ഹീന്ദ്രയുടെ പുതിയ പ്രീമിയം സെവന്‍ സീറ്റര്‍ എസ്.യു.വി. ആള്‍ടുറാസ് G4 ഇന്ത്യയിലെത്തിയിരിക്കുകയാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവ മത്സരിക്കുന്ന പ്രീമിയം എസ്.യു.വി സെഗ്‌മെന്റിലാണ് ആള്‍ടുറാസ് G4 മാറ്റുരയ്ക്കുക. രൂപവും വിലയും കരുത്തും കണക്കിലെടുക്കുമ്പോള്‍ പ്രീമിയം എസ്.യു.വി നിരയില്‍ വമ്പ് കാണിക്കാന്‍ പ്രാപ്തനാണ് ആള്‍ടുറാസ് G 4. സെഗ്‌മെന്റ് ലീഡര്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെയും പുതിയ ആള്‍ടുറാസിന്റെയും ഫീച്ചേഴ്‌സ് പരിശോധിക്കാം... 

Alturas

വില - പെട്രോള്‍, ഡീസല്‍ എന്‍ജിനില്‍ ലഭ്യമായ ഫോര്‍ച്യൂണറിന് 29.22 ലക്ഷം രൂപ മുതല്‍ 32.93 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. അതേസമയം ആള്‍ടുറാസിന് ഡീസല്‍ വകഭേദം മാത്രമേയുള്ളു. 26.95 ലക്ഷം രൂപ മുതല്‍ 29.95 ലക്ഷം രൂപ വരെയാണ് ആള്‍ടുറാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. അതായത് ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ മൂന്ന് ലക്ഷത്തോളം രൂപ മഹീന്ദ്ര ആള്‍ടുറാസിന് കുറവാണ്. 

എന്‍ജിന്‍ - ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനില്‍ ഡീസല്‍ എന്‍ജിനിലാണ് ആള്‍ടുറാസ് നിരത്തിലെത്തിയത്. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 178 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കുമേകും. മെഴ്‌സിഡിസ് ബെന്‍സില്‍ നിന്നെടുത്ത 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ഫോര്‍ച്യൂണറില്‍ 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 2.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണുള്ളത്. പെട്രോള്‍ എന്‍ജിന്‍ 164 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 174 ബിഎച്ച്പി പവറും 420 (മാനുവല്‍)/ 450 (ഓട്ടോമാറ്റിക്) എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍, പെട്രോളില്‍ 5 സ്പീഡ് മാനുവലുമുണ്ട്. ഡീസല്‍ കരുത്തില്‍ ഇരുവരും തമ്മില്‍ വലിയ അന്തരമില്ലെന്ന് വ്യക്തം. 

Fortuner

മൈലേജ് - ARAI കണക്കുപ്രകാരം ഫോര്‍ച്യൂണര്‍ ഡീസല്‍ മാനുവലില്‍ 14.4 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 12.9 കിലോമീറ്ററും മൈലേജാണ് ലഭിക്കുക. അതേസമയം ആള്‍ടുറാസിന്റെ മൈലേജ് വിവരം കമ്പനി വ്യക്തമാക്കിയിട്ടില്ല. ലഭ്യമായ സൂചനകള്‍ പ്രകാരം 15 കിലോമീറ്ററിനുള്ളില്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അഴകളവുകള്‍ - ഫോര്‍ച്യൂണറിനെക്കാള്‍ വലുപ്പക്കാരനാണ് ആള്‍ടുറാസ്. 55 എംഎം നീളവും 105 എംഎം വീതിയും ആള്‍ടുറാസിന് കൂടുതലുണ്ട്. അതേസമയം ഉയരത്തില്‍ ഫോര്‍ച്യൂണറാണ് മുന്നില്‍, 35 എംഎം കൂടുതലാണ്. ഫോര്‍ച്യൂണറിന് 220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ആള്‍ടുറാസിന് 244 എംഎം. 

4795 എംഎം നീളവും 1855 എംഎം വീതിയും 1835 എംഎം ഉയരവും 2745 എംഎം വീല്‍ബേസുമാണ് ഫോര്‍ച്യൂണറിനുള്ളത്. ആള്‍ടുറാസില്‍ ഇത് യഥാക്രമം 4850 എംഎം, 1960 എംഎം, 1800 എംഎം, 2865 എംഎം എന്നിങ്ങനെയാണ്. 

Alturas

ഫീച്ചേഴ്‌സ് - ജനപ്രിയനായ ഫോര്‍ച്യൂണറുമായി മത്സരിക്കാന്‍ ധാരാളം നൂതന ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയാണ് ആള്‍ടുറാസ് എത്തിയിട്ടുള്ളത്.

ഫോര്‍ച്യൂണറിനൊപ്പം പിടിക്കാന്‍ അടിമുടി ലക്ഷ്വറി ഫീല്‍ നല്‍കുന്നതാണ് ആള്‍ടുറാസിന്റെ ഇന്റീരിയര്‍. ഇലക്ട്രിക് സണ്‍റൂഫ് ആള്‍ടുറാസിലുണ്ട്. എന്നാല്‍ ഫോര്‍ച്യൂണറില്‍ ഈ സൗകര്യമില്ല. വലിയ 20 ഇഞ്ച് അലോയി വീലാണ് ആള്‍ട്ടുറാസിനെ നയിക്കുന്നത്. ഫോര്‍ച്യൂണറില്‍ 18 ഇഞ്ചും. നാവിഗേഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പില്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള 9.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ആള്‍ട്ടുറാസില്‍. ഫോര്‍ച്യൂണറില്‍ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റമാണുള്ളത്. എന്നാല്‍  ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി ഇതിലില്ല. 

Safety

സുരക്ഷ - ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, സ്പീഡ് സെന്‍സിറ്റീവ് സ്റ്റിയറിങ് വീല്‍, ഹില്‍ ഡീസെന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ആക്ടീവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ സംവിധാനങ്ങളാണ് ആള്‍ടുറാസില്‍ സുരക്ഷ ഒരുക്കുന്നത്. ഫോര്‍ച്യൂണറില്‍ സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗ്, ആക്ടീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൗണ്‍ ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡ്രൈവ് കണ്‍ട്രോള്‍, വെഹിക്കില്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, ഇബിഡി തുടങ്ങിയ സംവിധാനങ്ങളാണുള്ളത്.

SUV

Content Highlights; Mahindra Alturas Vs Toyota Fortuner Comparison