സി.എന്‍.ജി. നിറച്ച് 'അലങ്കാര്‍' ബസിന്റെ ഒരാഴ്ചയിലെ സര്‍വീസ് പൂര്‍ത്തിയാകുമ്പോള്‍ ഉടമ വാവന്നൂര്‍ സ്വദേശി നാസറിന് പെരുത്ത് സന്തോഷം. ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ കടം പറഞ്ഞിരുന്നിടത്ത് ചെലവ് കഴിഞ്ഞ് പണം കൈയിലേക്ക് കിട്ടിത്തുടങ്ങി. കമ്പനി നല്‍കിയ നൂറ് ശതമാനം ഉറപ്പില്‍ ആത്മവിശ്വാസത്തോടെയാണ് തൃശ്ശൂര്‍-കുറ്റിപ്പുറം റൂട്ടില്‍ മുന്നോട്ടുള്ള യാത്ര.
അതിജീവനത്തിന്റെ പാതയിലാണ് ഒരു വര്‍ഷമായി സ്വകാര്യ ബസ് സര്‍വീസ്. അതിനിടയിലാണ് ഡീസലിന്റെ വില അടിക്കടി ഉയരുന്നത്. ഒരു വര്‍ഷത്തിനിടെ പത്ത് രൂപയുടെ വില വ്യത്യാസമുണ്ടായപ്പോഴാണ് നാസര്‍ പുതിയ പരീക്ഷണത്തിന് തയ്യാറായത്.
എറണാകുളം കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള കമ്പനിക്കാരാണ് സി.എന്‍.ജി. എന്ന ആശയവുമായി മുന്നോട്ടുവന്നത്. തൃശ്ശൂര്‍-കുറ്റിപ്പുറം റൂട്ടില്‍ നാല് ബസുകളിലൊന്നില്‍ ഇത് പരീക്ഷിക്കാന്‍ നാസര്‍ തീരുമാനിച്ചു. ബസിന്റെ എന്‍ജിന്‍, റേഡിയേറ്റര്‍, പമ്പ് എന്നീ ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ സിലിണ്ടറുകള്‍ ഘടിപ്പിക്കുന്നതിനുമായി 4,78,000 രൂപ ചെലവഴിച്ചു.
ബസ് നല്‍കിയതിന് ശേഷം ആര്‍.ടി.ഓഫീസില്‍ പേപ്പറുകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള പണികളിലെല്ലാം കമ്പനിക്കാരുടെ നല്ല സഹകരണമുണ്ടായിരുന്നു. 10,000 കിലോമീറ്റര്‍ വരെ 70 കിലോമീറ്ററിന് മുകളില്‍ പോകാതെ നിയന്ത്രിച്ച് ഓടിക്കണം. ഇതിന് ശേഷം ബസ് സാധാരണ രീതിയിലാകും.
ലോക്ഡൗണിന് ശേഷം ബസുകള്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ജീവനക്കാര്‍ക്കും വിഷമമില്ല. 14 കിലോഗ്രാമിന്റെ ആറും പത്ത് കിലോഗ്രാമിന്റെ രണ്ടും സിലിന്‍ഡറുകളിലുമായി 104 കിലോഗ്രാം ഗ്യാസ് കൊള്ളുന്ന സംവിധാനമാണ് പുതിയ ബസിലുള്ളത്.
സര്‍ക്കാര്‍ ഇളവുകള്‍ നല്‍കണം
തൃശ്ശൂര്‍-കുറ്റിപ്പുറം, തൃശ്ശൂര്‍-കുന്നംകുളം റൂട്ടുകളില്‍ 12 ബസുകളുണ്ട്. സി.എന്‍.ജി. നിറച്ച് ആദ്യത്തെ ബസ് ഓടിത്തുടങ്ങിയപ്പോള്‍ രണ്ടാമത്തെ ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ നല്‍കി. ഇത് തിങ്കളാഴ്ച ഇറങ്ങും. ഡീസല്‍ എന്‍ജിനേക്കാള്‍ ശബ്ദവും പുകയും സി.എന്‍.ജി. എന്‍ജിനില്‍ കുറവാണ്. സിലിന്‍ഡറുകള്‍ക്ക് 15 വര്‍ഷത്തെ ഗ്യാരന്റി കമ്പനി നല്‍കുന്നുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഈ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബജറ്റില്‍ കിലോഗ്രാമിന് അഞ്ച് രൂപ കുറയ്ക്കാമെന്നുള്ള വാഗ്ദാനം സി.എന്‍.ജി.യിലേക്ക് മാറുന്നവര്‍ക്ക് പ്രോത്സാഹനമാണ്. സി.എന്‍.ജി.യിലേക്ക് മാറുന്ന ബസുടമകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
- നാസര്‍, ബസ്സുടമ, വിദേശത്ത് ബിസിനസുകാരന്‍
Content Highlights: Long Route CNG Private Bus; CNG Bus Service In Thrissur-Kuttippuram Route