രോഗികളെ കൊണ്ടുപോകുന്ന വിധം രൂപമാറ്റം വരുത്തിയ തന്റെ വാഹനത്തിന് സമീപം ലത്തീഫ് | ഫോട്ടോ: മാതൃഭൂമി
കടുങ്ങല്ലൂരിലെ കോവിഡ് രോഗികള്‍ക്ക് ഇനി ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് ആംബുലന്‍സ് കാത്തിരിക്കേണ്ട. ഒരു വിളിപ്പുറത്ത് ലത്തീഫ് തന്റെ കാറുമായെത്തും. ആംബുലന്‍സ് കിട്ടാനില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ സ്വന്തം കാര്‍ ആംബുലന്‍സ് സൗകര്യത്തോടെ രോഗികള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ് കടുങ്ങല്ലൂര്‍ ഏലൂക്കര പടുവത്തില്‍ വീട്ടില്‍ പി.എ. ലത്തീഫ് എന്ന പൊതുപ്രവര്ത്തകന്.
സൗജന്യ സേവനമാണെന്നത് ഇതിന്റെ മാറ്റുകൂട്ടുന്നു. ലത്തീഫിന്റെ മകനും മരുമകളും കഴിഞ്ഞദിവസം കോവിഡ് പോസിറ്റീവായി. ഇവരെ പരിശോധനയ്ക്കായി കൊണ്ടുപോകുന്ന സമയത്താണ് തന്റെ സ്കോര്‍പ്പിയോ കാറിനുള്ളില്‍ രൂപമാറ്റം വരുത്തുന്നതിനെകുറിച്ച് ചിന്തിച്ചത്.
ഡ്രൈവര്‍ സീറ്റ് ഉള്‍പ്പടെയുള്ള മുന്‍ഭാഗം മറച്ചു. പിന്‍സീറ്റ് രോഗിയെ കിടത്തിക്കൊണ്ടു പോകുവാന്‍ സൗകര്യത്തില്‍ കട്ടില് പോലെയാക്കി. സമീപത്ത് രണ്ടുപേര്‍ക്ക് ഇരിക്കുകയും ചെയ്യാം. രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കടുങ്ങല്ലൂരില്‍ രോഗികള്‍ക്ക് ഒരു ആശ്വാസമാകുമെന്നതു കൊണ്ട് ഇനി ഈ വണ്ടി ലത്തീഫ് അവര്‍ക്കു വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്.
98460 19358 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ പഞ്ചായത്തിലെ ഏതു പ്രദേശത്തും ലത്തീഫ് വണ്ടിയുമായെത്തും. രോഗികളെ എവിടെ വേണമെങ്കിലും എത്തിക്കുകയും ചെയ്യും. സി.പി.എം. കടുങ്ങല്ലൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ ലത്തീഫ് പഞ്ചായത്തിലെ ജാഗ്രതാ സമിതി അംഗവും കൂടിയാണ്.
Content Highlights: Mahindra Scorpio Convert As Ambulance For Covid Patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..