'10 ബസുകളുണ്ടായിരുന്ന എനിക്കിപ്പോള്‍ രണ്ടു ബസുകളാണുള്ളത്. രണ്ടും ലോക്ഡൗണില്‍ വെറുതെ കിടക്കുകയാണ്. തൊഴിലാളികള്‍ പെട്രോള്‍ പമ്പിലെ ജോലിമുതല്‍ മരംവെട്ടു പണിക്ക് വരെ പോയാണ് ജീവിക്കുന്നത്. ഈ ബസുകളും വില്‍ക്കാമെന്നു വിചാരിച്ചാല്‍ ഒരു കാറിന്റെ വില പോലും ആരും പറയുന്നില്ല'' -വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസിനരികില്‍ പ്രതിഷേധത്തിന്റെ പ്ലക്കാര്‍ഡുകളും പിടിച്ചിരുന്ന് ഇതു പറയുമ്പോള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ ശനിയാഴ്ച ബസ്സുടമകള്‍ കുടുംബസമേതം നടത്തിയ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു സത്യന്‍. ആ വാക്കുകളാകട്ടെ ആയിരക്കണക്കിനു പേരുടെ ഉപജീവനമാര്‍ഗമായിരുന്ന തൊഴില്‍ മേഖലയുടെ ഇന്നത്തെ അവസ്ഥകൂടിയാണ്.

മുമ്പ് സംസ്ഥാനത്ത് 12,350 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ആദ്യഘട്ട ലോക്ഡൗണിനു ശേഷം വീണ്ടും സര്‍വീസ് തുടങ്ങിയപ്പോള്‍ അത് 9000-ത്തില്‍ താഴെയായി. രണ്ടാംഘട്ട വ്യാപനത്തിലെ ഈ ലോക്ഡൗണ്‍ കഴിയുമ്പോള്‍ പിന്നെയും കുറേ ബസുകള്‍ നിരത്തില്‍നിന്ന് ഒഴിവാകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. 'നാറ്റ്പാക്' റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 2014-ല്‍ 24,000, 2018-ല്‍ 19,000 വീതം ബസുകള്‍ ഉണ്ടായിരുന്നതാണ്.

കോവിഡ് ലോക്ഡൗണും

''കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 23-നാണ് ഞാന്‍ ബസുകള്‍ കയറ്റിയിട്ടത്. 2020 ഡിസംബര്‍ 14-ന് ഒരു ബസ് വീണ്ടും നിരത്തിലേക്കിറക്കാന്‍ എനിക്ക് 1,30,000 രൂപ ചെലവായി. ആസമയത്ത് ബസ് ഓടിച്ചപ്പോള്‍ ലാഭമുണ്ടായില്ലെന്നു മാത്രമല്ല, ദൈനംദിന ചെലവില്‍ 700-800 രൂപയോളം അങ്ങോട്ടേക്ക് കൊടുക്കേണ്ടിയും വന്നു. തൊഴിലാളികള്‍ സഹകരിച്ചതു കൊണ്ടാണ് നഷ്ടം അതില്‍ നിന്നത് -സത്യന്‍ പറഞ്ഞു.

Content Highlights: Lockdown and Diesel Price Hike, Private Bus Sector Facing Huge Crisis