ഒരുകാലത്ത് വിനോദത്തിനും വിവാഹത്തിനും എന്നുവേണ്ട എല്ലാ യാത്രകള്‍ക്കും മലയോരവാസികള്‍ ആശ്രയിച്ചിരുന്നത് ജീപ്പിനെയാണ്. ഓരോ ഗ്രാമ കേന്ദ്രങ്ങളിലും ഇപ്പോഴുമുണ്ടാകും ഏത് മലമുകളിലേക്കും സര്‍വീസ് നടത്താനായി ഒരു ജീപ്പെങ്കിലും. നഗരങ്ങളിലെ സമ്പന്നര്‍ കാറുപയോഗിച്ചിരുന്നതുപോലെ മലയോരത്തെ കര്‍ഷകര്‍ കാര്‍ഷികോത്പന്നങ്ങള്‍ കടയിലെത്തിക്കാനും അത്യാവശ്യ യാത്രകള്‍ക്കും ഉപയോഗിക്കുന്നത് ജീപ്പാണ്. ഏത് കയറ്റവും ഓടിച്ച് കയറ്റാന്‍ കഴിയുന്ന വാഹനമെന്നതാണ് ജീപ്പിനെ മലയോരത്തിന്റെ ഇഷ്ടവാഹനമാക്കിയത്. അതുകൊണ്ട് തന്നെ സാധാരണ ജീപ്പുകളുടെ ഉത്പാദനം 2010-ല്‍ കമ്പനി നിര്‍ത്തിയിട്ടും ഇന്നും മലയോരത്തിന്റെ ടാക്‌സി സ്റ്റാന്‍ഡുകള്‍ അടക്കിവാഴുന്നത് ജീപ്പുകളാണ്.
ജനകീയ ജീപ്പുകള്‍
ജനകീയ ജീപ്പ് സര്‍വീസുകളാണ് മലയോരത്തെ പല ഉള്‍നാടുകളിലെയും യാത്രക്കാര്‍ക്ക് ഇപ്പോഴും ആശ്രയം. വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ആശ്രയിച്ചിരുന്നത് പലപ്പോഴും ജീപ്പുകളെയായിരുന്നു. ഇതിനൊക്കെയും ഇനി പുതിയ വഴികള്‍ തേടേണ്ടിവരും.
നിയമം നടപ്പാക്കിയാല്‍ മലയോര കേന്ദ്രങ്ങളിലെ നൂറുകണക്കിന് ജീപ്പുകളാണ് പൊളിക്കേണ്ടിവരിക. ഇതോടെ മലയോരത്തെ നിരവധിപേരുടെ ജീവിതമാര്‍ഗം ഇല്ലാതാകും ഒപ്പം വലിയതോതിലുള്ള യാത്രാ പ്രശ്‌നവും ഉണ്ടാകും. ടാക്‌സി വാഹനങ്ങള്‍ക്ക് 15-ഉം സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും ഉപയോഗിക്കാനാണ് പുതിയ അനുമതി. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇനി ആഡംബര ജീപ്പുകള്‍ മാത്രം
മഹീന്ദ്ര കമ്പനിയുടെ സാധാരണ ജീപ്പുകള്‍ക്ക് പരമാവധി അഞ്ചരലക്ഷം രൂപ വരെ മാത്രമാണ് വിലയുണ്ടായിരുന്നത്. ഇതിന്റെ ഉത്പാദനമാണ് പത്ത് വര്‍ഷം മുന്‍പ് നിര്‍ത്തിയത്. പിന്നീട് ജീപ്പിന്റെ ഘടനയില്‍ ചെറിയ മാറ്റംവരുത്തി ഥാര്‍ എന്ന പേരില്‍ പുതിയ മോഡല്‍ ജീപ്പ് പുറത്തിറക്കി. ഇപ്പോള്‍ എ.സി.അടക്കം ആധുനിക സൗകര്യത്തോടെയുള്ള ജീപ്പുകളാണ് പുറത്തിറക്കുന്നത്. ട്രക്കിങ്ങിനും സ്വകാര്യ യാത്രക്കള്‍ക്കുമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തരം ആഡംബര ജീപ്പുകളുടെ വില സാധാരണക്കാരന് താങ്ങാന്‍ കഴിയില്ല.
മലയോര മേഖലയില്‍ ടാക്‌സിയായും മറ്റും ഉപയോഗിക്കുന്നതിനും പരിമിതിയുണ്ട്. മലയോരത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചയാണ് ജീപ്പുകള്‍. ഈ കാഴ്ചകള്‍ക്ക് ഇനി അധികം ആയുസ്സില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ പൊളിക്കാനുള്ള നടപടി തുടങ്ങിയാല്‍ മലയോരത്ത് ബാക്കിയാവുക അപൂര്‍വം ജീപ്പുകള്‍ മാത്രമായിരിക്കും.
Content Highlights: Mahindra Jeep, Vehicle Scrappage Policy, High Range Districts