സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി കാറുകള്‍ക്ക് ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന സ്വീകാര്യത കണക്കാക്കി കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് മിനി എസ്.യു.വി KUV 100 മഹീന്ദ്ര പുറത്തിറക്കിയത്. ചെറുകാറുകളില്‍ അതുവരെ കണ്ടുപരിചിതമല്ലാത്ത എസ്.യു.വി രൂപം കൂള്‍ യൂട്ടിലിറ്റി വെഹിക്കില്‍ എന്ന ടാഗ് ലൈനോടെ എത്തിയ കെയുവിയെ എതിരാളികളില്‍ നിന്ന് വേറിട്ടുനിര്‍ത്തി. വിപണിയിലെത്തി ഒന്നര വയസ്സ് പിന്നിടുമ്പോള്‍ ഒരു മാറ്റത്തിനായി ഈ കൂള്‍ എസ്.യു.വിയെ KUV 100 NXT എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. ആകെ 40 മാറ്റങ്ങള്‍ സഹിതമാണ് കെയുവിയുടെ റീ എന്‍ട്രി.

KUV 100 NXT

രൂപത്തിലെ മാറ്റങ്ങള്‍ 

എടുത്തുപറയേണ്ട മാറ്റങ്ങള്‍ മുഴുവന്‍ വാഹനത്തിന്റെ മുന്‍ഭാഗത്താണ്.  മുന്‍ മോഡലിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന ചെറിയ പോരായ്മകള്‍ പരിഹരിച്ച് കരുത്ത് പ്രകടമാക്കുന്ന അഗ്രസീവ് രൂപത്തിലാണ് ബമ്പറും ഗ്രില്ലും അടങ്ങിയ ഭാഗം ഡിസൈന്‍ ചെയ്തത്. ഹെഡ്‌ലാമ്പ് കൂടുതല്‍ സ്‌പോര്‍ട്ടിയാക്കി. ഡ്യുവല്‍ ചേമ്പര്‍ സണ്‍ഗ്ലാസ് സ്‌റ്റൈലിലാണ് ഹെഡ്ലാംമ്പ് ഡിസൈന്‍. ഇതിനോട് ചേര്‍ന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് പ്രൗഡി കൂട്ടും. ഏറ്റവും താഴെയായി സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഇത്തവണ സ്ഥാനംപിടിച്ചു. കറുപ്പ് നിറം ചാലിച്ച ആവരണത്തിലാണ് ഫോഗ് ലാംമ്പ്. കരുത്തുറ്റ എസ്.യു.വിയാണ് താനെന്ന് വിളിച്ചോതുന്നതാണ് കെയുവിയുടെ ഓവറോള്‍ രൂപം. 

KUV 100 NXT

എസ്.യു.വിക്ക് ഇണങ്ങുന്ന തരത്തിലാണ് ഡ്യുവല്‍ ടോണ്‍ 5 സ്‌പോക്ക് അലോയി വീല്‍. ബോണറ്റിനടയിലെ എന്‍ജിന്‍ ഏതാണെന്ന് വ്യക്തമാക്കാന്‍ ഹെഡ്‌ലാംമ്പിന് പിന്നിലെക്കായി എംഫാല്‍ക്കന്‍ എന്‍ജിന്‍ ബാഡ്ജിങ് നല്‍കി. ഇതിന്റെ അടുത്തായുള്ള G80 ബാഡ്ജിങ് പെട്രോള്‍ പതിപ്പിനെയും G 75 ബാഡ്ജിങ് ഡീസല്‍ പതിപ്പിനെയും സൂചിപ്പിക്കും. ബോഡിക്ക് ചുറ്റുമുള്ള ബ്ലാക്ക് പ്ലാസ്റ്റിക്ക് ക്ലാഡിങ്ങിന്റെ വീതി ചില ഇടങ്ങളില്‍ അല്‍പം വര്‍ധിപ്പിച്ചു. ഇരുവശങ്ങളിലെയും കണ്ണാടി ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം, സൈഡ് ഇന്‍ഡികേറ്ററും കണ്ണാടിയില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ഡോറിന് മുകളില്‍ സില്‍വര്‍ നിറത്തിലുള്ള ഡോര്‍ ഹാന്‍ഡില്‍ ബ്ലാക്ക് നിറത്തിലേക്ക് മാറി. 

KUV 100 NXT

വശങ്ങളില്‍ അധികം മാറ്റങ്ങള്‍ക്ക് കമ്പനി മുതിര്‍ന്നിട്ടില്ല. ഇനി പിന്‍ഭാഗത്തേക്ക് വന്നാല്‍ ഡബിള്‍ ബാരല്‍ ഡിസൈനില്‍ ക്ലിയര്‍ ലെന്‍സിലാണ് ടെയില്‍ ലാംമ്പ്. റിയര്‍ ബംമ്പറില്‍ അഡീഷ്ണലായി സില്‍വര്‍ സ്‌കിഡ് പ്ലേറ്റുമുണ്ട്. കരുത്തുറ്റ രൂപം അവകാശപ്പെടാന്‍ എടുത്തുകാണിക്കുന്ന കാരക്റ്റര്‍ ലൈനുകളും പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബോഡിയോട് ചേര്‍ന്ന് ഒഴുകി നില്‍ക്കുന്ന ഇന്റഗ്രേറ്റഡ് സ്പോയിലര്‍ പിന്‍ഭാഗത്തിന് പൂര്‍ണത നല്‍കും. 

പ്രൗഢി കൂട്ടി അകത്തളം

KUV 100 NXT

പുതിയ സ്പോര്‍ട്ടി ആള്‍ ബ്ലാക്ക് നിറത്തിലാണ് അകത്തളം ഒരുക്കിയത്. പുതിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. നാവിഗേഷന്‍ സൗകര്യമുണ്ടെങ്കിലും ആന്‍ഡ്രോയിഡ്, ആപ്പിള്‍ കണക്ടിവിറ്റി ഇതിലില്ല. മഹീന്ദ്ര ബ്ലൂസെന്‍സ് ആപ്പിനൊപ്പം ബ്ലൂടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്യാം. സെന്റര്‍ കണ്‍സോള്‍ അഴിച്ചുപണിതിട്ടുണ്ട്. ജോയിസ്റ്റിക്ക് രൂപത്തിലുള്ള ഗിയര്‍ ലെവല്‍ അതുപോലെ നിലനിര്‍ത്തി. ഡോറിലും സീറ്റിനടയിലുമായി വെള്ളകുപ്പിയും മറ്റും സൂക്ഷിക്കാന്‍ ധാരളം സ്റ്റോറേജ് സ്പേസും കമ്പനി നല്‍കിയിട്ടുണ്ട്. 

KUV 100 NXT

എതിരാളികളെക്കാള്‍ ഒരുപടി മുന്നില്‍ KUV 100 NXT-യെ നിര്‍ത്തുന്ന ഒരു കാര്യം സീറ്റിങ് അറേഞ്ച്മെന്റാണ്. മുന്നില്‍ 3 പേര്‍ക്കടക്കം ആകെ 6 പേര്‍ക്ക് വാഹനത്തില്‍ യാത്ര ചെയ്യാം. മുന്നില്‍ ബെഞ്ച് സീറ്റാണ് ഇതിനായി മഹീന്ദ്ര ഉപയോഗിച്ചത്. ഫ്രെണ്ട് റോയില്‍ യാത്രക്കാരില്ലെങ്കില്‍ മിഡില്‍ സീറ്റ് ഭാഗം മടക്കി ഡ്രൈവര്‍ക്ക് ആം റസ്റ്റായി ഉപയോഗിക്കാം. ഇത് ഗിയര്‍ ഷിഫ്റ്റിനും ഡ്രൈവിങ്ങും കൂടുതല്‍ സുഖകരമാക്കും. എന്നാല്‍ കൂട്ടികള്‍ ഒഴികെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈ സീറ്റില്‍ യാത്ര ചെയ്യാന്‍ ചെറിയ പ്രയാസം നേരിട്ടേക്കാം. സീറ്റ് പരമാവധി പിന്നിലേക്ക് വലിച്ചാല്‍ ഭേദപ്പെട്ട ലെഗ് സ്‌പേസ് ലഭിക്കും. ഈ സെഗ്‌മെന്റിലെ എതിരാളികള്‍ക്ക് 6 സീറ്റര്‍ ലഭ്യമല്ല എന്നുള്ളത് ഫാമിലി ഉപഭോക്താക്കളെ കൂടുതല്‍ കെയുവിയിലേക്ക് അടുപ്പിക്കും. 

നീളവും വീതിയും കൂടി

KUV 100 NXT

മുന്‍മോഡലിനെക്കാള്‍ 25 എംഎം നീളവും 20 എംഎം വീതിയും നെക്സ്റ്റിന് കൂടുതലുണ്ട്. 3700 എംഎം നീളവും 1735 എംഎം വീതിയും, 1655 എംഎം ഉയരവുമാണ് വാഹനത്തിനുണ്ട്. 2385 എംഎം ആണ് വീല്‍ബേസ്. ചെറു എസ്.യു.വിക്ക് ഇണങ്ങുന്ന തരത്തില്‍  170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും കമ്പനി നല്‍കിയിട്ടുണ്ട്. 243 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി. പിന്‍സീറ്റ് മടക്കിയാല്‍ ഇത് 473 ലിറ്ററാക്കി ഉയര്‍ത്താം. 35 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഒതുങ്ങിക്കൂടിയ രൂപമാണെങ്കിലും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ആവശ്യത്തിനുള്ള ലെഗ് സ്പേസും ഹെഡ്റൂം സ്പേസും ഇതിലുണ്ട്. 

പെര്‍ഫോമെന്‍സില്‍ കേമന്‍

ഇനി പെര്‍ഫോമെന്‍സിലേക്ക് വന്നാല്‍ പഴയ കെയുവിയെക്കാള്‍ ഒരുപടി മുകളില്‍ നെക്സ്റ്റിന് സ്ഥാനം നല്‍കാം. റണ്ണിങ്ങില്‍ അകത്തേക്ക് പ്രതിഫലിച്ചിരുന്ന എന്‍ജിന്‍ ശബ്ദം നന്നായി കുറഞ്ഞെന്ന് പറയാം. കയറ്റം കയറാനും പുതിയ താരം മിടുക്കനാണ്. ഗിയര്‍ ഫിഷ്റ്റിങ് ആര്‍ക്കും എളുപ്പത്തില്‍ ഇഷ്ടപ്പെടും. വാഹനത്തിന്റെ എന്‍ജിന്‍ കരുത്തില്‍ മാറ്റമൊന്നുമില്ല. 1198 സിസി എംഫാല്‍ക്കന്‍ G80 പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകും. 1198 സിസി എംഫാല്‍ക്കന്‍ D75 ഡീസല്‍ എന്‍ജിന്‍ 77 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. അടുത്ത വര്‍ഷത്തോടെ ഇതിന്റെ ഓട്ടോമാറ്റിക് പതിപ്പുമെത്തും. ഇതിന് ശേഷം കെയുവിയുടെ ഇലക്ട്രിക് വകഭേദം പുറത്തിറങ്ങുമെന്നും അഭ്യൂഹമുണ്ട്. 

KUV 100 NXT

K2, K2+, K4+, K6+, K8 എന്നീ അഞ്ചു വേരിയന്റുകളില്‍ KUV നെക്സ്റ്റ് ലഭ്യമാകും. 2019 പകുതിയോടെ എയര്‍ബാഗ് അടക്കമുള്ള സുരക്ഷാ സന്നാഹങ്ങള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകായാണ്. ഇതിന് മുന്നോടിയായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാ സന്നാഹങ്ങള്‍ കെയുവിയില്‍ മഹീന്ദ്ര ഉള്‍പ്പെടുത്തി. പെട്രോളില്‍ 18.15 കിലോമീറ്റര്‍ മൈലേജും ഡീസലില്‍ 25.31 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്രയും ഫീച്ചേഴ്സില്‍ തരക്കേടില്ലാത്ത വില നല്‍കി കെയുവി സ്വന്തമാക്കാവുന്നതാണ്. 4.50 ലക്ഷം രൂപ മുതല്‍ 7.50 ലക്ഷം വരെയാണ് വാഹനത്തിന്റെ കോഴിക്കോട് എക്സ്ഷോറൂം വില. 

For Test Drive; 9061601234 (Eram Motors Feroke Chungam, Kozhikode)

ചിത്രങ്ങള്‍: ഷഹീര്‍. സി.എച്ച്‌

Content Highlights: Mahindra KUV 100 NXT Review Drive, KUV 100 NXT Features, KUV 100 NXT Test Drive, KUV 100 NXT, Mahindra KUV, KUV 100, KUV Features