കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈസ്പീഡിലാകുമെന്ന് പ്രതീക്ഷ. കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിനായി 100 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. 

സി.എന്‍.ജി.യിലേക്ക് മാറ്റുന്നതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ നാലുമാസം മുമ്പ് നടന്നിരുന്നു. ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുമ്പോള്‍ സി.എന്‍.ജി. നല്‍കുന്നതിന് സംവിധാനമൊരുക്കാനുള്ള നടപടികളാണ് കെ.എസ്.ആര്‍.ടി.സി-ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തത്.

ഡിപ്പോയുള്ള സ്ഥലങ്ങള്‍ക്ക് മുന്‍ഗണന

കെ.എസ്.ആര്‍.ടി.സി.ക്ക് ഡിപ്പോയും വര്‍ക്ഷോപ്പും ഉള്ള സ്ഥലങ്ങളില്‍ സി.എന്‍.ജി. ഫില്ലിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. കെ.എസ്.ആര്‍.ടി.സി.ക്ക് സ്വന്തമായി സ്ഥലം ഉണ്ടെങ്കില്‍ അവിടെയും സി.എന്‍.ജി. സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യവും ചര്‍ച്ചചെയ്തതായി ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് എ.ജി.എം. അജയ് പിള്ള പറഞ്ഞു. പിന്നീട് തിരഞ്ഞെടുപ്പ് വന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായില്ല.

നിരത്തിലുള്ളത് 26 സ്വകാര്യ സി.എന്‍.ജി. ബസുകള്‍

നിലവില്‍ അദാനി ഗ്യാസ് അഞ്ച് ജില്ലകളില്‍ സി.എന്‍.ജി. ഫില്ലിങ് സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ട്. എറണാകുളത്ത് പത്തും പാലക്കാട്ടും തൃശ്ശൂരുമായി പത്തും മലപ്പുറത്തും കോഴിക്കോട്ടും രണ്ടു വീതവുമാണ് സ്റ്റേഷനുകള്‍. സംസ്ഥാനത്ത് 26 സ്വകാര്യ സി.എന്‍.ജി. ബസുകളാണ് ഓടുന്നത്. കളമശ്ശേരി കിന്‍ഫ്രയിലുള്ള പമ്പിങ് സ്റ്റേഷനില്‍നിന്ന് പൈപ്പ്ലൈന്‍ വഴിയാണ് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകളിലേക്ക് സി.എന്‍.ജി. എത്തിക്കുന്നത്.

സംഭരണ സ്റ്റേഷന്‍ 10 മാസത്തിനകം

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സി.എന്‍.ജി വിതരണച്ചുമതല എ.ജി. ആന്‍ഡ് പി. പ്രഥമിനാണ്. ഇവരും കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇവര്‍ ആലപ്പുഴ ജില്ലയിലെ അരൂരും എരമല്ലൂരും സി.എന്‍.ജി. ഫില്ലിങ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

പത്തു മാസത്തിനകം ചേര്‍ത്തലയിലും തിരുവനന്തപുരത്തെ കൊച്ചുവേളിയിലും സി.എന്‍.ജി. സംഭരണ സ്റ്റേഷന്‍ പൂര്‍ത്തിയാകുമെന്ന് എ.ജി. ആന്‍ഡ് പി. പ്രഥം കേരള-കര്‍ണാടക ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ചിരദീപ് ദത്ത പറഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിതരണക്കാരെ തീരുമാനിക്കാനുള്ള നടപടിക്രമങ്ങള്‍ പെട്രോളിയം ആന്‍ഡ് നാച്ച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് ആരംഭിച്ചിട്ടേയുള്ളു. അതിനുള്ള താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

Content Highlights: KSRTC Plans To Change 3000 Diesel Engine Buses To CNG