കാട് കണ്ടുള്ള കാനനപാതയിലെ യാത്രയ്ക്ക് സൗകര്യമൊരുക്കി ചാലക്കുടിയില്‍നിന്ന് മലക്കപ്പാറ കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ്. നിത്യഹരിത മഴക്കാടുകളിലൂടെയുള്ള യാത്രയും മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങളുടെ കാഴ്ചഭംഗിയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാം. ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനക്കൂട്ടത്തെയും കാട്ടുപോത്തുകളെയും പുലിയെയും മലമുഴക്കി വേഴാമ്പലടക്കമുള്ള പക്ഷികളെയും കാണാം. മലക്കപ്പാറയിലേക്കുള്ള യാത്രാനിരക്കായി 102 രൂപയാണ് ഈടാക്കുന്നത്.

അതിരപ്പിള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളുടെ റിസര്‍വോയറുകള്‍, മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങള്‍, തമിഴ്നാട് സംസ്ഥാനാതിര്‍ത്തി തുടങ്ങി നിരവധി കാഴ്ചകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. മനോഹരമായ ഹില്‍സ്റ്റേഷനായ മലക്കപ്പാറയിലേക്കുള്ള യാത്രയ്ക്ക് നിരവധി സഞ്ചാരികളാണ് ചാലക്കുടിയില്‍ ഇപ്പോള്‍ എത്തുന്നത്. 

സഞ്ചാരികളുടെ തിരക്ക് കൂടിത്തുടങ്ങിയതോടെയാണ് പ്രത്യേക സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചത്. ഞായറാഴ്ചകളില്‍ രാവിലെ 8.20-ന് ചാലക്കുടിയില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് ഉച്ചയ്ക്ക് ഒരുമണിയോടെ അതിര്‍ത്തിഗ്രാമത്തിലെത്തും. വിവിധ വ്യൂ പോയിന്റുകള്‍ കാണുന്നതിനായി ബസ് നിര്‍ത്തും.

രണ്ട് മണിക്കൂറോളം മലക്കപ്പാറയില്‍ നിര്‍ത്തിയിടുന്ന ബസ് വൈകീട്ട് മൂന്നുമണിക്ക് മലക്കപ്പാറയില്‍നിന്ന് തിരികെ ചാലക്കുടിയിലേക്ക് പുറപ്പെടും. വൈകീട്ട് ആറേമുക്കാലോടെ ചാലക്കുടിയിലെത്തും. നേരത്തെ തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാനാകും. വൈകാതെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങും. 

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആദ്യ മലക്കപ്പാറ സ്പെഷ്യല്‍ സര്‍വീസ്. സഞ്ചാരികള്‍ ആവശ്യപ്പെട്ടാല്‍ പൊതു അവധിദിവസങ്ങളില്‍ സര്‍വീസ് നടത്താനും ആലോചനയുണ്ട്. ഗാന്ധിജയന്തി ദിനത്തില്‍ സര്‍വീസ് ഉണ്ടാകും. ഫോണ്‍: 0480 2701638, 9747557737, 9846655449.

Content Highlights: KSRTC Special Service From Chalakudy To Malakkappara