തിരാളികളില്ലാതെ നിരത്തില്‍ വിലസി നടന്നിരുന്ന വാഹനമായിരുന്നു ടൊയോട്ട ഇന്നോവ ക്രിസ്റ്റ. പല കാലങ്ങളില്‍ എതിരാളികള്‍ പലരും വന്നുപോയെങ്കിലും അവര്‍ക്കൊന്നും ക്രിസ്റ്റയുടെ ജനകീയതയെ മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ക്രിസ്റ്റയുമായി മത്സരിക്കാനുറച്ച് മഹീന്ദ്രയില്‍ നിന്ന് പുറത്തിറക്കിയിരിക്കുന്ന മരാസോ ഈ ജനകീയതയുടെ മേല്‍ കരിനിഴല്‍ വീഴുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌റ്റൈലിലും സൗകര്യത്തിലും ക്രിസ്റ്റയോട് മുട്ടിനില്‍ക്കുന്നുണ്ട് മരാസോ. ക്രിസ്റ്റയെക്കാള്‍ വിലയും കുറവ്‌.

# ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ഇന്നോവയുടെ പിന്‍ഗാമിയായി ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങിയ എംപിവിയാണ് ഇന്നോവ ക്രിസ്റ്റ. യാത്രാ സുഖവും വാഹനം നല്‍കുന്ന സൗകര്യവുമാണ് ക്രിസ്റ്റയുടെ മുഖമുദ്ര. കാഴ്ചയിലും മിടുക്കനായ ക്രിസ്റ്റ ഈ വിഭാഗത്തില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന വാഹനമാണ്. 

2.4, 2.8 ഡീസല്‍ എന്‍ജിനിലും 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ക്രിസ്റ്റ പുറത്തിറക്കുന്നത്. ജി, വി, ഇസഡ് എന്നീ മൂന്ന് ഓപഷനുകളില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ ബോക്സിലും ക്രിസ്റ്റ അവതരിപ്പിച്ചിട്ടുണ്ട്. 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 2393 സിസിയില്‍ 150 പിഎസ് പവറും 343 എന്‍എം ടോര്‍ക്കും, 2.8 ലിറ്റര്‍ എന്‍ജിന്‍ 2755 സിസിയില്‍ 174 പിഎസ് പവറും 360 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 2.7 പെട്രോള്‍ എന്‍ജിന്‍ 2694 സിസിയില്‍ 166 പിഎസ് പവറും 245 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

Crysta

സുരക്ഷയുടെ കാര്യത്തില്‍ ക്രിസ്റ്റ മുന്നിലാണ്. അടിസ്ഥാന മോഡലില്‍ തന്നെ എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനവും രണ്ട് എയര്‍ ബാഗും നല്‍കുന്നുണ്ട്. ടോപ്പ് എന്‍ഡ് മോഡലായ ഇസഡില്‍ അഞ്ച് എയര്‍ബാഗും ഒരുക്കിയിട്ടുണ്ട്. ഗ്ലാസ് ബ്രേക്ക് അള്‍ട്രാ സോണിക് സെന്‍സറോട് കൂടിയ ആന്റി തെഫ്റ്റ് അലാറം, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍ പിന്‍ഭാഗത്ത് ഫോഗ് ലാമ്പ്, മുന്നില്‍ എല്‍ഇഡി ഫോഗ് ലാമ്പ് എന്നിവ ക്രിസ്റ്റയില്‍ കമ്പനി പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

# മഹീന്ദ്ര മരാസോ 

എംപിവി ശ്രേണിയില്‍ മാരുതിയുടെ എര്‍ട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലാണ് മഹീന്ദ്ര മരാസോയുടെ സ്ഥാനം. രൂപത്തിലും ഭാവത്തിലും മരാസോ ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം നിക്കുമെങ്കിലും എന്‍ജിനും അത് നല്‍കുന്ന പവറിലും ക്രിസ്റ്റ തന്നെയാണ് മുന്‍പന്തിയില്‍. 123 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് മരാസോയുടെ ഹൃദയം. 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 17.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതേസമയം അല്‍പംകൂടി വലിയ എന്‍ജിനുള്ള ക്രിസ്റ്റയില്‍ 15.10/14.29 കിലോമീറ്റര്‍ ഇന്ധനക്ഷമത മാത്രമാണ് ലഭിക്കുക. 

Marazzo

എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളാണ് മരാസോയ്ക്കുള്ളത്. പെട്രോള്‍ പതിപ്പും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തല്‍ക്കാലം മരാസോയില്‍ ലഭ്യവുമല്ല. ഭാവിയില്‍ വരുമെന്ന് പ്രതീക്ഷിക്കാം. വിശാലമായ അകത്തളത്തില്‍ ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് യാത്ര ചെയ്യാം. ക്രിസ്റ്റയിലും ഇതേ സീറ്റിങ് കപ്പാസിറ്റിയാണ്.  4585 എംഎം നീളവും 1866 എംഎം വീതിയും 1774 എംഎം ഉയരവും 2760 എംഎം വീല്‍ബേസുമാണ് മരാസോയ്ക്കുള്ളത്. ഇതില്‍ വീതിയും (1830 എംഎം) വീല്‍ബേസും (2750 എംഎം) ക്രിസ്റ്റയെക്കാള്‍ കൂടുതല്‍ മരാസോയ്ക്കാണ്. 160 എംഎം ആണ് മരാസോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. ബൂട്ട് സ്‌പേസ് കപ്പാസിറ്റി 190 ലിറ്റര്‍. 

    മരാസോ   ഇന്നോവ ക്രിസ്റ്റ
  നീളം    4585mm   4735mm
  വീതി    1866mm   1830mm
  ഉയരം    1774mm   1868mm
  വീല്‍ബേസ്   2760mm   2750mm
  ഗ്രൗണ്ട് ക്ലിയറന്‍സ്   160mm   176mm
  ഫ്യുവല്‍ ടാങ്ക്   45L   55L
  ബൂട്ട് സ്‌പേസ്   190L   300L
  ടേണിങ് റേഡിയസ്   5.25   5.4

 

മഹീന്ദ്രയുടെ ഡിസൈന്‍ വിഭാഗവും ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫരീനയും ചേര്‍ന്നാണ് മരാസോയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ആ നിലവാരത്തിനൊത്ത രൂപഭംഗി മരാസോയ്ക്ക് അവകാശപ്പെടാനുമുണ്ട്. ഷാര്‍ക്ക് (സ്രാവ്) എന്നാണ് സ്പാനിഷ് വാക്കായ മരാസോയുടെ അര്‍ഥം. സ്രാവിന്റെ മാതൃകയില്‍ എയറോഡൈനാമിക് ഡിസൈനിലാണ് മരാസോയുടെ നിര്‍മാണം. നാല് ഓപ്ഷനുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ആവശ്യമായ മിക്ക സൗകര്യങ്ങളും മരാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ നല്‍കിയിട്ടുണ്ടെന്നതാണ് ഈ എംപിവിയുടെ ഏറ്റവും വലിയ പ്രത്യേതക.

ക്രിസ്റ്റയെക്കാള്‍ മരാസോയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രധാന ഘടകം വിലയാണ്. 9.99 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം വരെയാണ് മരാസോയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. അതേസമയം ഡീസല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് 15.46 ലക്ഷം രൂപ മുതല്‍ 21.57 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. വിലയിലെ ഈ വലിയ വ്യത്യാസം മരാസോയ്ക്ക് ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്‌സ്, എമര്‍ജന്‍സി കോളിങ് ഫങ്ഷന്‍ തുടങ്ങി സംവിധാനങ്ങളും മരാസോയിലുണ്ട്. 

marazzo

   മരാസോ  ഇന്നോവ ക്രിസ്റ്റ
  എന്‍ജിന്‍    1.5 L   2.4L/2.8L
  ട്രാന്‍സ്മിഷന്‍   6 MT   5 MT/6AT
  പവര്‍    121 HP   148/172
  ടോര്‍ക്ക്   300 NM   343/360
  മൈലേജ്   17.6 Km/l   15.10/14.29 Km/l

 

Content Highlights; Mahindra Marazzo Vs Toyota Innova Crysta Comparison