ഹാര്‍ലി ഡേവിസണ്‍ റോഡില്‍ മുരണ്ടു. ഒരുകൈ അകലത്തില്‍ ബി.എം.ഡബ്ല്യു.വും കെ.ടി.എം. ഡ്യൂക്കും ജാവയുടെ ഒറ്റ സീറ്റുള്ള പരേക്കും. ഇവര്‍ക്ക് 589 കിലോമീറ്റര്‍ ഓടാനുണ്ട്. ആക്സിലറേറ്ററില്‍ വേഗം കൂട്ടി ഷിറിനും അസ്മയും ഉമ്മുവും മുഫ്സീനയും റെഡി. നഗരങ്ങള്‍ കീഴടക്കി ബൈക്കുമായി കോഴിക്കോടുനിന്ന് ഗോവയിലേക്ക് റൈഡ് നടത്തുകയാണ് 14 വനിതകള്‍.

ബൈക്ക് ഓടിക്കാന്‍ തന്നെ മടികാട്ടുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ വേറെ ലെവലാവുകയാണ് ഇവര്‍. വനിതാദിന ആഘോഷത്തിന്റെ ഭാഗമായാണ് ഈ റൈഡിങ്. സി.ആര്‍.എഫ്. ക്ലബ്ബാണ് നേതൃത്വം. ഗോവയില്‍നിന്നുള്ള 11 പേരടക്കം 25 വനിതകള്‍ എട്ടിന് റൈഡ് നടത്തും.

ദുബായില്‍നിന്ന് പറന്നെത്തി

ദുബായില്‍നിന്ന് പറന്നെത്തിയാണ് വീട്ടമ്മയായ അസ്മ യമഹ എഫ്.സെഡ്. ബൈക്കോടിക്കുന്നത്. ഈ റൈഡിന് വേണ്ടി മാത്രം വന്നതാണ്. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞു. റൈഡ് കഴിഞ്ഞ് തിരിച്ച് ദുബായിലേക്ക് പോകും. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ ഷിറിന്‍ റോയല്‍ എന്‍ഫീല്‍ഡിലാണ് ഓട്ടം. കണ്ണൂര്‍ സ്വദേശിയാണ്. സി.ആര്‍.എഫ്. യൂണിറ്റിന്റെ മുന്‍നിര ഭാരവാഹിയാണ്.

ഹാര്‍ലി ഡേവിസണ്‍ ഓടിക്കുന്ന 20 വയസ്സുള്ള ഉമ്മു, കോഴിക്കോട് സ്വദേശിയും ആര്‍ക്കിടെക്ടുമായ മുഫ്സിന, ബി.എം.ഡബ്ല്യു.വിന്റെ 3 ടെന്‍ ആര്‍ എടുക്കുന്ന നസ്ലി എന്നിവരും മികച്ച റൈഡര്‍മാരാണ്. രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ ഇഷ, വീട്ടമ്മയായ റിയ, ഹഫീസ്, അനു, ഷാഹിന, അലീന, ത്രിപുര, ഇഹിത എന്നിവര്‍ റോഡിലെ താരങ്ങളാണ്. സി.ആര്‍.എഫിന്റെ ഫയാസ്, ഫോട്ടോഗ്രാഫര്‍ റാഷിദ് എന്നിവര്‍ കൂടെയുണ്ട്.

സി.ആര്‍.എഫ്. ക്ലബ്ബില്‍ വന്ന് ബൈക്ക് പഠിച്ചവരും പഠിച്ച് ക്ലബ്ബില്‍ ചേര്‍ന്നവരും ഇവരില്‍ ഉണ്ട്. കാസര്‍കോട്-കന്യാകുമാരി യാത്ര അടക്കം ഒട്ടേറെ റൈഡ് നടത്തിയവര്‍ ഇവരിലുണ്ട്. കോഴിക്കോടുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പുറപ്പെട്ടു. കാസര്‍കോട്, മംഗളൂരു കടന്ന് ഉഡുപ്പിയില്‍ വെള്ളിയാഴ്ച തങ്ങി, ശനിയാഴ്ച ഗോവയില്‍ എത്തും. കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് സഹിതമാണ് യാത്ര. ഞായറാഴ്ച ഗോവയില്‍ റൈഡ് ഉണ്ട്. മെക്കാനിക്കല്‍ പരിശീലനവുമുണ്ട്. വനിതാദിനം കഴിഞ്ഞ് തിങ്കളാഴ്ച ഇവര്‍ നാട്ടിലേക്ക് മടങ്ങും.

Content Highlights: Lady Bike Riders; Harley Davidson, BMW Bikes, KTM Duke