'മലയാളികളുടെ ഔദ്യോഗിക വാഹനം ഏത്' എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു... അത് 'ഓട്ടോറിക്ഷ' എന്നാണ്. ഏതാണ്ട് 60 വര്‍ഷത്തിലേറെയുള്ള കട്ട കമ്പനിയാണ് ഓട്ടോയും മലയാളിയും തമ്മിലുള്ളത്. ബസിനെ ആശ്രയിക്കുന്നവരോളം തന്നെ വരും നാട്ടിന്‍പുറങ്ങളിലും നഗരത്തിലും ഓട്ടോയില്‍ സവാരി നടത്തുന്നവരും. അതുകൊണ്ട്, സാധരണക്കാരന്റെ എന്ത് യാത്രാ ആവശ്യങ്ങള്‍ക്കും പാഞ്ഞെത്തുന്ന ബെന്‍സാണ് ഓട്ടോറിക്ഷകള്‍.

കാലഘട്ടത്തിനനുസരിച്ച് ഓട്ടോയിലും മാറ്റങ്ങള്‍ വന്നുകൊണ്ടേയിരുന്നു. ഫ്രണ്ട് എന്‍ജിന്‍ ഓട്ടോയില്‍ നിന്ന് ബാക്ക് എന്‍ജിലേക്ക് മാറിയതോടെ തുടങ്ങി ഓട്ടോയുടെ ന്യൂജെന്‍ ലുക്ക്. ഇടവഴികളില്‍ ഹോണ്‍ അടിക്കുക പോലും ചെയ്യാതെ നല്ല കട്ടക്കലിപ്പ് ശബ്ദത്തില്‍ റോഡിലൂടെ ചീറിപ്പാഞ്ഞ ഓട്ടോകള്‍, ബായ്ക്ക് എന്‍ജിന്‍ ആയതോടെ കുറച്ച് സൈലന്റ് ആയി. അതിന് പുറമെ, ചാടിയുള്ള പോക്കിന് ചെറിയൊരു കുറവും വന്നു.

പിന്നീട് വന്ന മാറ്റമാണ് പെട്രോളില്‍ നിന്ന് ഡീസലിലേക്കുള്ള കുതിപ്പ്. ഇടിത്തീയെന്നോണം ഓട്ടോയെ പിന്തുടര്‍ന്ന് ഡീസലിനും വിലയേറി. എല്‍.പി.ജി.യും സി.എന്‍.ജി.യും വൈദ്യുതിയും ഒക്കെ ഓട്ടോയുടെ ഇന്ധനം ആയി കൂടെ കൂടിക്കൊണ്ടേയിരുന്നു.

നമ്പര്‍ വണ്‍ കൊച്ചി

ഇന്ത്യയില്‍ ഓട്ടോറിക്ഷ കൂടുതല്‍ ഉപയോഗിക്കുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം നേടി കൊച്ചി. 20 പ്രധാന നഗരങ്ങളിലെ 43,000 പേര്‍ പങ്കെടുത്ത യാത്രാസൗഹാര്‍ദ സര്‍വേയിലൂടെയാണ് കൊച്ചി ഒന്നാമതെത്തിയത്. കൊച്ചിയെക്കാള്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവയെ പിന്നാലാക്കിയാണ് നമ്മുടെ കൊച്ചി ഓട്ടോ നമ്പര്‍ വണ്‍ ആയിരിക്കുന്നത്. 32 ശതമാനത്തോളം പേര്‍ ഓട്ടോ ഉപയോഗിക്കുന്ന നഗരമായിരിക്കുകയാണ് നമ്മുടെ സ്വന്തം കൊച്ചി. നഗരങ്ങളിലെ ഗതാഗത സൗകര്യങ്ങളുടെ ലഭ്യതയും പൊതുഗതാഗതത്തിലെ സുരക്ഷിതത്വവും നഗരത്തിന്റെ ഭൂമിശാസ്ത്രവും അടിസ്ഥാന വികസനവും ഉള്‍പ്പെടെ അമ്പതിലേറെ മാനദണ്ഡങ്ങളിന്മേലായിരുന്നു സര്‍വേ നടന്നത്.

ഡീസല്‍ വില പിടിച്ചാല്‍ കിട്ടുന്നില്ല

ഇന്ധന വിലക്കയറ്റം കാരണം കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനവും പമ്പില്‍ നല്‍കേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്ന് കൊച്ചി നഗരത്തിലെ ഓട്ടോ ഡ്രൈവറായ മോനി മാത്യു പറയുന്നു. 'മുപ്പതും നാല്‍പ്പതും പൈസ നിരക്കില്‍ ആഴ്ചകള്‍ തോറും വര്‍ധനയുണ്ടാകുമ്പോള്‍ നമ്മള്‍ അങ്ങനെ ശ്രദ്ധിക്കാറില്ല, പക്ഷേ, മാസമാകുമ്പോഴാണ് ഈ വിലക്കയറ്റം നമ്മളറിയുന്നത്. അപ്പോള്‍ മൂന്നും നാലും രൂപയൊക്കെ കൂടിക്കാണുമല്ലോ. ഇതിന്റെ കൂടെയാണ് ഓയില്‍, ഗ്രീസ്, പാര്‍ട്സ് എന്നിവയ്ക്കുമൊക്കെ വിലകൂടിയത്. എല്ലാം കൂടിയാകുമ്പോള്‍ നമ്മുടെ കൈയിലെ പൈസ തീരാറാവും. വീട്ടിലേക്കുള്ള ആവശ്യങ്ങള്‍ക്കു വേണ്ടി പിന്നെ കീശയില്‍ നിന്ന് പൈസയെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാവും ചിലമാസങ്ങളില്‍' എന്ന് മോനി മാത്യു പറഞ്ഞുനിര്‍ത്തുന്നു.

പ്രതികരിക്കാന്‍ ഞങ്ങളില്ലേ...

എല്ലാ കാര്യത്തിനും പ്രതികരിക്കാന്‍ ഇവിടെ ഇഷ്ടംപോലെ ആളുകളുണ്ട്. എന്നാല്‍ ഓട്ടോക്കാരുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് ആരും ഒരക്ഷരം പോലും തങ്ങള്‍ക്ക് അനുകൂലമായി പറയാനില്ലെന്ന് കലൂരിലെ ഓട്ടോ ഡ്രൈവറായ വിനു പറയുന്നു.

'ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് വേണ്ടിയാണ് നമ്മള്‍ പ്രീമിയം എടുക്കുന്നത്. എന്നാല്‍, ഇന്‍ഷുറന്‍സ് പ്രീമിയവും കൂട്ടുകയാണല്ലോ. ആഡംബര വാഹനങ്ങള്‍ക്ക് പ്രീമിയം തുക കൂട്ടിയാല്‍ അവരുടെ കൈയില്‍ കൊടുക്കാന്‍ കാശുണ്ട്, അതുപോലെയല്ലല്ലോ നമ്മള്‍. ഇങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്കുണ്ട്. അതൊക്കെ പരിഹരിക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല. അതുകൊണ്ടുതന്നെ ഒന്നിനോടും പ്രതികരിക്കാന്‍ ഞങ്ങളില്ലേ...'

വിനു പറഞ്ഞുതീരുന്നതിനു മുന്‍പേ തന്നെയെത്തി സ്റ്റാന്‍ഡിലെ മുതിര്‍ന്നയംഗമായ കൃഷ്ണകുമാറിന്റെ ലേശം പരിഭവത്തോടെയുള്ള ശബ്ദം: 'ഇപ്പോള്‍ ഓട്ടവും വളരെ കുറവാണ്, നമ്മളുടെ വീട്ടിലേക്ക് ഉള്ളതൊന്നും കിട്ടാത്ത അവസ്ഥയാണ്. ഇന്ധനമടിക്കാന്‍ പമ്പിലും അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ഷോപ്പിലും നല്‍കുന്ന തുക കിഴിച്ചാല്‍ പോക്കറ്റിലിടാന്‍ ബാക്കിയൊന്നുമുണ്ടാകില്ല. പിന്നില്‍ നിന്ന് ഓടി മുന്നിലെത്തുമ്പോള്‍ ആദ്യത്തെ ഓട്ടംവിളിയെത്തും. കലൂരില്‍ നിന്ന് 10 മിനിറ്റ് ദൂരത്തേക്ക് ആയിരിക്കും. സിഗ്‌നലും കഴിഞ്ഞ് മിനിമം ചാര്‍ജില്‍ അവിടെത്തി തിരിച്ചുവരുമ്പോള്‍ പിന്നെയും സ്റ്റാന്‍ഡിന്റെ മുന്നിലേക്ക് എത്താനുള്ള ചാന്‍സിനായി കാത്തിരിക്കേണ്ടി വരും. 10 വര്‍ഷമായി ഓട്ടോയുടെ മീറ്റര്‍ ചാര്‍ജില്‍ നിരക്കുവര്‍ധന ഉണ്ടായിട്ട്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് മാറിവരുന്ന സര്‍ക്കാരുകളെ സമീപിക്കാറുണ്ട്, ഇത്തവണയെങ്കിലും നിരക്ക് വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.'

Auto
സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോസ്റ്റാന്‍ഡ്

മെട്രോയും ഓണ്‍ലൈന്‍ ടാക്‌സിയും പാരയാണേ...

മെട്രോ വന്നതോടെ കിട്ടിക്കൊണ്ടിരുന്ന ദൂരയോട്ടങ്ങള്‍ക്ക് ഭയങ്കര കുറവ് വന്നിട്ടുണ്ടെന്നാണ് സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ഡ്രൈവേഴ്സിന്റെ ഭാഗം.

'നേരത്തെ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ ഇടപ്പള്ളിക്കും കളമശ്ശേരിക്കും ആലുവയ്ക്കും ഒക്കെ ഓട്ടം വിളിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ നേരെ മെട്രോ സ്റ്റേഷനിലേക്ക് നടക്കും. കുറച്ചുപേര്‍ നമ്മളെ വിളിച്ച് മഹാരാജാസ് മെട്രോ സ്റ്റേഷന്‍ വരെ പോകും. ഇതു കൂടാതെ, ഓണ്‍ലൈന്‍ ടാക്‌സികളെ ഓട്ടം വിളിക്കുന്നവരും കുറവല്ല' എന്ന് നോര്‍ത്ത്-സൗത്ത് പ്രീ-പെയ്ഡ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. ദൂരഓട്ടം കിട്ടാത്തതിനാല്‍ത്തന്നെ ദിവസ വരുമാനവും കുറവാണ്.

നമ്മടെ സ്വന്തം 'ഓട്ടര്‍ഷാ'

'പഠിക്കുന്ന കാലത്തും ജോലിക്കു പോയി തുടങ്ങിയപ്പോഴും എല്ലാം ഓട്ടോയിലാണ് യാത്രകള്‍ അധികവും. അതുകൊണ്ടുതന്നെ നമ്മുടെ സ്വന്തമാണ് ഈ ഓട്ടോറിക്ഷയും ഓട്ടോക്കാരും' എന്ന് എളമക്കര സ്വദേശിയായ അലീന അന്ന.

'പഠിച്ചതും വളര്‍ന്നതുമൊക്കെ പത്തനംതിട്ടയിലായിരുന്നു അവിടെ സ്ഥിരമായി വിളിക്കുന്ന ഓട്ടോച്ചേട്ടന്മാരുണ്ടായിരുന്നു. ഒരുതവണ നമ്മളെ വീട്ടിലാക്കിയാല്‍ പിന്നെ ആ വഴിയും നമ്മുടെ മുഖവും മറക്കാത്ത ചിലര്‍. കൊച്ചിയിലെത്തിയപ്പോള്‍ അങ്ങനെയുള്ള ഓട്ടോക്കാരെ അധികം കാണാറില്ല. അതിനുകാരണം ഇവിടെ ഒരു സ്റ്റാന്‍ഡില്‍ത്തന്നെ നൂറിലധികം ഓട്ടോക്കാരുണ്ട്. ദിവസേന നൂറിലധികം പേര്‍ ഓട്ടോയില്‍ മാറി കേറുന്നുമുണ്ട്. പിന്നെയെങ്ങനെ നമ്മുടെ മുഖം ഓര്‍ക്കാനാ... പക്ഷേ, എത്ര വലിയ ട്രാഫിക് ബ്ലോക്ക് ആണേലും ഏതേലുമൊക്കെ ഇടവഴി കയറി കൃത്യസമയത്ത് നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതില്‍ കൊച്ചിയിലെ ചേട്ടന്മാരെ കഴിഞ്ഞേ വേറെ ഓട്ടോക്കാരുള്ളൂ' എന്നാണ് അന്നുവിന് പറയാനുള്ളത്.

കലൂരിലെ ഓട്ടോക്കൂട്ടം

നന്മയുടെ പാതയിലൂടെയാണ് കലൂരിലെ ഓട്ടോ ഡ്രൈവര്‍മാരുടെ യാത്രകള്‍ അധികവും. കലൂര്‍ സ്റ്റാന്‍ഡിലെ 40 ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് മൂന്നുവര്‍ഷം മുന്‍പ് തുടങ്ങിയ സംരഭമാണ് 'ഓട്ടോക്കൂട്ടം'. കലൂരില്‍ ബസ് ഇറങ്ങി ആശുപത്രികളിലേക്ക് ഡയാലിസിസ് ചെയ്യാനെത്തുന്ന നിര്‍ധന രോഗികള്‍ക്കൊരു സഹായം എന്ന രീതിയിലാണ് ആദ്യം 'ഓട്ടോക്കൂട്ടം' ഓടിത്തുടങ്ങിയത്. ഡയാലിസിസ് ചെയ്യാനെത്തുന്നവര്‍ക്ക് സൗജന്യയാത്ര ഒരുക്കിയാണ് ഓട്ടോക്കൂട്ടം തങ്ങളുടെ യാത്ര ആരംഭിച്ചത്. പിന്നീട് തങ്ങളുടെ വരുമാനത്തില്‍ നിന്നൊരു പങ്ക് പാവപ്പെട്ട രോഗികള്‍ക്കായി നീക്കിവയ്ക്കാനും തുടങ്ങി. ഇതിനായി എല്ലാ ഓട്ടോയിലും പ്രത്യേകം പെട്ടി വച്ചിട്ടുണ്ട്, യാത്രക്കാരേയും തങ്ങളുടെ നന്മയുടെ യാത്രയില്‍ പങ്കാളികളാക്കുകയാണ് ഇതിലൂടെ ഓട്ടോക്കൂട്ടം ലക്ഷ്യമിടുന്നത്.

മൂന്നുവര്‍ഷത്തിനിടെ നാലായിരത്തോളം വൃക്കരോഗികള്‍ക്ക് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് സൗജന്യയാത്ര ഒരുക്കിയിട്ടുണ്ടെന്ന് ഓട്ടോക്കൂട്ടം പ്രതിനിധി സത്യന്‍ പറഞ്ഞു. കൂടാതെ മൂന്നുപേര്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തുകയും സമാഹരിച്ച് നല്‍കി. രണ്ടുമാസം കൂടുമ്പോള്‍ 1500 രൂപവീതം ഡയാലിസിസ് രോഗികള്‍ക്ക് നല്‍കാറുണ്ടെന്നും സത്യന്‍ പറഞ്ഞു.