുകൾക്കിടയിൽ നിന്ന് കാറോട്ട മത്സരങ്ങളുടെ ആവേശത്തിലേക്ക് ഇടയ്ക്കിടെ കൂടുമാറുന്ന ഒരു ഡോക്ടർ. ഇന്ത്യയിലെ ഏറ്റവും സ്പീഡുള്ള കാറോട്ടക്കാരൻ എന്ന മേൽവിലാസത്തിലേക്ക് കുതിക്കാൻ ഡോ. ബിക്കു വളയം പിടിക്കുമ്പോൾ മലയാളത്തിന് ഏറെ പ്രതീക്ഷകളുണ്ട്.
എം.ആർ.എഫ്. ഇന്ത്യൻ നാഷണൽ റാലിയുടെ നാസിക് പാദ മത്സരത്തിൽ ഒന്നാമനായ ബിക്കു ഡൽഹി പാദ മത്സരത്തിൽ രണ്ടാമനുമായിരുന്നു. കഴിഞ്ഞ വർഷം ദേശീയ റാലിയിൽ റണ്ണറപ്പായ ബിക്കു ഇക്കുറി ഒന്നാമനായി കുതിച്ച് ലക്ഷ്യമിടുന്നത് ചാമ്പ്യൻ പദവി തന്നെയാണ്. നിലവിലെ ഫോം തുടർന്നാൽ ബെംഗളൂരു, ചിക്മംഗളൂർ പാദ മത്സരങ്ങൾക്കൊടുവിൽ ബിക്കു തന്നെയാകും ചാമ്പ്യനെന്നാണ് പ്രതീക്ഷ.
ഒമ്പതാം വയസ്സിലെ തീരുമാനം...
‘ഡോക്ടർമാർക്കെന്താ ഈ വീട്ടിൽ കാര്യം...’ ഇന്നസെന്റ് സ്റ്റൈലിൽ തമാശ മട്ടിൽ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് ഡോ. ബിക്കു ആ കഥ പറഞ്ഞത്. ഡോക്ടറാകാനുള്ള നിയോഗത്തിനിടയിലും കാറോട്ടത്തിന്റെ ആവേശത്തിലേക്ക് കൂടുമാറാൻ കൊതിച്ച ഒരാളുടെ കഥ. ‘ഒമ്പതാം വയസ്സിൽ ടി.വി.യിൽ ഹിമാലയൻ കാർ റാലി കണ്ട ദിവസമാണ് ഞാൻ ആ തീരുമാനം മനസ്സിൽ കുറിച്ചത്. എനിക്ക് ഒരു കാർ റാലി ഡ്രൈവറാകണം. മനസ്സിലെ ആഗ്രഹം അപ്പോൾത്തന്നെ അച്ഛനോട് പറഞ്ഞു. 18 വയസ്സ് തികയട്ടെ, എന്നിട്ട് ലൈസൻസ് എടുക്കാം. അതിനുശേഷം കാറോടിക്കാൻ പോകാമെന്നായിരുന്നു അച്ഛന്റെ മറുപടി.
പ്ലസ്ടു കഴിഞ്ഞ സമയത്ത് വീണ്ടും എന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞു. എം.ബി.ബി.എസ്. കഴിഞ്ഞിട്ട് കാറോട്ടക്കാരനാകാമെന്നായിരുന്നു അപ്പോൾ അച്ഛന്റെ ഉപദേശം. അതും ഞാൻ അനുസരിച്ചു. എം.ബി.ബി.എസ്. പഠനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ അച്ഛനെ എന്റെ സ്വപ്നം വീണ്ടും ഓർമിപ്പിച്ചു. എനിക്ക് ഉടനെ ഒരു കാർ വാങ്ങിത്തരണമെന്നും അച്ഛനോട് പറഞ്ഞു. എന്റെ സ്വപ്നം അറിയാവുന്ന അച്ഛൻ ഒരാഴ്ചയ്ക്കകം ഒരു സെക്കൻഡ് ഹാൻഡ് കാർ എനിക്കായി വീട്ടിലെത്തിച്ചു. ആ കാറിലാണ് ഞാൻ എന്റെ സ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങിയത്. എന്നും എന്റെ മനസ്സറിഞ്ഞിരുന്ന അച്ഛൻ പക്ഷേ ഇപ്പോൾ എനിക്കൊപ്പമില്ല...’ സ്വപ്നസഞ്ചാരം തുടങ്ങിയ കഥ പറയുന്നതിനിടെ അച്ഛന്റെ ഓർമകളിൽ ബിക്കുവിന്റെ വാക്കുകൾ മുറിഞ്ഞുനിന്നു.
അച്ഛന്റെ സുഹൃത്തിന്റെ ഡോൾഫിൻ കാറും ബിക്കുവിന്റെ സ്വപ്നസഞ്ചാരത്തിലേക്കുള്ള വഴികൾ തന്നെയാണ് തുറന്നിട്ടിരുന്നത്.’ അച്ഛന്റെ കൂട്ടുകാരൻ വീട്ടിൽ വരുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഡോൾഫിൻ കാറിൽ വന്നിരുന്ന അദ്ദേഹം കാർ വീട്ടുമുറ്റത്ത് നിർത്തിയിടുമ്പോഴേക്കും ഞാൻ ഓടിയെത്തും. കാറിൽ കയറിയിരുന്ന് സ്റ്റിയറിങ് തിരിച്ച് ഞാൻ ഭാവനയിൽ ഓടിച്ചു തുടങ്ങും. ആ സമയത്ത് ഞാൻ ഏതോ കാർ റാലിയിൽ ഓടിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിൽ തോന്നും. കുട്ടിക്കാലത്തെ ആ മോഹമാണ് ഒടുവിൽ ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്...’ ബിക്കുവിന്റെ ഓർമകളിൽ ഡോൾഫിൻ കാർ വീണ്ടും ഹോൺ അടിച്ചു.
കുടുംബം എന്നോടു കൂടെ...
ഡോക്ടർ എന്ന വേഷത്തിൽ നിന്ന് കാർ റാലിയുടെ ആവേശത്തിലേക്ക് കൂടുമാറുമ്പോൾ റിസ്ക് ഏറെയില്ലേ...? ചോദ്യത്തിന് ഒരു മറുചോദ്യത്തോടെയായിരുന്നു ബിക്കു മറുപടി പറഞ്ഞുതുടങ്ങിയത്. ‘റിസ്ക് ഇല്ലാത്ത ഏതെങ്കിലും മേഖലകളുണ്ടോ...? വെല്ലുവിളികൾ സധൈര്യം ഏറ്റെടുത്താലേ നിങ്ങൾക്ക് വിജയത്തിലെത്താൻ കഴിയൂ. 2000-ത്തിൽ കൊച്ചിയിൽ നടന്ന പോപ്പുലർ റാലിയിലാണ് ഞാൻ തുടങ്ങിയത്. അന്ന് മികച്ച പ്രകടനം നടത്തിയെങ്കിലും കാർ തകരാറിലായതിനാൽ എനിക്ക് ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല.
എന്നാൽ തൊട്ടടുത്ത വർഷം റാലി സ്റ്റാർ കപ്പിൽ ഞാൻ ചാമ്പ്യനായി. മൂന്ന് വർഷം തുടർച്ചയായി റാലി സ്റ്റാർ കപ്പിൽ ചാമ്പ്യനായി ഹാട്രിക് തികയ്ക്കാനും എനിക്കായി. എന്നാൽ അച്ഛന്റെ മരണത്തെത്തുടർന്ന് കുറേ വർഷം എനിക്ക് റാലിയുടെ ലോകത്തു നിന്ന് മാറി നിൽക്കേണ്ടി വന്നു. 2007-ൽ ഹീരാ റാലിയിൽ റണ്ണറപ്പായിട്ടായിരുന്നു എന്റെ തിരിച്ചുവരവ്. അതിനുശേഷം നാഷണൽ റാലിയുടെ പല പാദങ്ങളിലും ഞാൻ ഒന്നാമനായി. ഈ വർഷം നാഷണൽ ചാമ്പ്യൻഷിപ്പ് തന്നെ ലക്ഷ്യമിട്ടാണ് ഞാൻ കാറോടിക്കുന്നത്...’ നയം വ്യക്തമാക്കുമ്പോൾ ബിക്കുവിന്റെ വാക്കുകളിൽ ലക്ഷ്യം വ്യക്തം.
ഭാര്യ ഡോ. സരിഗയും മക്കളായ സാഷയും ആര്യനും അടങ്ങുന്ന കുടുംബം ബിക്കുവിന്റെ സാഹസിക ലോകത്തെ പേടിക്കുന്നില്ലേയെന്ന ചോദ്യത്തിനും രസകരമായൊരു മറുപടിയാണ് കിട്ടിയത്. ‘റാലിക്കിടെ ചില അവസരങ്ങളിൽ എന്റെ കാർ ഇടിച്ചു തകർന്നിട്ടുണ്ട്. പക്ഷേ, സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായതിനാൽ എനിക്ക് പരിക്കൊന്നും പറ്റിയിട്ടില്ല.
ഇപ്പോഴും ഞാൻ റാലിയിൽ പങ്കെടുക്കുമ്പോൾ വീട്ടുകാർക്ക് പേടിയൊന്നുമില്ല. പക്ഷേ, ഞാൻ എറണാകുളത്ത് നിന്ന് തിരുവല്ലയിലെ ക്ലിനിക്കിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും വീട്ടുകാർക്ക് വലിയ ആശങ്കയാണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഈ റോഡുകളിൽ വെച്ച് അപകടം വല്ലതും പറ്റുമോയെന്ന പേടിയാണ് വീട്ടുകാർക്കുള്ളത്...’ ബിക്കുവിന്റെ വാക്കുകളിൽ കേരളത്തിലെ റോഡുകളുടെ അവസ്ഥ പകൽപോലെ വ്യക്തമാണ്.
ജയിക്കാനായി മാത്രം...
‘ഡോക്ടറുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കാറോട്ട മത്സരങ്ങളുടെ ആവേശവുമായി എത്ര നാൾ കൂടി ബിക്കു രംഗത്തുണ്ടാകും...?’ ചോദ്യത്തിന് അതിവേഗത്തിലായിരുന്നു ബിക്കുവിന്റെ മറുപടി. ‘എന്റെ സ്പീഡ് പോയി എന്ന് തോന്നുന്ന നിമിഷം ഞാൻ കാറോട്ടം നിർത്തും. ജയിക്കാനായി മാത്രമാണ് ഞാൻ കാറോടിക്കുന്നത്. റാലിക്കായി കാറിൽ കയറി വളയം പിടിക്കുമ്പോൾ പിന്നെ മനസ്സിലുള്ളത് ഫിനിഷിങ് പോയിന്റ് മാത്രമാണ്.
ഒന്നാമനായി ഫിനിഷിങ് പോയിന്റ് കടക്കണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും. വിജയങ്ങൾ തരുന്ന ത്രിൽ ഒന്നു വേറെതന്നെയാണ്. ജയിക്കില്ലെന്ന് ഉറപ്പാകുന്ന ഒരു കാലം വരുമ്പോൾ പിന്നെ തുടരുന്നതിൽ അർത്ഥമില്ല...’ നിശ്ചയദാർഢ്യത്തോടെയുള്ള ബിക്കുവിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി... ഡോ. സ്പീഡിന്റെ സ്വപ്നങ്ങൾ ഇപ്പോഴും ടോപ് ഗിയറിൽ തന്നെയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..