താണ് 'കിയ സെല്‍ടോസ്'. നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലെ അനന്തപുരിലുള്ള പ്ലാന്റില്‍നിന്ന് ആദ്യ സെല്‍ടോസ് പുറത്തിറങ്ങി. ബെംഗളൂരു-ഹൈദരാബാദ് ഹൈവേയുടെ ഓരത്ത് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് പരന്നുകിടക്കുന്ന പ്ലാന്റില്‍ വമ്പന്‍ ആഘോഷത്തോടെയായിരുന്നു സെല്‍ടോസിന്റെ വരവ്. പ്ലാന്റിലെ യാര്‍ഡില്‍ ആയിരക്കണക്കിന് സെല്‍ടോസുകള്‍ നിരന്നുകിടന്നു. പല വര്‍ണത്തിലുള്ളവ. ഇനി ഇവ പതുക്കെ സംസ്ഥാനങ്ങളിലെ ഡീലര്‍മാരിലേക്കെത്തും. അവിടെ നിന്ന് ബുക്ക് ചെയ്ത 30,000 പേരിലേക്കും.

20 ലക്ഷം കിലോമീറ്റര്‍ വിവിധ കാലാവസ്ഥകളിലും റോഡുകളിലും പരീക്ഷണ ഓട്ടം നടത്തി വിജയിച്ച ശേഷമാണ് ആദ്യ കാറിന്റെ പുറത്തിറക്കല്‍ നടന്നത്. ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ഷിന്‍ ബുങ് കിയും കിയ മോട്ടോര്‍ ഇന്ത്യ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ കൂഖിയുങ് ഷിങ്ങും ചേര്‍ന്നായിരുന്നു വാഹനം പുറത്തിറക്കിയത്.

2018-ലെ ഓട്ടോ എക്‌സ്പോയിലായിരുന്നു കിയയുടെ ഇന്ത്യന്‍ പ്രവേശനം. അതില്‍ ആദ്യമായി അവതരിപ്പിച്ച എസ്.പി. ത്രീ എന്ന് പേരിട്ട സാങ്കല്പിക വാഹനമാണ് സെല്‍ടോസായി രൂപാന്തരപ്പെട്ടത്. ഇന്ത്യയില്‍ എസ്.യു.വി.കളിലേക്ക് ജനശ്രദ്ധ നീങ്ങുമ്പോള്‍ നിലവിലുള്ള വാഹനങ്ങള്‍ക്ക് ശരിക്കും ഭീഷണി സൃഷ്ടിക്കാനുതകുന്നതാണ് സെല്‍ടോസ്. പ്രീമിയം കാഴ്ച തന്നെയാണ് പ്രധാനം. 

Kia Seltos

ഉള്ളിലെ സൗകര്യങ്ങളോടൊപ്പം ഇന്ത്യയിലെ മൂന്നാമത്തെ ഇന്റര്‍നെറ്റ് കണക്ടഡ് കാറായി മാറുകയാണ് സെല്‍ടോസ്. കിയയുടെ പ്രത്യേകത എന്നവകാശപ്പെടുന്ന ടൈഗര്‍ നോസ് ഗ്രില്‍ വാഹനത്തിന്റെ മുഖം നിറയെ പരന്നുകിടക്കുകയാണ്. അതിനുചുറ്റും ക്രോം ആവരണവുമുണ്ട്. മുന്‍വശത്ത് ഇത് കൂടുതലാണ്. അതിനാല്‍ കാഴ്ചയില്‍ ഓരോ ഭാഗവും കൂടുതല്‍ എടുത്തുകാട്ടുന്നു. 

ഹെഡ് ലാമ്പുകള്‍ക്ക് വലിപ്പം കുറയുന്ന പുതിയ ട്രെന്‍ഡ് കിയയും ആവര്‍ത്തിച്ചിട്ടുണ്ട്. ചെറിയ ഡി.ആര്‍.എല്ലും ഹെഡ് ലാമ്പുകളും ക്രോമില്‍ പൊതിഞ്ഞതാണ്. മുന്നിലെ എയര്‍ വെന്റുകളും ഉള്ളിലേക്ക് കയറി നില്‍ക്കുന്ന ഫോഗ് ലാമ്പുകളുമൊക്കെ ഇന്ത്യയില്‍ പുതുമയാണ്. വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍ മറ്റ് പല എസ്.യു.വി.കളെയും ചിലപ്പോള്‍ ഓര്‍മ വന്നേക്കാം. സി.പില്ലറിലേക്ക് കയറിവരുന്ന ക്രോം ലൈനിങ് വശത്തുണ്ട്. പതിനേഴിഞ്ച് വീലുകളും ക്രോമില്‍ പൊതിഞ്ഞ ഡോര്‍ ഹാന്‍ഡിലുകളും സുന്ദരമാണ്. 

ഷാര്‍പ്പ് ബോഡി ലൈനുകള്‍ക്കു പകരം ഒഴുകിപ്പോകുന്ന രീതിയിലാണ് പരീക്ഷണം. കരുത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാവങ്ങള്‍ ഒരുപോലെ കാണിക്കുന്നുണ്ട് സെല്‍ടോസ്. പിന്നിലും ക്രോമിന്റെ കുറവ് കാണിച്ചിട്ടില്ല. ഇരട്ടക്കുഴലുകളും സ്‌കിഡ് പ്ലേറ്റുകളുമെല്ലാം ചേര്‍ന്ന് പിന്നഴക് കൂട്ടിയിട്ടുണ്ട്. ടെക് ലൈന്‍, ജി.ടി. ലൈന്‍ എന്നീ മോഡലുകളിലായിരിക്കും സെല്‍ടോസിന്റെ വരവ്.

Kia Seltos

സഹോദര സ്ഥാപനമായ ഹ്യുണ്ടായിയുടെ വെന്യുവില്‍ കൊണ്ടുവന്ന ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ സെല്‍ടോസിലുമുണ്ട്. വെന്യുവില്‍ ബ്ലൂലിങ്ക് ആണെങ്കില്‍ സെല്‍ടോസില്‍ അത് യുവോ ആണ്. ഫോണുപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്യുക, എ.സി. ഓണാക്കുക തുടങ്ങിയ പ്രാഥമികാവശ്യങ്ങള്‍ ഇതുകൊണ്ട് കഴിയും.

ഉള്ളിലെ ഏറ്റവും വലിയ പ്രത്യേകത വിശാലമായ ടച്ച് സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റ് ആണ്. പത്തര ഇഞ്ചാണിതിന്റെ വലിപ്പം. അതായത്, സെന്റര്‍ കണ്‍സോളും കഴിഞ്ഞ് ഡാഷില്‍ പരന്നുനില്‍ക്കുകയാണ്. സിനിമാസ്‌കോപ് സ്‌ക്രീന്‍ പോലെയുണ്ട് സംഭവം. നാവിഗേഷന്‍, വിനോദം എന്നിവയെല്ലാം ഇതില്‍ത്തന്നെ ഒരുക്കിയിട്ടുണ്ട്.

ഈ സെഗ്മെന്റിലെ വാഹനങ്ങളില്‍ കാണാത്ത എട്ടിഞ്ചിന്റെ ഹെഡ് അപ്പ് ഡിസ്പ്ലേയും സെല്‍ടോസില്‍ നല്‍കിയിരിക്കുന്നു. ഡ്രൈവര്‍ക്ക് വിവരങ്ങളറിയാന്‍ കണ്ണുതിരിക്കേണ്ടി വരില്ല.

Kia Seltos

360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് പവര്‍ സീറ്റുകള്‍, സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍ എന്നിവയും ഇതിലുണ്ട്. ബോസിന്റെ എട്ട് സ്പീക്കറുകളില്‍ നിന്നുള്ള ശബ്ദം തിയേറ്ററിലിരിക്കുന്നതുപോലെയാണ് തോന്നിക്കുക. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, എ.ബി.എസ്., എച്ച്.എ.സി., വി.എസ്.എം., എ.ബി.എസ്., ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക്, ടയര്‍പ്രഷര്‍ മോണിറ്റര്‍ എന്നിവയും നല്‍കിയിട്ടുണ്ട്.

ബി.എസ്. സിക്‌സ് അനുശാസിക്കുന്ന മൂന്ന് എന്‍ജിന്‍ വേരിയന്റുകളിലാണ് സെല്‍ടോസ് വരുന്നത്. 1.5 പെട്രോള്‍, 1.5 ഡീസല്‍, 1.4 ടര്‍ബോ പെട്രോള്‍ എന്നിവയാണിവ. ഇതില്‍ പെട്രോളിലെ 1.4 ടര്‍ബോ എന്‍ജിന്‍, സെഗ്മെന്റിലെ ആദ്യത്തേതാണ്.

7 ഡി.സി.ടി., ഐ.വി.ടി., സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ആറ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനിലുമാണ് വരുന്നത്. ജൂലായ് 22-നാണ് സെല്‍ടോസ് ഔദ്യോഗികമായി പുറത്തിറങ്ങിയതും ബുക്കിങ് ആരംഭിച്ചതും. ഓണ്‍ലൈനില്‍ ബുക്കിങ് തുടങ്ങി മൂന്നാഴ്ചയ്ക്കുള്ളില്‍ 23,311 ബുക്കിങ്ങാണ് ലഭിച്ചത്.

ഓഗസ്റ്റ് 22 മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് വാഹനം ലഭിച്ചു തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വില സംബന്ധിച്ച പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. പതിനൊന്ന് ലക്ഷം മുതല്‍ ഇരുപത് ലക്ഷത്തിനുള്ളിലാണ് വില പ്രതീക്ഷിക്കുന്നത്.

Content highlights: Kia India's First Model Seltos Compact SUV Ready To Launch.