കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമുള്ള ദീര്‍ഘകാലപാക്കേജ് പോളിസികള്‍ ഇനിയുണ്ടാകില്ല. ഓഗസ്റ്റ് ഒന്നുമുതലാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.)യുടെ ഈ പരിഷ്‌കാരം നിലവില്‍വന്നത്. 

പുതിയകാറുകള്‍ക്ക് മൂന്നുവര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും തേര്‍ഡ്പാര്‍ട്ടി പ്രിമിയം തുടര്‍ന്നുംനിര്‍ബന്ധമാണ്. ഇതേ കാലയളവുതന്നെയുള്ള ദീര്‍ഘകാലപാക്കേജ് പോളിസി ചുരുക്കി ഒരുവര്‍ഷം വീതമാക്കിയിരിക്കുകയാണ്. വാഹനഉടമയ്ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കും ഒരുപോലെ നേട്ടമുണ്ടാകുന്നതാണ് ഐ.ആര്‍.ഡി.എ.ഐ.യുടെ തീരുമാനം.

വാഹന ഉടമയ്ക്ക്

  • മൂന്ന് അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്കുള്ള പാക്കേജ് ഇന്‍ഷുറന്‍സ് തുക മുന്‍കൂര്‍ അടയ്‌ക്കേണ്ടിവരുന്നതിനാല്‍ വാഹനം നിരത്തിലിറക്കുമ്പോള്‍ കൂടുതല്‍ തുക മുടക്കേണ്ടിവരുമായിരുന്നു. വാഹനവായ്പ എടുക്കുന്നവര്‍ക്ക് പലിശ ഇനത്തില്‍ വലിയ ബാധ്യത വരുമായിരുന്നു.
     
  • ദീര്‍ഘകാലം ഒരേ ഇന്‍ഷുറന്‍സ് കമ്പനിയുടെ സേവനം തന്നെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകും. സേവനത്തിലെ മേന്മ നോക്കി കമ്പനി മാറാനുള്ള സൗകര്യം ഇനി ലഭിക്കും.
     
  • ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ അപകടരഹിത ബോണസ് ലഭിക്കേണ്ടതാണ്. എന്നാല്‍, ദീര്‍ഘകാല പോളിസികള്‍ പുതുക്കേണ്ട ഘട്ടത്തില്‍ മാത്രമേ ഇത് കിട്ടുകയുള്ളൂ.

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക്

എല്ലാ വര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടുന്നതാണ് പതിവ്. ദീര്‍ഘകാല പോളിസികളില്‍ മുന്‍കൂര്‍ പണം വാങ്ങുന്നതിനാല്‍ പ്രീമിയം വര്‍ധനയുടെ ആനുകൂല്യം കമ്പനികള്‍ക്ക് ലഭിക്കില്ല.

തേര്‍ഡ് പാര്‍ട്ടി പ്രീമിയം

വാഹനം നിരത്തിലിറക്കാന്‍ നിര്‍ബന്ധമായും വേണ്ട ഇന്‍ഷുറന്‍സ് സംരക്ഷണം. വാഹനം നിമിത്തം മറ്റുള്ളവരുടെ ജീവനും സ്വത്തിനുമുണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ളതാണിത്. ഡ്രൈവര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ക്കുള്ള പോളിസിയും ഇതിനൊപ്പം എടുക്കണം. എന്നാലിതിലൂടെ വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്ക് സംരക്ഷണം ലഭിക്കില്ല.

പാക്കേജ് പോളിസി

വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സംരക്ഷണം ലഭിക്കാനുള്ള പോളിസി. എന്‍ജിന്‍ സംരക്ഷണം, ബമ്പര്‍ ടു ബമ്പര്‍ തുടങ്ങിയ പലവിധ പാക്കേജ് പോളിസികള്‍ ലഭ്യമാണ്. വാഹനം രജിസ്റ്റര്‍ ചെയ്യാനും നിരത്തില്‍ ഓടിക്കാനും പാക്കേജ് പോളിസി നിര്‍ബന്ധമല്ല.

Content Highlights: Long Term Insurance Policy For Car And Two Wheeler Is Withdrawn