ഹാഫിസും ഹിജാസും യു.എ.ഇ.യിൽ | ഫോട്ടോ: മാതൃഭൂമി
റോഡുമാര്‍ഗം 11 മാസംകൊണ്ട് 50 രാജ്യങ്ങളിലൂടെ നടത്തുന്ന യാത്രയുടെ ഭാഗമായി രണ്ട് മലയാളി യുവാക്കള്‍ യു.എ.ഇയിലെത്തി. മഹീന്ദ്ര ഥാറിലാണ് യുവാക്കള്‍ യാത്ര ചെയ്യുന്നത്. യാത്രയുടെ പുതിയ ലോകം താണ്ടി മൂവാറ്റുപുഴ പുതുപ്പാടി പറക്കാകുടി വീട്ടില്‍ മുഹമ്മദ് ഹാഫിസും (19) കോതമംഗലം മുളവൂര്‍ കൊട്ടാക്കുടി വീട്ടില്‍ ഹിജാസ് ഇക്ബാലുമാണ് (22) യു.എ.ഇ.യിലെത്തിയിരിക്കുന്നത്. കേരളത്തില്‍നിന്ന് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യവുമായാണ് ഇരുവരും യു.എ.ഇ.യിലെത്തിയത്. ഇതിനുമുന്‍പ് കേരളത്തില്‍നിന്ന് കശ്മീരിലേക്കും മുഹമ്മദ് ഹാഫിസ് ഇതേ വാഹനത്തില്‍ യാത്ര ചെയ്തിരുന്നു.
ഇലക്ട്രോണിക്സ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഹാഫിസും ഡിഗ്രി പൂര്‍ത്തിയാക്കിയ ഹിജാസും ചേര്‍ന്ന് പ്ലാസ്റ്റിക് ഫാക്ടറിയും അനുബന്ധ കടയും നടത്തുകയാണ്. അതിനിടയിലാണ് വേറിട്ട സഞ്ചാരത്തിലൂടെ ലോകരാജ്യങ്ങള്‍ ചുറ്റാന്‍ ആഗ്രഹമായത്. ഡീന്‍ കുര്യാക്കോസ് എം.പി. ഫ്ലാഗ്ഓഫ് ചെയ്ത വാഹനം കഴിഞ്ഞമാസം 26 - നാണ് കൊച്ചിയില്‍നിന്ന് യു.എ.ഇ.യിലേക്കയച്ചത്. ഡിസംബര്‍ ഏഴുമുതല്‍ യു.എ.ഇ.യിലെ റോഡുകളിലൂടെ കേരള രജിസ്ട്രേഷനുള്ള വാഹനം (കെ.എല്‍.17 ഡബ്ള്യു 2866) ഓടാന്‍ തുടങ്ങി. കണ്ടുനിന്ന മലയാളികള്‍ക്ക് പുതുമ തോന്നി വാഹനത്തോടൊപ്പം സെല്‍ഫി എടുക്കുന്നുമുണ്ട്.
യാത്രയില്‍ യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ചിത്രവും വാഹനത്തില്‍ യുവാക്കള്‍ പതിപ്പിച്ചിട്ടുണ്ട്. ഷാര്‍ജ ഇന്ത്യ അസോസിയേഷന് അങ്കണത്തിലടക്കമെത്തിയ മുഹമ്മദ് ഹാഫിസിനും ഹിജാസ് ഇഖ്ബാലിനും പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കോവിഡ് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് അതത് രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് യാത്ര പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. യു.എ.ഇ.യില്‍ ഇരുവരും റെസിഡന്റ്സ് വിസ നേടാനുള്ള ശ്രമത്തിലാണ്. മറ്റു രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഉപയോഗപ്പെടുത്തിയായിരിക്കും സഞ്ചരിക്കുക.
ഈ മാസം 27-ന് യു.എ.ഇ.യില്‍ നിന്നും ഒമാനിലേക്ക് പോകും, അവിടെനിന്നും സൗദി, ജോര്‍ദാന്‍, ഇസ്രയേല്‍, ഈജിപ്ത്, സുഡാന്, എത്യോപ്യ, സൊമാലിയ, കെനിയ, മൊറാക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രചയ്യും. ആദ്യം യെമെനില്‍ പോകാന്‍ പദ്ധതിയിട്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ആ രാജ്യം സന്ദര്‍ശിക്കാനിടയില്ല. പിന്നീട് ഇറാന്, ഇറാഖ്, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിങ്ങനെ യാത്ര പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഹാഫിസിന്റെയും ഹിജാസിന്റെയും പിതാക്കന്മാര് ഷാര്‍ജയില്‍ വര്‍ഷങ്ങളോളം ട്രക്ക് ഡ്രൈവര്‍മാരായിരുന്നു.
10 വര്‍ഷം മുമ്പ് അവര്‍ പ്രവാസം മതിയാക്കി തിരിച്ചുപോയി. അതാണ് യാത്ര തുടങ്ങാന്‍ ഇരുവരും യു.എ.ഇതന്നെ തിരഞ്ഞെടുത്തത്. നാട്ടില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയയുടന്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് വാഹനം വാങ്ങുകയായിരുന്നു. ഹാഫിസിന്റെ ഉടമസ്ഥതയിലാണ് വാഹനം. അങ്ങിനെയാണ് ഈ ചരിത്ര യാത്ര ആരംഭിച്ചത്. യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ എന്നിവടങ്ങളിലെല്ലാം സുഹൃത്തുക്കളുടെ സഹായത്തില്‍ താമസ സൗകര്യം കണ്ടത്താനുമാണ് ശ്രമം. ഓരോ രാജ്യത്തും 10 ദിവസമെങ്കിലും ചെലവഴിക്കും. 2022 ഒക്ടോബറില്‍ യാത്ര പൂര്‍ത്തിയാകും.
Content Highlights: KL Registration Thar In UAE, World Tour By Two Youngsters, Muvattupuzha Registration Thar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..