കൊച്ചി നഗരത്തിന്റെ യാത്രാ സങ്കല്പങ്ങളെ മാറ്റിമറിച്ച ജനറം ബസുകള്‍ കാണാനില്ല. ആഡംബര അനുഭവങ്ങള്‍ നല്‍കി യാത്രക്കാരെ ൈകയിലെടുത്ത ജനറം ബസുകള്‍ തേവരയിലുള്ള വര്‍ക്ഷോപ്പില്‍ കെട്ടിക്കിടക്കുകയാണ്. കൊറോണയും ലോക്ഡൗണുമൊക്കെ ചേര്‍ന്ന് ജനറം ബസുകളുടെ നടുവൊടിച്ചു. കെടുതികളില്‍നിന്നു കരകയറി ഈ ബസുകള്‍ ഇനി കൊച്ചിയുടെ തെരുവുകളിലേക്ക് എത്തുമോ എന്ന് നിശ്ചയവുമില്ല.

പച്ച ബസ് പോയി, ഇനി ചുവപ്പ് മാത്രം

ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ സര്‍വീസ് തുടങ്ങിയ പച്ച നിറമുള്ള ലോ ഫ്‌ളോര്‍ ബസുകളൊക്കെ നാടുവിട്ടു. അതൊക്കെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്രെ. ഏറ്റവും ഒടുവില്‍ മെട്രോയുമായി ബന്ധിപ്പിച്ച് സര്‍വീസ് നടത്താന്‍ കുറച്ച് ലോ ഫ്‌ളോര്‍ ബസുകള്‍ കൊണ്ടുവന്നിരുന്നു. അതും കൊച്ചി വിട്ടു. ചുവന്ന നിറത്തിലുള്ള വോള്‍വോ ബസുകളും കുറച്ചു മാത്രമാണു ശേഷിക്കുന്നത്. ഏതാണ്ട് മുപ്പതോളം ബസുകള്‍. ഇവ കൊച്ചിയിലുണ്ട്.

കോവിഡ് വരും മുമ്പേതന്നെ കൊച്ചിയിലെ വോള്‍വോ സര്‍വീസ് കിതച്ചു തുടങ്ങിയിരുന്നു. ശീതീകരണ സംവിധാനത്തോടെ സുഖകരമായ യാത്രയാണ് വോള്‍വോ ബസുകള്‍ യാത്രക്കാരന് സമ്മാനിച്ചിരുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്താലും ഒരു ക്ഷീണവുമുണ്ടാകില്ല. വലിയ ചെലവില്ലാതെ സുഖകരമായ യാത്ര ചെയ്യാം. അത് നഗരവാസികള്‍ നന്നായി ആസ്വദിക്കുകയും ചെയ്തു.

കൊച്ചിയില്‍ വോള്‍വോ നല്ല ലാഭത്തിലാണു മുന്നോട്ടു പോയത്. പിന്നീട് കൊച്ചിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും വോള്‍വോ സര്‍വീസ് തുടങ്ങി. മാത്രമല്ല, കൊച്ചി കേന്ദ്രീകരിച്ച് മൂവാറ്റുപുഴ, പറവൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം തുടങ്ങിയ ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തി.

ജീവനക്കാരെ മാറ്റി

ജനറം ബസുകള്‍ ഓടിക്കാന്‍ പ്രത്യേക സംവിധാനം കെ.എസ്.ആര്‍.ടി.സി.യുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിരുന്നു. കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന പേരിലാണ് ആ സംവിധാനം രൂപവത്കരിച്ചത്. തേവരയിലായിരുന്നു അതിന്റെ കേന്ദ്രം. ബസുകള്‍ പാര്‍ക്ക് ചെയ്തതും ഇവിടെത്തന്നെ. തേവരയില്‍ ബസുകളുടെ റിപ്പെയറിങ്ങിനും മറ്റുമായി വര്‍ക്ഷോപ്പും ഓഫീസ് സംവിധാനവുമൊക്കെയുണ്ടായി.

ബസുകള്‍ ഓടാതായപ്പോള്‍, ജീവനക്കാരെ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റി. ഏറ്റവും ഒടുവില്‍ ഓഫീസും മാറ്റി. ഇവിടെ ജീവനക്കാര്‍ക്കു താമസിക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഓഫീസ് ജീവനക്കാരെ നേരത്തെ മാറ്റി. ഇവിടെ താമസിച്ചിരുന്ന ജീവനക്കാരെയും മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

നഷ്ടം കൊച്ചിക്ക്

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2008-ലാണ് ജനറം പദ്ധതി പ്രകാരം കൊച്ചിക്ക് ബസുകള്‍ അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 200 പച്ച ബസുകളാണ് കിട്ടിയത്. 2010-ല്‍ 200 വോള്‍വോ ബസുകളും ലഭിച്ചു. ബസ് സര്‍വീസ് നടത്താന്‍ പ്രത്യേക കമ്പനി രൂപവത്കരിക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. 

എന്നാല്‍ കേരളത്തില്‍ വന്നപ്പോള്‍, ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്കു നല്‍കി. പിന്നീട് പരാതി ഉയര്‍ന്നപ്പോള്‍ അവ കെ.യു.ആര്‍.ടി.സി. എന്ന പേരില്‍ പ്രത്യേക സംവിധാനമുണ്ടാക്കി അതിന്റെ കീഴിലാക്കി. കൊച്ചി നഗരത്തിനു ലഭിച്ച ബസുകള്‍ ഇപ്പോള്‍ നഗരത്തിനു വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നഗരസഭയ്ക്കാണെങ്കില്‍ ഇതില്‍ ഇടപെടാനുമാകുന്നില്ല.

ചാര്‍ജ് കൂട്ടിയത് വിനയായി

അങ്ങനെയിരിക്കുമ്പോഴാണ് വോള്‍വോ ബസുകളുടെ ടിക്കറ്റ് നിരക്ക് കൂട്ടിയത്. തുടക്കത്തില്‍ പത്ത് രൂപയായിരുന്നു മിനിമം ചാര്‍ജ്. പിന്നീട് അത് കൂട്ടി. ചെറിയ യാത്രയ്ക്കു പോലും 25 രൂപ നല്‍കേണ്ട സ്ഥിതി. സാധാരണക്കാരന്റെ ബജറ്റ് തകര്‍ക്കുന്ന വിധത്തില്‍ ബസ് ചാര്‍ജ് ഉയര്‍ന്നതോടെ, അവര്‍ വോള്‍വോയെ കൈവിട്ടു. 

പിന്നെ വോള്‍വോയില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം കുറഞ്ഞു. തുടക്കത്തില്‍ ഓരോ ബസിനും 25,000 രൂപയോളം കളക്ഷന്‍ ഉണ്ടായിരുന്നു. പിന്നീട് അത് പകുതിയായി. ഇതോടെ സര്‍വീസുകളുടെ എണ്ണം കുറഞ്ഞു. ഒടുവില്‍ കോവിഡ് വന്നു, ലോക്ഡൗണ്‍ വന്നു. ബസുകള്‍ ഓടാതായി.

Content Highlights: KSRTC Volvo Buses, KSRTC jnnurm Bus, KSRTC