ലയിടുക്കുകളും ദുര്‍ഘടമായ പാതയും കാലാവസ്ഥാ വ്യതിയാനങ്ങളും അതിജീവിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് കാറോടിച്ചു കയറിയ മൂന്നു പേരുണ്ട്. ലഡാക്കില്‍നിന്ന് കന്യാകുമാരിവരെ നിര്‍ത്താതെ കാറില്‍ സഞ്ചരിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തി റെക്കോഡിട്ട ഫാറൂഖ് കോളേജ് സ്വദേശി ബിബിന്‍ കൃഷ്ണന്‍, മലപ്പുറം ആക്കോട് സ്വദേശി നൗഫല്‍, ആലപ്പുഴ സ്വദേശി സമീര്‍ എന്നിവരാണത്.

ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കാകെ 49 മണിക്കൂറും 34 മിനിറ്റും മാത്രമേ വേണ്ടിവന്നുള്ളൂ. അതോടെ ഏഴു വര്‍ഷം മുമ്പുള്ള 52 മണിക്കൂര്‍ 58 മിനിറ്റിന്റെ റെക്കോഡ് ഈ മൂവര്‍ സംഘം തിരുത്തിയെഴുതി. സെപ്റ്റംബര്‍ ഒന്നിന് രാവിലെ 7.05-ന് ലഡാക്കില്‍നിന്ന് യാത്രയാരംഭിച്ച് സെപ്റ്റംബര്‍ മൂന്നിന് രാവിലെ 8.39-ഓടെയാണ് കന്യാകുമാരിയില്‍ എത്തിയത്. 

17 മണിക്കൂറോളം ദുര്‍ഘടമായ ഹിമാലയന്‍ പാതകളിലൂടെ യാത്ര ചെയ്ത് പഞ്ചാബില്‍ എത്തിയ സംഘം പ്രതികൂലമായ സാഹചര്യങ്ങള്‍ തരണം ചെയ്ത് ഹരിയാണ, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക വഴി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ എത്തിയപ്പോള്‍ 3870 കിലോ മീറ്ററാണ് താണ്ടേണ്ടി വന്നത്.

ഏറെക്കാലത്തെ പരിചയമുള്ളവരൊന്നുമല്ല ഇവര്‍. എന്നാല്‍, മൂന്നു പേര്‍ക്കും ഒരുപോലെയുള്ള യാത്രാഭ്രാന്താണ് ഇവരുടെ സൗഹൃദത്തെ കൂട്ടിയിണക്കിയത്. ജീവിച്ചു തീരുംമുന്നെ തങ്ങളുടെ പേരില്‍ എന്തെങ്കിലും റെക്കോഡുകളുണ്ടാവണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അതെങ്ങനെ എന്നൊരു ധാരണയുണ്ടായിരുന്നില്ല.

യാത്രാസ്‌നേഹികളായതുകൊണ്ട് വാഹനമോടിച്ചുതന്നെ റെക്കോഡ് നേടാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ലഡാക്ക്-കന്യാകുമാരി ദൗത്യം തീരുമാനിച്ചുറപ്പിച്ച ശേഷം തയ്യാറെടുപ്പുകള്‍ക്കായി ആറു മാസം വേണ്ടിവന്നു.

ടീം എഫ് വണ്‍ ഇന്ത്യ എന്ന ട്രാവല്‍ പ്ലാറ്റ്‌ഫോം രൂപവത്കരിച്ചാണ് യാത്ര ആരംഭിച്ചത്. ഗൂഗിള്‍ മാപ്പ് വഴിയാണ് റൂട്ട് നിശ്ചയിച്ചത്. മുമ്പേ നടത്തിയ യാത്രകളില്‍ കണ്ടെത്തിയ സുഹൃത്തുക്കള്‍ വിവിധ സംസ്ഥാനങ്ങളിലായിട്ടുണ്ട്. ഇവര്‍ മുഖേന അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടേയിരുന്നു. മൂന്നു പേരും മാറിമാറിയാണ് നിര്‍ത്താതെ വാഹനമോടിച്ചത്.

ആവശ്യത്തിനുള്ള ഭക്ഷണവും മറ്റും വാഹനത്തില്‍ സജ്ജീകരിച്ചിരുന്നു. യാത്ര ആരംഭിച്ചിടത്തും അവസാനിച്ചിടത്തും ഗസറ്റഡ് ഓഫീസര്‍മാര്‍ സമയം രേഖപ്പെടുത്തി. കോഴിക്കോട് സിറ്റി പോലീസ് ജനമൈത്രി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന്റെ ഫറോക്ക് സ്റ്റേഷന്‍ അംഗവും കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ സോണ്‍ 85 രക്ഷാധികാരിയുമാണ് ബിബിന്‍ കൃഷ്ണന്‍. നൗഫല്‍ ഗ്രാഫിക് ഡിസൈനറും. സമീര്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്.

Content Highlights: Ladakh To Kanyakumari Drive, Limca Book of Records, Long Drive