കാടും മലയും കയറിയിറങ്ങുന്ന ആനവണ്ടിക്ക് പാട്ടിന്റെ കൂട്ടൊരുക്കി ജീവനക്കാര്‍. ആനയിറങ്ങുന്ന കാട്ടുപാതകളും ഓണംകേറാമൂലകളും താണ്ടി കിതച്ചെത്തുന്ന മലയാളിയുടെ സ്വന്തം ആനവണ്ടിയെ നായകനാക്കി ഒരു പാട്ട്. 'മലയാള നാടിന്റെ സഞ്ചാരപുണ്യം കേരള ആര്‍.ടി.സി. തന്നെയല്ലോ...' എന്നുതുടങ്ങുന്ന ഗാനം ഫെയ്സ്ബുക്കില്‍ തരംഗമാവുകയാണ്. 

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ പ്രധാന കഥാപാത്രമാക്കി കെ.എസ്.ആര്‍.ടി.സി. ബത്തേരി ഡിപ്പോയിലെ ജീവനക്കാരാണ് വീഡിയോ ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി.യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി.യെ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യസംഗീതമൊരുക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ബത്തേരി ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാരനായ ഷിറിന്‍ ജോസിന്റേതാണ് ആശയം. സഹപ്രവര്‍ത്തകര്‍ കട്ടയ്ക്ക് കൂടെനിന്നതോടെ ആനവണ്ടിയുടെ പ്രയാണം സ്‌ക്രീനില്‍ തെളിഞ്ഞു. 

ഡിപ്പോയിലെ സൂപ്രണ്ട് ടി.ജെ. ഷീബയുടെ നേതൃത്വത്തിലാണ് പാട്ടൊരുക്കിയത്. 2019 നവംബറില്‍ പാട്ട് റെക്കോഡ് ചെയ്തു. പക്ഷേ, കോവിഡും പിന്നാലെ ലോക്ഡൗണും വന്നതോടെ ചിത്രീകരണം മുടങ്ങി. 2021 ജനുവരിയിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതും എഡിറ്റ് ചെയ്തതും.

ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാരനായ സി.കെ. സജീഷാണ് സംവിധാനംചെയ്തത്. ഗാനം ആലപിച്ചത് ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാരനായ ഷിറിന്‍ ജോസാണ്. ജോയി പാലക്കമൂലയുടെ വരികള്‍ക്ക് കേണിച്ചിറ സ്വദേശി സിബി ദേവസ്യ ഈണം നല്‍കി. ക്ലീറ്റസ് വെള്ളമുണ്ടയും ജോസ് പോള്‍ തെനേരിയുമാണ് ക്യാമറ കൈകാര്യംചെയ്തത്. പ്രതില്‍ രാഘവനാണ് മിക്സിങ് നിര്‍വഹിച്ചത്. 

കെ.എസ്.ആര്‍.ടി.സി.യും ജീവനക്കാരും ചെയ്യുന്ന സേവനങ്ങള്‍ തങ്ങളുടെ ഡിപ്പോയുടെ പശ്ചാത്തലത്തില്‍ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്ന ഈ ഗാനം മലയാളികളുടെ ആനവണ്ടിയോടുള്ള പ്രണയത്തിന്റെ നേര്‍ചിത്രമാണ്. കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ പ്രത്യേക അനുമതിയോടെ തയ്യാറാക്കിയ പാട്ടിന് ലോകമെമ്പാടുമുള്ള മലയാളികള്‍ ആശംസയുമായെത്തി.

Content Highlights: KSRTC Employees Make Music Album To Popularize KSRTC Service