സാന്താഗതാ ബോളോണീസെ(ഇറ്റലി): രണ്ട് സീറ്റുള്ള സൂപ്പര്‍, ഹൈപ്പര്‍ കാറുകള്‍ മാത്രം നിര്‍മിച്ചിരുന്ന ഓട്ടൊമോബിലി ലാംബോര്‍ഗിനി അവരുടെ ആദ്യത്തെ എസ്.യു.വി.യും ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ എസ്.യു.വി.യുമായ യൂറസ് പറഞ്ഞതുപോലെ ഡിസംബര്‍ നാലിന് തന്നെ അനാവരണം ചെയ്തു. പോരുകാളയെ ചിഹ്നമാക്കിയ ലാംബോര്‍ഗിനി സ്വന്തം മോഡലുകള്‍ക്കെല്ലാം പേരുകേട്ട പോരുകാളകളുടെ പേരാണിടാറ്. യൂറസ് ആണെങ്കില്‍ ഇന്നുള്ള കന്നുകാലിളുടെയെല്ലാം പിതാമഹനായ ഒരു മൃഗത്തിന്റ പേരാണ്, അതിനെ ഓറോക്സ് എന്നും വിളിക്കും.

റേസ് ട്രാക്കുകളില്‍ മാത്രമേ ഓടിക്കാനാവൂ എന്ന് തോന്നിപ്പിക്കുന്ന ടു സീറ്റര്‍ സൂപ്പര്‍ കാറുകളുടെ നിര്‍മാതാവ് ആ കാറുകളുടെ ജീന്‍ വാഹനഗണത്തില്‍ ഏറ്റവും ശേഷിവൈവിധ്യമുള്ള ഇനമായ എസ്.യു.വി.യില്‍ സന്നിവേശിപ്പിക്കുകയാണ് ചെയ്തതെന്ന് യൂറസിനെ പറ്റി കമ്പനിയുടെ ചെയര്‍മാനും സി.ഇ.ഒ.യുമായ സ്റ്റെഫാനോ ഡൊമിനിചാലി പറയുന്നു. 'രൂപകല്‍പ്പന, പ്രകടനശേഷി, ഡ്രൈവിങ്ങ് ബലതന്ത്രം, വൈകാരികത എന്നിവയിലെല്ലാം അത് ശരിയായ ലാംബോര്‍ഗിനിയാണ്‌. ഒപ്പം വ്യത്യസ്തമായ പരിതസ്ഥിതികളില്‍ നിത്യോപയോഗത്തിനും പറ്റും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

urus

യൂറസ്സിന്റെ 650 എച്ച്പി കരുത്തും 850 ന്യൂട്ടന്‍മീറ്റര്‍ ടോര്‍ക്കുമുള്ള 4.0 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോ എഞ്ചിന്‍ വാഹനത്തെ 3.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്ററും വേഗത്തിലെത്തിക്കും. 305 കിലോമീറ്റര്‍ എന്ന പരമാവധി വേഗം മെഴ്സിഡീസും ബിഎംഡബ്ലിയുവും തൊട്ട് ബെന്റ്ലി വരെയുള്ള ആഡബര എസ്.യു.വി.കള്‍ക്കൊന്നും അവകാശപ്പെടാനാവാത്ത യോഗ്യതയാണ്. 3.38 കിലോഗ്രാമിന് ഒരു എച്ച്പി ഭാരത്തിന് കരുത്തെന്ന അനുപാതവും മറ്റാര്‍ക്കുമില്ലാത്തത് തന്നെ. പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് കുതിക്കുന്നതുപോലെ നൂറ് കിലോമീറ്റര്‍ വേഗത്തിലോടുന്ന വി ബ്രേക്ക് ചെയ്തതാല്‍ 34 മീറ്റര്‍ എത്തുംമുമ്പെ നില്‍ക്കുകയും ചെയ്യും. അതിനായി ഭീമന്‍ കാര്‍ബണ്‍ സെറാമിക് ബ്രേക്ക് ഡിസ്‌കുകളാണ് ഓരോ ചക്രത്തിലും പ്രവര്‍ത്തിക്കുന്നത്.

urus

ഇന്ന്, മെഴ്സിഡീസും ബിഎംഡബ്ലിയുവും മാത്രമല്ല ബെന്റ്ലിയും റോള്‍സ് റോയ്സും വരെ എസ്.യു.വി.കളുണ്ടാക്കുന്ന കാലത്ത് നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍, നാല് പതിറ്റണ്ട് മുമ്പ് ആഡംബരവാഹനങ്ങളുടെ കൂട്ടത്തില്‍ ആദ്യമായി ഒരു എസ്.യു.വി.-എല്‍എം002- നിര്‍മിച്ചത് ടു സീറ്റര്‍ സൂപ്പര്‍ കാറുകള്‍ മാത്രമുണ്ടാക്കുന്ന ലാംബോര്‍ഗിനിയാണ്‌. ആരാധകര്‍ 'റാംബോ ലാംബോ' എന്ന് ഓമനപ്പേരിട്ട, അലറുന്ന വി12 എഞ്ചിനുള്ള മിലിട്ടറി-ഗ്രേഡ് മൃഗമായിരുന്നു അത്. പക്ഷേ, എല്‍എം002-ന്റെ ഉത്പാദനം 1986 മുതല്‍ 1992 വരെ മാത്രമേ നീണ്ടുള്ളു. കൃത്യം കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ലാംബോ വീണ്ടുമൊരു എസ്.യു.വി. നിര്‍മിക്കുന്നത്. 

വാഹനവ്യവസായത്തിലെ രാജാക്കന്മാര്‍ പോലും എസ്.യു.വി.കള്‍ നിര്‍മിക്കാന്‍ പരക്കംപായുന്ന കാലത്ത് സ്വന്തം എസ്.യു.വി.യുടെ ഗവേഷണത്തിനും രൂപകല്‍പ്പനയ്ക്കുമായി ആറ് വര്‍ഷത്തോളം ലാംബോര്‍ഗിനി ചിലവിട്ടത് വെറുതെയായില്ല എന്നാണ് വാര്‍ത്താലേഖകരുടെ അഭിപ്രായം. എസ്.യു.വി.കളിലെ ലാംബോര്‍ഗിനിയാണ് യൂറസ് എന്നാണ് വാഹനം കണ്ട ആരോ അഭിപ്രായപ്പെട്ടത്.

Urus

ഓള്‍ വീല്‍ ഡ്രൈവിന് പുറമെ ഓള്‍ വീല്‍ സ്റ്റിയറിങ്ങുമുള്ള യൂറസ്സില്‍ അതിവേഗങ്ങളിലും അപായരഹിതമായി വളവുകള്‍ തിരിയാന്‍ ശേഷി നല്‍കുന്ന ആക്ടീവ് ടോര്‍ക്ക് വെക്ടറിങ്ങുമുണ്ട്. മറ്റ് ലാംബോകളിലുള്ളതുപോലെ സ്ട്രാഡ, സ്പോര്‍ട്, കോര്‍ എന്നീ ഡ്രൈവ് മോഡുകള്‍ക്ക് പുറമെ ഓഫ് റോഡിങ്ങ് ആവശ്യങ്ങള്‍ക്കായി ടെറാ (ചെളി), സബ്ബിയ (മണല്‍), നീവി (മഞ്ഞ്) എന്നീ മോഡുകള്‍ കൂടി യുറസിനുണ്ട്.

മുന്നില്‍ രണ്ട് ബക്കറ്റ് സീറ്റുകളും പിന്നില്‍ ഒരു ബെഞ്ച് സീറ്റുമുമുള്ള യൂറസിനുള്ളില്‍ പുറത്തുനിന്ന് കാണുന്നതിലുമധികം സ്ഥലം യാത്രികര്‍ക്ക് അനുഭവപ്പെടും. മുന്‍സീറ്റുകള്‍ 12 വിധത്തില്‍ ക്രമീകരിക്കാം, മടക്കാവുന്ന പിന്‍സീറ്റുകള്‍ ലഗേജ് സ്പേസ് ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിക്കും. എല്‍ഐഎസ് എന്ന് ചുരുക്കിവിളിക്കുന്ന ലാംബോര്‍ഗിനി ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിന് മുന്നിലും പിന്നിലുമായി രണ്ട് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേകളുണ്ട്. ഏറ്റവും പുതിയ കണക്റ്റിവിറ്റി സംവിധാനങ്ങളുള്ള എല്‍ഐഎസ് വഴി ഓഡിയോ/വീഡിയോ, നാവിഗേഷന്‍, കാറിന്റെ അവസ്ഥയെ പറ്റിയുള്ള വിവരങ്ങള്‍ എന്നിവ നല്‍കും. 1700 വാട്ട് ഔട്ട്പുട്ടുള്ള 21 സ്പീക്കറുകളോടുകൂടിയ ബാങ്ങ് ആന്‍ഡ് ഒലഫ്സണ്‍ സൗണ്ട് സിസ്റ്റം നല്‍കുന്ന 3ഡി സൗണ്ട് സംഗീതത്തിന് ത്രിമാന പ്രതീതി നല്‍കും.

Urus

അടുത്ത വര്‍ഷം വിപണിയിലെത്തുന്ന ഉറുസിന് ജന്മനാടായ ഇറ്റലിയില്‍ 1.68 ലക്ഷം യൂറോയും (1.28 കോടി രൂപ.) യൂറോപ്പില്‍ 1.71 ലക്ഷം യൂറോയും (1.3 കോടി രൂ.) അമേരിക്കയില്‍ രണ്ട് ലക്ഷം ഡോളറുമാണ് (1.28 കോടി രൂ.) നികുതികളില്ലാത്ത വിലയായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ചൈനയില്‍ 31.3 ലക്ഷം റിംനിമ്പിയും (3.05 കോടി രൂപ.) ജപ്പാനില്‍ 2.57 കോടി യെന്നും (1.46 കോടി രൂ.) വിലയിടുന്ന വാഹനത്തിന്റെ ഇന്ത്യയിലെ വില രണ്ട് കോടി രൂപയില്‍ കുറവായിരിക്കുമെന്ന് കരുതുന്നു.

യൂറസ്സിന്റെ വരവ് ആഡംബര എസ്.യു.വി. സെഗ്മെന്റിന്റെ മുഖഛായ മാറ്റുമെന്ന് കരുതുന്നതില്‍ തെറ്റില്ല. 608 എച്ച്പി കരുത്തും 1.82 ലക്ഷം യൂറോ (1.36 കോടി രൂപ) വിലയുമുള്ള ബെന്റ്ലി ബെന്റായ്ഗയും 629 എച്ച്പി കരുത്തും 2.82 ലക്ഷം യൂറോ (2.11 കോടി രൂപ) വിലയുമുള്ള മെഴ്സിഡീസ് ജി 65 എഎംജിയും പോലുള്ളവര്‍ ഇപ്പോള്‍ വിലസുന്ന ഈ രംഗത്ത് റോള്‍സ്-റോയ്സ്, ആസ്റ്റണ്‍-മാര്‍ട്ടിന്‍, ഫെറാറി തുടങ്ങിയവര്‍ പ്രവേശനത്തിന് ഒരുങ്ങുന്നതിനിടയിലാണ് റാംബോ ലാംബോയുടെ ന്യൂജന്‍ രൂപം പോലെ യൂറസ്‌ അവതരിക്കുന്നത്.

Urus

കഷ്ടിച്ച് ആറ് പതിറ്റാണ്ടിന്റെ പ്രായം മാത്രമുള്ള ലാംബോര്‍ഗിനിയുടെ ചരിത്രത്തില്‍ ഏറ്റവും വാഹനവില്‍പ്പന നടന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇപ്പോള്‍ നിര്‍മാണത്തിലുള്ള ഹുറാകാന്‍, അവന്റഡോര്‍ എന്ന രണ്ട് മോഡലുകളുടെ 3475 യൂനിറ്റുകളാണ് ലോകമെമ്പാടുമായി വില്‍ക്കപ്പെട്ടത്. വര്‍ഷവും ഇതിനേക്കാള്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ വില്‍ക്കണമെന്ന ലക്ഷ്യവും യൂറസ്സിന്റെ വരവിന് പിന്നിലുണ്ട്. എസ്.യു.വി.കള്‍ വാങ്ങുന്നവര്‍ പൊതുവെ 50 വയസ്സിനും താഴെയുള്ള, ഓഫ്റോഡ് സവാരി ഇഷ്ടപ്പെടുന്ന പുരുഷന്മാരാണ്. ഒരു എസ്.യു.വി. ബോഡിക്കുള്ളില്‍ ആഡംബര സൂപ്പര്‍ സ്പോര്‍ട്സ് കാറിന്റെ സുഖസൗകര്യങ്ങളുമായെത്തുന്ന യൂറസ് പ്രായം ചെന്ന പുരുഷന്മാരെയും സ്ത്രീകളെയും ആകര്‍ഷിക്കുമെന്നാണ് ലാംബോര്‍ഗിനി കണക്കുകൂട്ടല്‍.

ആ രീതിയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും കമ്പനി തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. 2018-ല്‍ 1000 യൂനിറ്റുകളും 2019 മുതല്‍ പ്രതിവര്‍ഷം 3500 യൂനിറ്റുകളും യൂറസ്സ് നിര്‍മിക്കാനുള്ള സ്ഥാപിതശേഷി ലാംബോര്‍ഗിനി നേടിക്കഴിഞ്ഞു. 

Content Highlights; Lamborghini First Super SUV Urus Launched