കൈയിലുള്ള ചെറു സമ്പാദ്യം ഉപയോഗിച്ച് വിശേഷ ദിവസങ്ങളില്‍ അച്ഛന് അപ്രതീക്ഷിത സമ്മാനം നല്‍കുന്ന കുട്ടികളുടെ കഥ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ 13 വയസ്സുള്ള ചേച്ചിയും എട്ട്  വയസ്സുകാരന്‍ അനിയനും കൂടി 62000 രൂപയുടെ സ്‌കൂട്ടര്‍ അച്ഛന് സമ്മാനമായി നല്‍കിയാല്‍ എങ്ങനെയിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷം പോക്കറ്റ് മണിയായി ലഭിച്ച പണം അത്രയും 10 രൂപ നാണയത്തുട്ടുകളാക്കി മാറ്റിയാണ് ഇവരുടെ സമ്പാദ്യം. ഈ പണം മുഴുവന്‍ വലിയ ബാഗിലാക്കി അച്ഛന് ദീപാവലി സര്‍പ്രൈസ് സമ്മാനമായി ഒരു ആക്ടീവ സ്‌കൂട്ടര്‍ വാങ്ങിക്കാന്‍ രാജസ്ഥാനിലെ ഉദയംപൂര്‍ ഹോണ്ട ഷോറൂമിലേക്കാണ് കുട്ടികളെത്തിയത്.  

എട്ടുവയസുകാരന്‍ യാഷിയും പതിമൂന്നുകാരി രൂപാലും വീട്ടുകാരെ അറിയിക്കാതെ ഒരു അടുത്ത ബന്ധുവിനെയും കൂട്ടിയാണ് ഷോറൂമിലെത്തിയത്. എന്നാല്‍ കൊച്ചുകുട്ടികളുടെ തമാശയാണെന്ന് കരുതി ആദ്യം ഷോറൂം അധികൃതര്‍ ഇവരുടെ ആവശ്യം നിരസിച്ചെങ്കിലും കാര്യങ്ങള്‍ ഇരുവരും വിശദീകരിച്ചപ്പോള്‍ ജോലിക്കാര്‍ ഒന്നാകെ കുട്ടികളെ സ്വീകരിച്ചിരുത്തി. നാലഞ്ചു പേർ വട്ടംകൂടി ഇരുന്ന് രണ്ടര മണിക്കൂര്‍ സമയം എടുത്താണ് 10 രൂപ നാണയത്തുട്ടുകള്‍ എണ്ണിത്തീര്‍ത്തത്. അതിനുശേഷം കൂട്ടികളുടെ ഇഷ്ടാനുസരണം ആക്ടീവ കൈമാറുകയും ചെയ്തു. ഒടുവില്‍ ബന്ധുവിനൊപ്പം ആക്ടീവ സ്‌കൂട്ടുമായി വീട്ടിലെത്തി തങ്ങളുടെ സ്‌നേഹ സമ്മാനം കുട്ടികള്‍ സര്‍പ്രൈസായി അച്ഛന് സമ്മാനിച്ചു.

കഴിഞ്ഞ 17 വര്‍ഷമായി വില്‍പനയില്‍ യാതൊരു ഇടിവും സംഭവിക്കാതെ മുന്‍നിരയിലുള്ള സ്‌കൂട്ടറാണ് ആക്ടീവ. 125 സിസി, 110 സിസി എന്‍ജിന്‍ കരുത്തുകളിലായി മൂന്നു വകഭേദങ്ങളില്‍ ആക്ടീവ വിപണിയിലുണ്ട്. 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ടോപ് സ്‌പെക്ക് ആക്ടീവ 125. ആക്ടീവ i, ആക്ടീവ 4G എന്നിവ യഥാക്രമം 8 ബിഎച്ച്പി പവറും 9 എന്‍എം ടോര്‍ക്കും നല്‍കും. വര്‍ഷങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സ്‌കൂട്ടറും ആക്ടീവയാണ്. ഒന്നരക്കോടിയിലേറെ ആക്ടീവ യൂണിറ്റുകള്‍ ഇതുവരെ ഹോണ്ട വിറ്റഴിച്ചിട്ടുണ്ട്.