'ജനകീയ കെ.എസ്.ആര്‍.ടി.സി. ബസ്' എന്ന പേരില്‍ പ്രസിദ്ധമായ കാസര്‍കോട്-കരിപ്പൂര്‍ വിമാനത്താവളം ബസിന്റെ ഓട്ടം പുനരാരംഭിച്ചില്ല. കാസര്‍കോട് ഡിപ്പോയില്‍ മതിയായ ജീവനക്കാരില്ലാത്തതും ഓട്ടം തുടങ്ങിയാല്‍ ഇടയ്ക്കുവെച്ച് നിര്‍ത്തേണ്ടിവരുമോ എന്ന ആശങ്കയുമാണ് വീണ്ടും ഓടുന്നതിന് തടസ്സം. ജനുവരി ഒന്നുമുതല്‍ ബസോട്ടം പുനരാരംഭിക്കാന്‍ യൂണിയന്‍തലത്തില്‍ ശ്രമങ്ങളുണ്ടായെങ്കിലും അത് ഫലം കണ്ടില്ല. 

കാഞ്ഞങ്ങാട്ടുനിന്ന് ബസ് സര്‍വീസ് ആരംഭിക്കാനുള്ള ചില നീക്കങ്ങളുമുണ്ടായി. കോഴിക്കോട് സോണല്‍ ഓഫീസുമായി ബന്ധപ്പെട്ട് ബസ് ഓടിക്കാനുള്ള നീക്കത്തിലാണ് ചില യൂണിയനുകള്‍. ചില ബസുകള്‍ ശബരിമല സര്‍വീസിനായി മാറ്റിയതിനാല്‍ ശബരിമല സീസണിനുശേഷം ഓട്ടം തുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വരുന്ന മാര്‍ച്ചിലേക്ക് ബസ് ഓട്ടം നിര്‍ത്തിയിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാകുകയാണ്.

അന്തസ്സംസ്ഥാന സര്‍വീസുകള്‍ തുടങ്ങിയെങ്കിലും..

കോവിഡിനെത്തുടര്‍ന്ന് ഓട്ടം നിര്‍ത്തിയ ബെംഗളൂരു, ഊട്ടി, മധുര ഉള്‍പ്പെടെയുള്ള മുഴുവന്‍ അന്തസ്സംസ്ഥാന സര്‍വീസുകളും പുനരാരംഭിച്ചെങ്കിലും കാസര്‍കോട്-കരിപ്പൂര്‍ ബസ് മാത്രമാണ് ഓട്ടം തുടങ്ങാത്തത്. കണ്ണൂര്‍-തലശ്ശേരി ഭാഗത്തേക്കുള്ള ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഊട്ടി ബസ് കഴിഞ്ഞാല്‍ ആകെയുള്ള ആശ്രയം ഈ ബസായിരുന്നു. കാസര്‍കോട്ടുനിന്ന് രാത്രി യാത്ര പുറപ്പെട്ട് പുലര്‍ച്ചെ മൂന്നിന് മുന്‍പായി വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് 'കരിപ്പൂര്‍ ഫ്‌ലൈറ്റ്' എന്ന് വിളിപ്പേരുള്ള ബസിന്റെ സമയക്രമീകരണം. 

കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് അര്‍ധരാത്രി 12.10-നാണ് ബസ് പുറപ്പെടുന്നത്. കോവിഡ് അടച്ചിടലിനെത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് ബസ് സര്‍വീസ് നിര്‍ത്തിയത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് ഒട്ടുമിക്ക ബസുകളും സര്‍വീസ് പുനരാരംഭിച്ചുവെങ്കിലും ഈ ബസിന്റെ യാത്രമാത്രം തുടങ്ങിയില്ല. ഈ ബസിനെ മാത്രം ആശ്രയിച്ച് രാത്രികാല ജോലി ചെയ്തിരുന്നവരാണ് ഇതോടെ വെട്ടിലായത്.

KSRTC Bus
കെ.എസ്.ആര്‍.ടി.സി. കാസര്‍കോട്-കരിപ്പൂര്‍ വിമാനത്താവളം ബസ് (ഫയല്‍ ഫോട്ടോ)

ബസില്ല; ഗ്രൂപ്പ് സജീവം

ബസിലെ സ്ഥിരം യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് തുടങ്ങിയ 'കെ.എസ്.ആര്‍.ടി.സി. കരിപ്പൂര്‍ ഫ്‌ലൈറ്റ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്. ബസ് യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് ഇതില്‍ തുടരുന്നത്. വ്യാപാരികള്‍, വിവിധ സ്ഥാപനങ്ങളില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍, ഹോട്ടല്‍ ജോലിക്കാര്‍ തുടങ്ങി നിരവധി പേരുടെ ആശ്രയമായിരുന്നു ഈ ബസ്. 

ചുരുങ്ങിയ ചെലവില്‍ വിമാനത്താവളത്തിലെത്തുന്ന പ്രവാസികള്‍ക്കും യാത്രാസൗകര്യമില്ലാത്തതിനാല്‍ ഡിപ്പോയില്‍ത്തന്നെ കഴിച്ചുകൂട്ടേണ്ടിവരുന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും ഇത് തുണയായിരുന്നു. 15 വര്‍ഷം മുന്‍പ് തുടങ്ങിയ സര്‍വീസ് ലാഭകരമായിരുന്നുവെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

യാത്രക്കാരുടെ സൗകര്യാര്‍ഥം എല്ലായിടത്തും നിര്‍ത്തും, ജീവനക്കാര്‍ യാത്രക്കാരോട് പുലര്‍ത്തുന്ന സൗഹൃദാന്തരീക്ഷം എന്നിവയാണ് ബസിന് ജനകീയമുഖം നല്‍കിയത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ ബസിന്റെ പ്രാധാന്യത്തിന് മങ്ങലേറ്റെങ്കിലും രാത്രി വൈകി ദീര്‍ഘദൂര ബസുകള്‍ തീരെയില്ലാത്തതിനാല്‍ കോഴിക്കോടുവരെയെങ്കിലും സര്‍വീസ് തുടരണമെന്നാണ് ആവശ്യം.

Content Highlights: KSRTC bus service from kasaragod to kozhikode airport, KSRTC Super Fast