നവണ്ടി എന്ന ടാഗില്‍ സര്‍ക്കാര്‍ബസ്സിനെക്കുറിച്ച് ട്രോളിടുന്നവരുടെയും കമന്റ് ബോക്‌സുകളില്‍ ആക്ടിവിസം പോസ്റ്റി അതിന്റെ 'നഷ്ടം നികത്തുന്നവരുടെയും' കാലമാണിത്. എന്നാല്‍ ഭൂരിപക്ഷം പേരും സ്വകാര്യബസ്സിലെ പാട്ടുകേട്ടുള്ള യാത്ര ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി.ക്ക് കൈ നീട്ടാറില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ ഒരു ഡയലോഗും പാസാക്കിക്കളയും: സ്റ്റേറ്റ് ബസ്സല്ലേ, വന്നാ വന്നു.

എന്നാല്‍ അറിഞ്ഞോളൂ കെ.എസ്.ആര്‍.ടി.സി.യുടെ നാമത്തില്‍ സംഘം ചേര്‍ന്ന കുറച്ചാളുകളുടെ നന്മയുള്ള കഥ. സ്റ്റേറ്റ് ബസ്സുകള്‍ നിലനില്‍ക്കണം, അതിന്റെ ഓട്ടം മുടങ്ങരുത് എന്നു ചിന്തിക്കുന്ന ഒരു കൂട്ടമായിരുന്നു അത്. മലയോരനാടായ കേളകത്തെ ആ ചെറിയ സുഹൃദ്വലയം പതിയെ വളര്‍ന്നു. അങ്ങനെ കെ.എസ്.ആര്‍.ടി.സി.ക്കു വേണ്ടി പിറവിയെടുത്ത കേരളത്തിലെ ആദ്യ പൗരസ്ഥാപനം യാത്ര തുടങ്ങി. നെയിം ബോര്‍ഡില്‍ അവര്‍ ഇങ്ങനെയെഴുതി: കെ.എസ്.ആര്‍.ടി.സി. സംരക്ഷണ സമിതി, കേളകം പി.ഒ.

കേളകത്ത് കടകളും മറ്റു സ്ഥാപനങ്ങളും നടത്തുന്ന കുറച്ചാളുകളുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ പോക്കും വരവുമെല്ലാം എപ്പോഴും അവരുടെ നിരീക്ഷണത്തിലാണ്. ഒരു ബസ് അല്പം വൈകിയെന്നു കണ്ടാല്‍ അപ്പോള്‍ത്തന്നെ ഡിപ്പോയില്‍ വിളിച്ചന്വേഷിക്കും. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍, പോലീസുകാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ഓട്ടോൈഡ്രവര്‍മാര്‍, സാധാരണ തൊഴിലാളികള്‍ എന്നിങ്ങനെ നീളുന്ന ഈ ചങ്ങാതിക്കൂട്ടത്തിലെ എല്ലാവര്‍ക്കും കെ.എസ്.ആര്‍.ടി.സി.യോട് പ്രത്യേക സ്‌നേഹമാണ്. ബസ്സുകളുടെ സമയത്തെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അറിവ്. ഇങ്ങനെ ചിതറിക്കിടന്നിരുന്ന ചിന്തകള്‍ ഒന്നിച്ചുകൂട്ടിയാണ് കെ.എസ്.ആര്‍.ടി.സി. സംരക്ഷണസമിതി പിറവിയെടുത്തത്. 

2015 ഏപ്രില്‍ 23-ന് അന്നത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമിതിയുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. അങ്ങനെ കെ.എസ്.ആര്‍.ടി.സി. സംരക്ഷണ സമിതിയെന്ന 'ആനവണ്ടി' ഓടിത്തുടങ്ങി. തുടക്കത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സി.യില്‍ കയറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പേരാവൂര്‍ മേഖലയില്‍ ബോധവത്കരണവും സംഘടിപ്പിച്ചു സമിതി. 

ഇടയ്ക്ക് പഞ്ചറായോ? ഡോണ്ട് വറി

സമിതിയുടെ യാത്ര തുടങ്ങിയതു മുതല്‍ ഒരു വണ്ടിയും വഴിക്കാവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. അതിനുവേണ്ടി സമിതിയുടെ ഓഫീസില്‍ എപ്പോഴും ഒരു ചക്രവും ജാക്കിയും മറ്റു സാമഗ്രികളും കരുതി. ബസ് ഓടുന്ന വഴി ചക്രം പഞ്ചറായാല്‍ സമിതി അംഗങ്ങളിലാരെയെങ്കിലും ഒന്ന് ഫോണില്‍ വിളിച്ചാല്‍ മതി, നിമിഷങ്ങള്‍ക്കുള്ളില്‍ മഞ്ഞളാംപുറത്തെ എല്‍ദോയുടെ ഓട്ടോറിക്ഷയില്‍ ഈ സാധനങ്ങളെല്ലാം സ്‌പോട്ടില്‍ എത്തും. ഡ്രെവറും കണ്ടക്ടറും എല്‍ദോയും ചേര്‍ന്ന് ചക്രം മാറ്റും. 

Bus Tyre
കെ.എസ്.ആര്‍.ടി.സി സംരക്ഷണസമിതിയംഗം എല്‍ദോ ബസ് ചക്രവുമായി തന്റെ ഓട്ടോയിക്ക് സമീപം.

ഒരു ചക്രം മാറ്റലല്ലേ, അതിത്ര ആനക്കാര്യമാണോ എന്നു തോന്നുന്നുണ്ടോ? എങ്കില്‍ കേട്ടോളൂ, ആനവണ്ടിയുടെ കാര്യത്തില്‍ അത് ആനക്കാര്യം തന്നെയാണ്. യാത്രയ്ക്കിടയില്‍ ബസ് പണിമുടക്കിയാല്‍ നന്നാക്കാന്‍ ഡിപ്പോയില്‍ നിന്ന് രണ്ടു മെക്കാനിക്കുമാര്‍ എത്തണം. അവരും സാധനങ്ങളും വരുന്നത് മെയിന്റനന്‍സ് ബസ്സില്‍. അതിന് ഡ്രൈവര്‍ വേറെ. 
കേളകം പോലെയുള്ള ചെറുപട്ടണപ്രദേശങ്ങളില്‍ വെച്ചാണ് കേടാകുന്നതെങ്കില്‍ ബസ്സിന്റെ ആ ദിവസത്തെ ട്രിപ്പ് മുടങ്ങും (കേളകത്തിനടുത്തുള്ള ഡിപ്പോകള്‍ മാനന്തവാടി, തലശ്ശേരി. അവിടങ്ങളില്‍നിന്നു വേണം മെയിന്റനന്‍സ് വണ്ടി വരാന്‍). ട്രിപ്പ് മുടക്കവും മറ്റു ചെലവുകളും കൂട്ടിയാല്‍ നഷ്ടം ശരാശരി 15000 രൂപയ്ക്കടുത്ത്. 

എന്നാല്‍ സമിതിയുടെ സേവനം തികച്ചും സൗജന്യം. എല്‍ദോയാണ് ചക്രവുമായി പോകുന്ന സമിതിയുടെ സ്ഥിരം ഓട്ടോക്കാരന്‍. കൂലി വാങ്ങാത്ത ഓട്ടോ സര്‍വീസുമാണ് എല്‍ദോയ്ക്കത്. ഇതുവരെ സമിതി ചക്രം മാറ്റിനല്‍കിയിരിക്കുന്നത് 300-ഓളം ബസ്സുകള്‍ക്ക്.  കൂട്ടി നോക്കിയാല്‍ ലക്ഷക്കണക്കിന് രൂപയുടെ സേവനം, തികച്ചും സൗജന്യമായി. 
ഒരു നല്ല ശീലം പഠിപ്പിക്കാനും അത് സഹായിച്ചു. നേരത്തെ മെക്കാനിക്കിനെ കാത്തിരുന്ന കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും കണ്ടക്ടറും ചക്രവും സാമഗ്രികളും ലഭ്യമായതോടെ സ്വയം അവ മാറ്റിത്തുടങ്ങി. 

വഴിതെറ്റാന്‍ വിടില്ല

വയനാട്, കൊട്ടിയൂര്‍, ഇരിട്ടി റൂട്ടുകളിലെ ബസ്സുകള്‍ അകാരണമായി സര്‍വീസ് മുടക്കുന്നതിനെതിരേ 2017 ജനുവരി 22-ന് മാനന്തവാടിയില്‍ ധര്‍ണ നടത്താന്‍ സമിതി നിശ്ചയിച്ചു. എന്നാല്‍ ധര്‍ണയ്ക്ക് മുന്‍പേതന്നെ മുടങ്ങിയ സര്‍വീസുകള്‍ എല്ലാം കൃത്യമായി ഓടിത്തുടങ്ങി. ദിവസവും കേളകം വഴി പോകുന്ന 33 ബസ്സുകളില്‍ ഏതെങ്കിലുമൊന്ന് താമസിച്ചാലോ മുടങ്ങിയാലോ സമിതിയുടെ കോള്‍ ഡിപ്പോയില്‍ എത്തിയിരിക്കും. ഫലമുണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ഗതാഗതമന്ത്രിക്കു വരെ പരാതി നല്‍കും. 

ലാഭകരമല്ലാത്ത റൂട്ടുകള്‍, സമയക്രമങ്ങള്‍ എന്നിവ മാറ്റി നിര്‍ദേശിക്കുക, ലാഭകരമാകാന്‍ സാധ്യതയേറെയുള്ള റൂട്ടുകള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയവയെല്ലാം സമിതിയുടെ ചുമതലകളാണ്. ഇവരുടെ ശ്രമഫലമായി ഇന്ന് രണ്ടു ബസ്സുകള്‍ നിരത്തിലോടുന്നുണ്ട്. മാനന്തവാടി-കോട്ടയം, പാല്‍ച്ചുരം-കണ്ണൂര്‍. ഇതില്‍ കോട്ടയം വരെ പോകുന്ന വണ്ടിയാണ് ഈ പ്രദേശത്ത് ഏറ്റവും ലാഭകരമായോടുന്ന ബസ്സുകളിലൊന്ന്. 

KSRTC
കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി നടത്തിയ ജനബോധവത്കരണയാത്രയില്‍നിന്ന്.

അരുതേ അപകടയാത്രകള്‍

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ മാത്രമോടുന്ന ഇരിട്ടി - മാനന്തവാടി റൂട്ടിലെ പാല്‍ച്ചുരം റോഡ് അപകടം പതിയിരിക്കുന്ന വഴിയാണ്. (ദേശസാത്കൃത റൂട്ടല്ല എങ്കിലും ലാഭകരമല്ല, വണ്ടിതേയ്മാനം കൂടും, വേഗത്തില്‍ എന്‍ജിന്‍ പണിവരും തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് സ്വകാര്യബസ്സുകള്‍ പാല്‍ച്ചുരം വഴി ഓടാറില്ല.) കുത്തനെ കയറ്റം, വീതി കുറഞ്ഞ വഴി, ഒരു വശത്ത് ചെങ്കുത്തായ പാറക്കെട്ട്, മറുവശത്ത് വലിയ കൊക്ക എന്നിവയൊക്കെയാണ് ഈ വഴിയുടെ പ്രത്യേകതകള്‍. 

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ഈ വഴി ഇപ്പോഴും പൂര്‍ണമായി ഗതാഗതയോഗ്യമായ രീതിയില്‍ പുനര്‍നിര്‍മിച്ചിട്ടില്ല. ഈ വഴികളില്‍ ചില ബസ്സുകള്‍ സര്‍വീസ് മുടക്കുന്നതിനാല്‍ മറ്റുള്ളവ ആളെ കുത്തിനിറച്ചുവരുന്നത് അപകടത്തിനിടയാക്കുമെന്നു കാണിച്ച് ഒന്നിലധികം തവണ സമിതി മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി. എന്നാല്‍ ഇതുവരെ മറുപടികളൊന്നും ലഭിച്ചിട്ടില്ല. അപകടം പിടിച്ച പാല്‍ച്ചുരം പാതയെക്കുറിച്ചും നിരന്തരം പരാതികള്‍ സമിതിയുടെ നേതൃത്വത്തില്‍ നല്‍കിയിട്ടുണ്ട്.

ഡിപ്പോകള്‍ക്കും സന്തോഷം

ഈ റൂട്ടുകളില്‍ ബസ്സുകള്‍ ഓടിക്കാന്‍ ഇപ്പോള്‍ ഡിപ്പോകള്‍ക്കും താത്പര്യമാണ്. ഏതു പാതിരാത്രികളിലും വണ്ടി വഴിക്കാകില്ല എന്നത് ജീവനക്കാര്‍ക്കും ഈ റൂട്ടുകളോട് പ്രത്യേക സ്‌നേഹമുണ്ടാകാന്‍ കാരണമായി. ജീവനക്കാര്‍ക്ക് മറ്റു സഹായങ്ങള്‍ ചെയ്യുന്നതിനും സമിതി ശ്രദ്ധ ചെലുത്തുന്നു. ജനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യോടുള്ള കരുതല്‍ ജീവനക്കാര്‍ യാത്രക്കാര്‍ക്കും നല്‍കുന്നുണ്ടിപ്പോള്‍. കേളകത്തെയും സമീപ പ്രദേശങ്ങളിലെയും 12 കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സമിതിയില്‍ അംഗങ്ങളാണ്. 

ഒന്‍പതംഗങ്ങളായിരുന്നു  സമിതിയുടെ സ്ഥാപകഭരണസമിതിയിലുണ്ടായിരുന്നത്. അഡ്വ. ഇ.ജി. റോയിയായിരുന്നു പ്രസിഡന്റ്. പി.ജെ. ജോസഫ് സെക്രട്ടറി. കെ.ടി. വര്‍ഗീസ്, എം.കെ. അബ്ദുള്‍ അസീസ്, പ്രദീപ്കുമാര്‍, വി.ഡി.ജോര്‍ജ്, ഇ.ജെ. സജീവന്‍, സുനില്‍ പി. ഉണ്ണി, കെ.സി.രവീന്ദ്രന്‍ എന്നിവരായിരുന്നു സമിതിയുടെ സ്ഥാപക ഭരണസമിതി അംഗങ്ങള്‍. ഇ.ജി. റോയി തന്നെയാണ് ഇപ്പോഴത്തെ പ്രസിഡന്റ്. സെക്രട്ടറി ബിന്റോ സി. കറുകയില്‍. 

ksrtc

മാസം 3000 രൂപയിലേറെ സമിതിക്ക് ചെലവു വരുന്നുണ്ട്. എന്നാല്‍ ഇതിനുവേണ്ടി പിരിവുകളൊന്നും നടത്തുന്നില്ല. അംഗങ്ങള്‍ തന്നെയാണ് എല്ലാ ചെലവുകളും വഹിക്കുന്നത്.
എന്തുകൊണ്ട് കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഒരു സംരക്ഷണസമിതി എന്ന ചോദ്യം സമിതി അംഗങ്ങളില്‍ പലരോടും ചോദിച്ചു. 'ഇവിടുള്ളവര്‍ ഭൂരിപക്ഷം ആവശ്യങ്ങള്‍ക്കും വയനാടിനെ ആശ്രയിക്കുന്നവരാണ്. മാനന്തവാടിയിലെത്താന്‍ ഏക ആശ്രയം കെ.എസ്.ആര്‍.ടി. സി.യാണ്. ഒരു ബസ് മുടങ്ങിയാല്‍ത്തന്നെ യാത്ര ദുരിതത്തിലാവുന്നതാണ് അവസ്ഥ.  

നഷ്ടത്തില്‍ ഇത് പൂട്ടേണ്ടിവന്നാല്‍ സ്വകാര്യബസ്സുകള്‍ നിരത്തുകള്‍ കീഴടക്കുന്ന കാഴ്ച കാണേണ്ടിവരും. നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തിലെത്താന്‍ കെ.എസ്.ആര്‍.ടി.സി. നല്ലൊരു മാര്‍ഗമാണ്. പല റൂട്ടുകളിലും ലാഭം നോക്കാതെ ജനങ്ങളുടെ യാത്രാദുരിതങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണ്.'

ഓരോരുത്തര്‍ക്കും വ്യത്യസ്ത ഉത്തരങ്ങള്‍. എന്നാല്‍ എല്ലാ മറുപടികളുടെയും ഒടുക്കം ഇങ്ങനെയാണ്: 'കെ.എസ്.ആര്‍.ടി.സി. എന്നും നിലനില്‍ക്കണം. അതിന്റെ ഓട്ടം ഒരുനാളും നിലച്ചുകൂടാ...'കെ.എസ്.ആര്‍.ടി.സി. സംരക്ഷണ സമിതി കേളകം എന്ന ചെറുപട്ടണത്തിലെ വലിയ മാതൃകയാണ്. ഇതുപോലെ എല്ലാ നാടുകളിലും ആനവണ്ടിക്കു വേണ്ടി ജനം ഒന്നിച്ചാല്‍ അതൊരാനക്കാര്യം തന്നെയാവും, ഉറപ്പ്.

Content Highlights: KSRTC Protection Committee, Kelakam